പാലായില്‍ യുഡിഎഫ് വീണു; കോണ്‍ഗ്രസ് അംഗങ്ങള്‍ അവിശ്വാസത്തെ പിന്തുണച്ചു, യുവ ചെയര്‍മാന്‍ തെറിച്ചു
കോട്ടയം: പാലാ നഗരസഭയില്‍ ദിയ ബിനു അധ്യക്ഷയായ യുഡിഎഫ് ഭരണ സമിതി വീണു. എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. കോണ്‍ഗ്രസ് അംഗങ്ങള്‍ കൂടി പിന്തുണ നല്‍കിയതോടെയാണ് അവിശ്വാസം വേഗത്തില്‍ പാസായത്. 14 അംഗങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ പ്രമേയം പാസാകുമായിരുന്നു. എന്നാല്‍ 17 അംഗങ്ങള്‍ പിന്തുണച്ചു. വിപ്പ് ലംഘിച്ചാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തത്.
അധികാരമേറ്റ് ആറ് മാസം പിന്നിടുമ്പോഴാണ് പാലാ ഭരണസമിതി വീഴുന്നത്. പ്രായം കുറഞ്ഞ ചെയര്‍പേഴ്‌സണ്‍ ആയിരുന്നു ദിയ ബിനു പുളിക്കക്കണ്ടം. ഇവരുടെ കുടുംബത്തില്‍ നിന്ന് മൂന്ന് പേര്‍ ജയിച്ചിരുന്നു. കുടുംബം യുഡിഎഫിനൊപ്പം നിന്നതോടെയാണ് തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ അനിശ്ചതത്വം നീങ്ങിയത്. എന്നാല്‍ അസ്വാരസ്യം ശക്തമായിരുന്നു. ഇതിന്റെ ഫലം കൂടിയാണ് ഇപ്പോള്‍ ഭരണം നഷ്ടമാക്കിയത്.

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ എന്ന ഖ്യാതിയുള്ള വ്യക്തിയായിരുന്നു ദിയ. അവരുടെ ഭരണസമിതിക്കെതിരെ ഇടത് അംഗങ്ങളാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. 12 അംഗങ്ങളുള്ള ഇടതുപക്ഷത്തിന് അവിശ്വാസ പ്രമേയം പാസാക്കാന്‍ സാധിക്കുമായിരുന്നില്ല. കോണ്‍ഗ്രസ് അംഗങ്ങള്‍ കൂടി പിന്തുണച്ചതോടെയാണ് പ്രമേയം പാസായത്.
26 അംഗ ഭരണ സമിതിയാണ് പാലാ നഗരസഭയിലേത്. 14 യുഡിഎഫ്, 12 എല്‍ഡിഎഫ് എന്നതാണ് അംഗബലം. യുഡിഎഫില്‍ കോണ്‍ഗ്രസിന് ആറ്, ജോസഫ് ഗ്രൂപ്പിന് 3, പുളിക്കകണ്ടം കുടുംബത്തിന് 3, ഒരു സ്വതന്ത്ര, ഒരു കെഡിപി അംഗം എന്നിവരാണുള്ളത്. ഇതില്‍ നാല് കോണ്‍ഗ്രസ് അംഗങ്ങളും ഒരു സ്വതന്ത്രയും പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ചു.
പ്രമേയത്തെ പിന്തുണയ്ക്കരുത് എന്ന് യുഡിഎഫ് നേതൃത്വം വിപ്പ് നല്‍കിയിരുന്നു. ചിലര്‍ക്ക് നേരിട്ട് കൈമാറി. എന്നാല്‍ മറ്റു ചിലര്‍ക്ക് നല്‍കാന്‍ സാധിച്ചില്ല എന്നാണ് വിവരം. ഇവര്‍ക്ക് വീട്ടിലെത്തിച്ചു. എന്നാല്‍ വിപ്പ് തങ്ങള്‍ക്ക് കിട്ടിയില്ലെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത കോണ്‍ഗ്രസ് അംഗങ്ങള്‍ പറയുന്നു. ഇവര്‍ക്കെതിരെ കോണ്‍ഗ്രസ് നേതൃത്വം നടപടി എടുക്കുമോ എന്നാണ് ഇനി അറിയേണ്ടത്.
ഭരണം തുടങ്ങിയത് മുതല്‍ വിവാദവും യുഡിഎഫില്‍ ആരംഭിച്ചിരുന്നു. ഫയല്‍ കാണാതായി, മര്‍ദ്ദനം തുടങ്ങിയ സംഭവങ്ങളില്‍ പോലീസ് കേസിലേക്ക് എത്തിയ സംഭവവുമുണ്ടായി. പ്രതിപക്ഷ-ഭരണപക്ഷ പോര് വേറെ. യുഡിഎഫില്‍ പാളയത്തില്‍ പടയും. എല്ലാംകൂടി ചേര്‍ന്നപ്പോഴാണ് ദിയ പുളിക്കകണ്ടം പുറത്തായത്. യുഡിഎഫിനൊപ്പം നില്‍ക്കുമെന്നാണ് ബിനു പുളിക്കണ്ടം പ്രതികരിച്ചിരിക്കുന്നത്. പുതിയ ഭരണ സമിതിക്ക് മതിയായ പിന്തുണയോടെ അധികാരത്തില്‍ എത്താന്‍ കഴിയുമോ എന്നതാണ് അടുത്ത കടമ്പ.


Click it and Unblock the Notifications