മാനന്തവാടിയിൽ യുഡിഎഫ്, എസ്‌ഡിപിഐ ഹർത്താൽ തുടങ്ങി; കടുവയെ തിരയാൻ ഊർജിത ശ്രമം, കുങ്കിയാനകളെ എത്തിക്കും
വയനാട്: മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ ആരംഭിച്ചു. മാനന്തവാടി നഗരസഭാ പരിധിയില്‍ രാവിലെ ആറ് മുതല്‍ വൈകീട്ട് 6 വരെയാണ് ഹർത്താൽ. അവശ്യസര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിൽ നിരോധനാജ്ഞ തുടരുകയാണ്.
കൊല്ലപ്പെട്ട രാധയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. 11 മണിക്കാണ് ചടങ്ങുകൾ.
അതേസമയം കടുവക്കായി വനംവകുപ്പ് തിരച്ചിൽ ഊർജിതമാക്കി. കൂടുതൽ ആർ ആർ ടി സംഘം ഇന്ന് വനത്തിൽ തിരച്ചിൽ നടത്തും. ഫോറസ്റ്റ് വെറ്റിനറി ഓഫീസർ ഡോക്ടർ അജേഷ് മോഹൻദാസും സംഘവുമാണ് പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നത്. ചീഫ് ഫോറസ്റ്റ് വെറ്റിനറി ഓഫീസർ ഡോക്ടർ അരുൺ സക്കറിയയും രാവിലെ സംഘത്തിൻറെ ഭാഗമാകും. ഡോക്ടർ അരുൺ സഖറിയയുടെ നേതൃത്വത്തിൽ ഉള്ള പ്രത്യേക ദൗത്യ സംഘവും ഇന്ന് തിരച്ചിലിന്റെ ഭാഗമാകും.

തിരച്ചിലിന് കുങ്കി ആനയും
കടുവയെ തിരയുന്നതിന് എല്ലാവിധ സജ്ജീകരണങ്ങളും വനംവകുപ്പ് ഒരുക്കിയിട്ടുണ്ട്. ഇന്ന് തെർമൽ ഡ്രോണുകൾ സ്ഥലത്ത് എത്തിക്കും. കൂടാതെ മുത്തങ്ങയിൽ നിന്നുള്ള കുങ്കിയാനകളേയും തെരച്ചിലിനായി കൊണ്ടുവരും. പ്രദേശത്ത് കടുവക്കായി ഇന്നലെ തന്നെ കൂട് സ്ഥാപിച്ചിരുന്നു. രാധയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപത്തുതന്നെയാണ് കൂട് സ്ഥാപിച്ചിരിക്കുന്നത്.
അതിനിടെ കൊല്ലപ്പെട്ട രാധയുടെ കുടുംബത്തിന് അടിയന്തര ധനസഹായമായ അഞ്ച് ലക്ഷം രൂപ കൈമാറി. 11 ലക്ഷം രൂപയാണ് കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചത്. അടിയന്തര ധനസഹായം എന്ന നിലയിൽ 5 ലക്ഷമാണ് മന്ത്രിയും കളക്ടറും ഉൾപ്പെടെയുള്ള സംഘം വീട്ടിലെത്തി കൈമാറിയത്. വനംവകുപ്പ് താല്‍ക്കാലിക വാച്ചറായ അച്ചപ്പന്റെ ഭാര്യയാണ് മരിച്ച രാധ.
വൊള്ളിയാഴ്ച രാവിലെയായിരുന്നു രാധയെ കടുവ ആക്രമിച്ചത്. കാപ്പി പറിക്കാൻ തോട്ടത്തിലേക്ക് പോയ രാധയുടെ മൃതദേഹം തണ്ടർബോൾട്ട് സംഘമാണ് കണ്ടെത്തിയത്. മൃതദേഹം കടുവ പാതി ഭക്ഷിച്ച നിലയിലായിരുന്നു. 100 മീറ്ററോളം രാധയുടെ മൃതദേഹം വലച്ച് കൊണ്ടു പോയിരുന്നു. അതേസമയം പ്രതിഷേധം ശക്തമായതോടെ കടുവയെ വെടിവെച്ച് കൊലപ്പെടുത്താൻ ഇന്നലെ വൈകീട്ടോടെ തന്നെ സർക്കാർ ഉത്തരവിട്ടിരുന്നു. കൂട് സ്ഥാപിച്ച് കടുവയെ പിടികൂടാനോ അല്ലെങ്കിൽ മയക്കുവെടി വെയ്ക്കാനോ സാധിച്ചില്ലെങ്കിലും വെടിവെച്ച് കൊല്ലാനാണ് തീരുമാനം.












Click it and Unblock the Notifications