അഞ്ചാം മാസം അടിപൊട്ടി; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് അടൂര്‍ പ്രകാശ്, ഒന്നും അറിയുന്നില്ല, പറയുന്നില്ല
സര്‍ക്കാര്‍ രൂപീകരിച്ച് നാല് മാസം പിന്നിടുന്ന വേളയില്‍ യുഡിഎഫില്‍ പൊട്ടിത്തെറി. യുഡിഎഫ് ചെയര്‍മാനായ മുഖ്യമന്ത്രി വിഡി സതീശനെതിരെ കണ്‍വീനര്‍ അടൂര്‍ പ്രകാശ് രംഗത്ത്. സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ ഒന്നും അറിയുന്നില്ലെന്നും മാധ്യമങ്ങളില്‍ വരുമ്പോഴാണ് അറിയുന്നതെന്നും അടൂര്‍ പ്രകാശ് വെളിപ്പെടുത്തി. കാബിനറ്റ് പദവിയോടെയുള്ള പുതിയ നിയമനങ്ങള്‍ സംബന്ധിച്ച് സൂചിപ്പിച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
തദ്ദേശ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏകോപനമുണ്ടായില്ലെന്ന് പറഞ്ഞ അടൂര്‍ പ്രകാശ്, വൈദ്യുതി തടസം സംബന്ധിച്ച കാര്യങ്ങളിലും അതൃപ്തി പരസ്യമാക്കി. എല്ലാ കാര്യങ്ങളും ഹൈക്കമാന്റിനെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ നിയമനങ്ങളില്‍ അതൃപ്തിയുണ്ടെന്ന് കെസി വേണുഗോപാലും സൂചിപ്പിച്ചു. പാര്‍ട്ടി വേദികളില്‍ എല്ലാം പറയുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വിഡി സതീശന്റെ പ്രവര്‍ത്തന രീതിയിലുള്ള അതൃപ്തി പരസ്യമാക്കിയിരിക്കുകയാണ് അടൂര്‍ പ്രകാശ്. മുന്നണി അറിയാതെ ഘടകകക്ഷികള്‍ക്ക് കാബിനറ്റ് പദവി നല്‍കിയ പശ്ചാത്തലമാണ് അദ്ദേഹം സൂചിപ്പിച്ചത്. മുസ്ലിം ലീഗ് നേതാവ് എംകെ മുനീറിനെ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനായും ഫോര്‍വേഡ് ബ്ലോക്ക് അധ്യക്ഷന്‍ ജി ദേവരാജനെ ഡല്‍ഹിയിലെ പ്രതിനിധിയായി നിയമിച്ചതും കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ യോഗത്തിന്റെ തീരുമാന പ്രകാരമായിരുന്നു.
യുഡിഎഫ് യോഗം വിളിക്കുന്നതിന് ചെയര്‍മാനായ മുഖ്യമന്ത്രിയാണ് മുന്‍കൈ എടുക്കേണ്ടത് എന്ന് അടൂര്‍ പ്രകാശ് പറയുന്നു. വൈദ്യുതി പ്രതിസന്ധി ജനങ്ങളില്‍ അതൃപ്തിയുണ്ടാക്കി എന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്താണ് അടൂര്‍ പ്രകാശ് ഇക്കാര്യങ്ങളെല്ലാം പറഞ്ഞത്. എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ല എന്ന ഭാവിയിലെ ചോദ്യം ഒഴിവാക്കാനാണ് എല്ലാം പരസ്യമാക്കുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുഡിഎഫില്‍ തര്‍ക്കം രൂക്ഷമാണ് എന്നാണ് മുന്നണി കണ്‍വീനര്‍തന്നെ മുഖ്യമന്ത്രിക്കെതിരെ പരസ്യമായി പറഞ്ഞതില്‍ നിന്ന് മനസിലാകുന്നത്. പലരും വിവിധ കാര്യങ്ങളില്‍ പ്രതികരണം ചോദിക്കുമ്പോള്‍ മറുപടി പറയാന്‍ സാധിക്കാത്തത് വിഷമമുണ്ടാക്കുന്നു എന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. യുഡിഎഫ് ചെയര്‍മാന്‍ മുഖ്യമന്ത്രിയാണ്. അദ്ദേഹമാണ് യോഗം വിളിക്കേണ്ടത്. യോഗം വിളിക്കുന്ന കാര്യം ചെവില്‍ ഓതിക്കൊടുക്കേണ്ടതല്ലല്ലോ എന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
മുഖ്യമന്ത്രിക്ക് തിരക്കുണ്ടാകാം. എങ്കിലും മാധ്യമങ്ങളിലൂടെ കണ്‍വീനര്‍ വിവരങ്ങള്‍ അറിയട്ടെ എന്ന രീതി ശരിയല്ല. വിമാന യാത്രയുമായി ബന്ധപ്പെട്ട വിവാദത്തില്‍ കാര്യങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടിയിരുന്നു. മുന്നണിയില്‍ ചര്‍ച്ചകള്‍ നടക്കാത്തതു കൊണ്ടാണ് അതിന് സാധിക്കാത്തത് എന്നും അടൂര്‍ പ്രകാശ് പറയുന്നു. തന്നെ ചുമതലപ്പെടുത്തിയത് എഐസിസിയാണ്. അതുകൊണ്ടുതന്നെ അതൃപ്തി ഹൈക്കമാന്റിനെ അറിയിക്കുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
മുഖ്യമന്ത്രിക്ക് തിരക്കുണ്ടാകാം. എങ്കിലും മാധ്യമങ്ങളിലൂടെ കണ്‍വീനര്‍ വിവരങ്ങള്‍ അറിയട്ടെ എന്ന രീതി ശരിയല്ല. വിമാന യാത്രയുമായി ബന്ധപ്പെട്ട വിവാദത്തില്‍ കാര്യങ്ങള്‍ മുഖ്യമന്ത്രി ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടിയിരുന്നു. തന്നെ ചുമതലപ്പെടുത്തിയത് എഐസിസിയാണ്. അതുകൊണ്ടുതന്നെ അതൃപ്തി ഹൈക്കമാന്റിനെ അറിയിക്കുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
ഒരു കാര്യങ്ങളും യുഡിഎഫില്‍ ചര്‍ച്ച ചെയ്യുന്നില്ല. എല്ലാം അറിയുന്നത് മാധ്യമങ്ങളിലൂടെയാണ്. എല്‍ഡിഎഫ് കാലത്തെ ബോര്‍ഡ് തന്നെയാണ് പല വകുപ്പിലുമുള്ളത്. യുഡിഎഫ് അംഗങ്ങള്‍ ബോര്‍ഡില്‍ അവകാശവാദം ഉന്നയിക്കുന്നത് തെറ്റായി കാണുന്നില്ല. യുഡിഎഫില്‍ എന്തൊക്കെ നടക്കുന്നു എന്ന് ചോദിച്ചാല്‍ മറുപടി പറയാന്‍ സാധിക്കാത്തത് ദുഃഖകരമാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.


Click it and Unblock the Notifications
