അഞ്ചില്‍ നാലിലും വിജയം കൊയ്ത് യുഡിഎഫ്; നിയമസഭയില്‍ പ്രതിപക്ഷത്തിന് ഒരു അധിക കസേര
നിലമ്പൂർ ഉപതിരഞ്ഞെടുപ്പില്‍ കൂടി വിജയിച്ചതോടെ രണ്ടാം പിണറായി സർക്കാറിന്റെ കാലത്ത് നടന്ന 5 ഉപതിരഞ്ഞെടുപ്പില്‍ നാലിലും വിജയിച്ച് യു ഡി എഫ്. ആദ്യ നാല് ഉപതിരഞ്ഞെടുപ്പുകളില്‍ ഇരു മുന്നണികളും സ്വന്തം മണ്ഡലങ്ങള്‍ നിലനിർത്തുകയായിരുന്നെങ്കില്‍ അവസാന ലാപ്പില്‍ നടന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന്റെ കയ്യില്‍ ഉണ്ടായിരുന്ന മണ്ഡലം പത്ത് വർഷങ്ങള്‍ക്ക് ശേഷം യു ഡി എഫ് പിടിച്ചെടുത്തു. ഇതോടെ നിയമസഭയില്‍ ഭരണ പക്ഷത്തെ അംഗബലം 99 ല്‍ നിന്നും 98 ആയി കുറഞ്ഞപ്പോള്‍ പ്രതിപക്ഷത്തേത് 41 ല്‍ നിന്നും 42 ആയി വർധിക്കുകയും ചെയ്തു.
പുതുപ്പള്ളി, തൃക്കാക്കര, പാലക്കാട്, ചേലക്കര, നിലമ്പൂർ നിയമസഭ മണ്ഡലങ്ങളിലാണ് രണ്ടാം പിണറായി വിജയന്‍ സർക്കാറിന്റെ കാലത്ത് കേരളത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. വയനാട് ലോക്സഭ മണ്ഡലത്തിലേക്കും ഇക്കാലത്തിനിടയില്‍ വീണ്ടും തിരഞ്ഞെടുപ്പ്. ഇതില്‍ വയനാടിന് പുറമെ പുതുപ്പള്ളി, തൃക്കാക്കര, പാലക്കാട്,നിലമ്പൂർ മണ്ഡലങ്ങളില്‍ യു ഡി എഫ് മികച്ച വിജയം നേടിയപ്പോള്‍ ചേലക്കര നിലനിർത്താന്‍ കഴിഞ്ഞത് മാത്രമാണ് എല്‍ ഡി എഫിനെ സംബന്ധിച്ച് ഏക ആശ്വാസം.

തൃക്കാക്കര
കോണ്‍ഗ്രസ് എം എല്‍ എ പിടി തോമസിന്റെ വിയോഗമാണ് തൃക്കാക്കരയില്‍ ഉപതിരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്. പിടി തോമസിന്റെ ഭാര്യ ഉമ തോമസ് (യു ഡി എഫ്), ജോ ജോസഫ് (സി പി ഐ എം), എഎന്‍ രാധാകൃഷ്ണന്‍ ( ബി ജെ പി) എന്നിവരായിരുന്നു സ്ഥാനാർത്ഥികള്‍. ഫലം പുറത്ത് വന്നപ്പോള്‍ യു ഡി എഫ് - 72770, എല്‍ ഡി എഫ് - 47754, ബി ജെ പി - 12957 എന്നിങ്ങനെയായിരുന്നു വോട്ട് നില. 25016 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഉമ തോമസിന് വിജയം.
പുതുപ്പള്ളി
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തെ തുടർന്ന് നടന്ന തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ മകന്‍ ചാണ്ടി ഉമ്മനെയായിരുന്നു യു ഡി എഫ് സ്ഥാനാർത്ഥിയാക്കിയത്. എല്‍ ഡി എഫ് ആകട്ടെ 2021 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ശക്തമായ മത്സരം കാഴ്ച വെച്ച ജയ്ക്ക് സി തോമസിനേയും മത്സരിപ്പിച്ചു. ഒടുവില്‍ ഫലം പുറത്ത് വന്നപ്പോള്‍ 37719 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യു ഡി എഫ്, എല്‍ ഡി എഫിനെ പരാജയപ്പെട്ടുത്തി. ചാണ്ടി ഉമ്മന്‍ - 80144, ജയ്ക്ക് സി തോമസ് 42425, ജി ലിജിന്‍ ലാല്‍ ( ബി ജെ പി) - 6558 എന്നിങ്ങനെയായിരുന്നു വോട്ടിങ് നില.
പാലക്കാട്
എം എല്‍ എയായിരുന്ന ഷാഫി പറമ്പില്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്നും വിജയിച്ചതിനെ തുടർന്നാണ് പാലക്കാട് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്. 5 ഉപതിരഞ്ഞെടുപ്പുകളില്‍ ത്രികോണ മത്സരം നടന്ന ഏക മണ്ഡലവും പാലക്കാടാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ (ആകെ വോട്ട് 58389) 18840 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു കയറിയ മണ്ഡലത്തില്‍ ബി ജെ പി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ 39549 വോട്ടുമായി രണ്ടാമത് എത്തിയപ്പോള്‍ ഇടത് സ്വതന്ത്രനായി മത്സരിച്ച പി സരിന് നേടാനായത് 37156 വോട്ടുകളാണ്.
ചേലക്കര
ചേലക്കരയില്‍ ഉപതിരഞ്ഞെടുപ്പിന് വഴി ഒരുക്കിയത് സിറ്റിങ് എം എല്‍ എയുടെ ലോക്സഭയിലേക്കുള്ള വിജയമാണ്. ഉപതിരഞ്ഞെടുപ്പില്‍ കെ രാധാകൃഷ്ണന് പകരം എല്‍ ഡി എഫ് യുആർ പ്രദീപിനെ രംഗത്ത് ഇറക്കിയപ്പോള്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ രാധാകൃഷ്ണനോട് തോറ്റ രമ്യ ഹരിദാസായിരുന്നു യു ഡി എഫ് സ്ഥാനാർത്ഥി. ബി ജെ പിക്ക് വേണ്ടി കെ ബാലകൃഷ്ണനും മത്സരിച്ചു. ഒടുവില്‍ ഫലം പുറത്ത് വന്നപ്പോള്‍ 12201 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എല്‍ ഡി എഫ് മണ്ഡലം നിലനിർത്തി.
നിലമ്പൂർ
2026 ലെ നിയമസഭ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട് നിലമ്പൂർ ഉപതിരഞ്ഞെടുപ്പില വിജയം നേടാനായത് യു ഡി എഫിന് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്. ഇടത് നേതൃത്വവുമായി തെറ്റിയ പിവി അന്‍വർ രാജിവെച്ചതോടെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ 11077 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ആര്യാടന്‍ ഷൌക്കത്ത് വിജയിച്ചിരിക്കുന്നത്. യു ഡി എഫ് - 77737, എല്‍ ഡി എഫ് - 66660, പിവി അന്‍വർ 19760, ബി ജെ പി 8648 എന്നിങ്ങനെയാണ് വോട്ടുനില












Click it and Unblock the Notifications