യുഡിഎഫ് ഭരണം പിടിക്കും; 85 സീറ്റ് വരെ കിട്ടും, മുഖ്യമന്ത്രി രമേശ് ചെന്നിത്തല- സര്‍വെ ഫലം
കൊച്ചി: നിയമസഭാ തിരഞ്ഞടുപ്പിന്റെ വിധി ദിനത്തിന് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ യുഡിഎഫിന് മേല്‍ക്കൈ എന്ന് സര്‍വ്വെ ഫലം. പോള്‍ ട്രാക്കര്‍ നടത്തിയ സര്‍വ്വെയിലാണ് ഇക്കാര്യം പറയുന്നത്. യുഡിഎഫ് അധികാരം നേടുമെന്നും എല്‍ഡിഎഫിന് കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നും വ്യക്തമാക്കുന്ന സര്‍വ്വെയില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പേര്‍ താല്‍പ്പര്യപ്പെടുന്നത് ആരെ എന്നും വ്യക്തമാക്കുന്നു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ വോട്ട് ശതമാനം 39 വരെയാകും. 55 മുതല്‍ 60 സീറ്റ് വരെ ഇടതുപക്ഷത്തിന് കിട്ടും. അതേസമയം, യുഡിഎഫിന് 76 മുതല്‍ 80 സീറ്റ് വരെ ലഭിക്കും. 44 ശതമാനം വോട്ട് യുഡിഎഫ് നേടിയേക്കും. എന്‍ഡിഎക്ക് 1 മുതല്‍ 3 വരെ സീറ്റുകള്‍ കിട്ടിയേക്കാം. 14 ശതമാനം വരെ വോട്ടുകള്‍ ഇവര്‍ നേടുമെന്നും സര്‍വെയില്‍ പറയുന്നു.

ബിജെപിയും സിപിഎമ്മും തമ്മില്‍ ഡീലുണ്ട് എന്ന പ്രചാരണം ന്യൂനപക്ഷ വിഭാഗത്തിനിടയില്‍ സ്വാധീനിച്ചു എന്നാണ് സര്‍വ്വെയില്‍ പറയുന്നത്. ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫിന് അനുകൂലമായി ഏകീകരിക്കപ്പെടുമെന്നും സര്‍വ്വെ പറയുന്നു. ക്രിസ്ത്യന്‍-മുസ്ലിം വോട്ടുകള്‍ ലഭിക്കുന്നതിലൂടെ 50ല്‍ അധികം സീറ്റുകള്‍ യുഡിഎഫിന് നേടാന്‍ സഹായകമാകുമെന്നുമാണ് സര്‍വ്വെ.
ശബരിമല വിവാദം, ആരോഗ്യ മേഖല, അഴിമതി എന്നിവയാണ് പ്രധാനമായും ജനങ്ങളെ സ്വാധീനിക്കുന്ന വിഷയങ്ങള്‍ എന്ന് സര്‍വെ വ്യക്തമാക്കുന്നു. ഭരണ വിരുദ്ധ വികാരം എല്ലാ വിഭാഗം ജനങ്ങളിലുമുണ്ട് എന്നും സര്‍വ്വെയില്‍ പറയുന്നു.
എന്നാല്‍ സര്‍വ്വെ ഫലം യഥാര്‍ഥ കണക്കാണ് എന്ന് കരുതാന്‍ വയ്യ. 140 മണ്ഡലങ്ങളിലെയും മൊത്തം വോട്ടര്‍മാരുടെ വികാരം ആകില്ല സര്‍വ്വെ ഫലം. സര്‍വ്വെയില്‍ പങ്കെടുക്കുന്ന വ്യക്തികളുടെ അഭിപ്രായം ക്രോഡീകരിച്ചാകും ഫലം തയ്യാറാക്കുക. ഏകദേശ കണക്കുകള്‍ മാത്രമാണിത്. ശരിയാകാനും തെറ്റാനും സാധ്യതയുണ്ട്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് രമേശ് ചെന്നിത്തല
സര്‍വ്വെയുടെ ഭാഗമായ കൂടുതല്‍ പേരും താല്‍പ്പര്യപ്പെടുന്നത് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണം എന്നാണ്. രണ്ടാം സ്ഥാനം പിണറായി വിജയനാണ്. വിഡി സതീശന്‍ മൂന്നാം സ്ഥാനത്തും കെകെ ശൈലജ നാലാം സ്ഥാനത്തും ശശി തരൂര്‍ അഞ്ചാം സ്ഥാനത്തുമാണുള്ളത്. നഗര മേഖലയിലുള്ളവരാണ് ശശി തരൂരിന് പിന്തുണ നല്‍കിയിട്ടുള്ളത്.
രമേശ് ചെന്നിത്തലയെ പിന്തുണച്ചത് 24 ശതമാനം പേരാണ്. പിണറായി വിജയന്‍ മുഖ്യമന്ത്രിയാകണം എന്ന് താല്‍പ്പര്യപ്പെടുന്നത് 22.3 ശതമാനം ആളുകളാണ്. വിഡി സതീശന് 21.6 ശതമാനം പേരുടെ പിന്തുണ ലഭിച്ചു. കെകെ ശൈലജയ്ക്ക് 17.4 ശതമാനം പേരുടെ പിന്തുണയുണ്ട്. അതേസമയം, 14.7 ശതമാനം പേര്‍ ശശി തരൂര്‍ മുഖ്യമന്ത്രിയാകണം എന്ന് അഭിപ്രായപ്പെട്ടു എന്നും സര്‍വ്വെയില്‍ പറയുന്നു.












Click it and Unblock the Notifications