ബാറുകള്‍ വീണ്ടും തുറക്കുമോ...? മദ്യനയത്തില്‍ മാറ്റം വേണമെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍...
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ മദ്യനയത്തില്‍ മാറ്റം വരുത്താന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ആലോചിക്കുന്നു. യുഡിഎഫിന്റെ മദ്യനയം മൂലം സംസ്ഥാനത്ത് മദ്യ ഉപഭോഗത്തില്‍ കുറവ് വന്നിട്ടില്ല. ലഹരി ഉപയോഗം കൂടുകയാണുണ്ടായത്. അതുകൊണ്ട് തന്നെ മദ്യനയത്തില്‍ കാര്യമായ മാറ്റം ഉണ്ടാകണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ഗവര്‍ണറുടെ നയപ്രഖ്യാപനത്തിലും ഇത് വ്യക്തമാക്കുന്നു.
ജനാഭിപ്രായം തേടി പുതിയ മദ്യനയം തയ്യാറാക്കുമെന്നാണ് ഗവര്‍ണറുടെ നയപ്രഖ്യാപനത്തില്‍ പറയുന്നത്. മദ്യ ഉപഭോഗത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഫലം കണ്ടില്ല. കേരളത്തിലെ ലഹരിമരുന്നു ഉപയോഗത്തിലുണ്ടായ വര്‍ദ്ധനവ് ആശങ്കപ്പെടുത്തുന്നതുമാണെന്ന് നയപ്രഖ്യാപനത്തില്‍ പറയുന്നു.

യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം വികലമാണെന്നായിരുന്നു ആദ്യം മുതല്‍ക്കേ സിപിഎം നിലപാട്. കോണ്‍ഗ്രസിലെ മൂപ്പിളമതര്‍ക്കത്തിന്റെ ഫലമായി തട്ടിക്കൂട്ടിയ മദ്യനയംകൊണ്ട് സംസ്ഥാനത്തിന് എന്ത് നേട്ടമാണുണ്ടായതെന്നാണ് എല്‍ഡിഎഫിന്റെ ചോദ്യം. എന്തായാലും മദ്യനയത്തില്‍ മാറ്റമുണ്ടാകണമെന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാടാണ് നയപ്രഖ്യാപനത്തിലൂടെ പുറത്തു വരുന്നത്.
മദ്യനിരോധനമല്ല മദ്യവര്‍ജ്ജനമാണ് ലക്ഷ്യമെന്ന് എല്‍ഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പേ പറഞ്ഞിരുന്നു. ഇതിനനുസരിച്ചുള്ള മാറ്റങ്ങളായിരിക്കും മദ്യനയത്തിലുണ്ടാവുക. ബാറുകള്‍ വീണ്ടും തുറക്കുമോ എന്ന ചോദ്യത്തിന് അതിന് സംസ്ഥാനത്ത് എവിടെയാമ് ബാറുകള്‍ പൂട്ടിയതെന്നായിരുന്നു എല്‍ഡിഎഫിന്റെ മറുചോദ്യം. ഇപ്പോഴും അവരുന്നയിക്കുന്നത് ഇതേ ചോദ്യമാണ്.
ബാറുകള്‍ പൂട്ടിയെന്ന് പറഞ്ഞ് കയ്യടി നേടിയ യുഡിഎഫ് സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണ് ചെയ്തത്. ബാറുകളൊക്കെ തുറന്നുതന്നെയാണിരിക്കുന്നത്. വിദേശ മദ്യവില്‍പ്പന നിര്‍ത്തി പകരം ബിയര്‍ വൈന്‍ പാര്‍ലറുകളെന്ന് പേരിട്ടു. യുഡിഎഫ് മദ്യനയം നടപ്പാക്കിയതിന് ശേഷം ചില ബാറുകള്‍ പൂട്ടിയെങ്കിലും വില്‍പ്പനയില്‍ കുറവുണ്ടായില്ല. ബിവറേജസിലൂടെ ബാറുള്ളതിനേക്കാള്‍ കൂടുതല്‍ മദ്യമാണ് വിറ്റഴിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.
എന്തായാലും പുതിയ മദ്യനയത്തിന്റെ ഭാഗമായി പൂട്ടിയ ബാറുകള്‍ തുറക്കുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. ബാറുകള്‍ പൂട്ടുമോ എന്ന ചോദ്യത്തിന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ വ്യക്തമായ മറുപടിയൊന്നും നല്‍കുന്നില്ല. ബിയറും വൈനും ഇപ്പോഴും നല്‍കുന്നുണ്ടല്ലോ എന്നാണ് മറുപടി.
വിദേശ മദ്യം വില്‍ക്കുന്നതിന് ലൈസന്‍സ് നല്‍കുമോ എന്ന് ചോദിച്ചാല്‍ അതിനും കൃത്യമായ മറുപടിയില്ല. മദ്യവര്‍ജ്ജനമാണ് മദ്യ നിരോധനമല്ലെന്ന വാദത്തിന്റെ ചുവട് പിടിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍ പൂട്ടിയ ബാറുകള്‍ക്ക് വിദേശമദ്യ വില്‍പ്പന നടത്തുന്നതിന് ലൈസന്‍സ് നല്‍കുമോ എന്നത് കാത്തിരുന്ന് കാണേണ്ടി വരും.












Click it and Unblock the Notifications