യുകെ, കാനഡ, യുഎസ്: വിദേശ പഠനത്തിന് കേരള സർക്കാർ വഴിയൊരുക്കുന്നു, അർഹരായവർക്ക് സ്കോളർഷിപ്പും
തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് സ്റ്റഡി എബ്രോഡ് പ്രോഗ്രാമിന്റെ ഭാഗമായി ഇന്റർനാഷണൽ എഡ്യൂക്കേഷൻ മിനി എക്സ്പോ സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് അഞ്ചിന് തൃശ്ശൂർ കസിനോ ഹോട്ടലിലും ആറിന് എറണാകുളം റെനാ ഇവന്റ് ഹബ്ബിലുമായി നടക്കുന്ന എക്സ്പോയിലൂടെ വിവിധ രാജ്യങ്ങളിലെ ഉപരിപഠന തൊഴിൽ സാധ്യതകളെക്കുറിച്ചും നിലവിലെ സാഹചര്യങ്ങളെക്കുറിച്ചും മനസിലാക്കാനാകും. യു.എസ്.എ, ഓസ്ട്രേലിയ, യു.കെ., കാനഡ എന്നീ നാല് വിദേശരാജ്യങ്ങളിൽ നിന്നുള്ള 10 ൽപ്പരം യൂണിവേഴ്സിറ്റികളുടെ പ്രതിനിധികളുമായി സംവദിക്കാൻ അവസരം ലഭിക്കും.
മികച്ച കോളജുകൾ/യൂണിവേഴ്സിറ്റികൾ എന്നിവിടങ്ങളിലെ അനുയോജ്യ കോഴ്സ് തെരഞ്ഞെടുക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ, അഡ്മിഷനു മുന്നോടിയായുള്ള പരിശീലനം, വിസ പ്രോസസിങ്ങുമായി ബന്ധപ്പെട്ട സേവനങ്ങൾ, വിദേശത്തേക്കു പോകുന്നതിനു മുൻപുളള മാർഗനിർദേശങ്ങൾ, വിദേശഭാഷാ പരിശീലനം തുടങ്ങിവ സേവനങ്ങൾ ലഭിക്കും. അഡ്മിഷന് അർഹരായവർക്ക് സ്കോളർഷിപ്പ് നൽകും. രാവിലെ 9 മുതൽ വൈകിട്ട് അഞ്ചുവരെ നടക്കുന്ന എക്സ്പോയിലേക്ക് www.odepc.net/edu-expo-2023 ലിങ്കിൽ സൗജന്യമായി രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2329440/41/6282631503.

വിദേശ പഠനത്തിന് ഒഡെപെക് സഹായവും വായ്പയുമൊരുക്കുന്നുണ്ട്. ആദ്യഘട്ടമായി അമേരിക്ക, ഇംഗ്ലണ്ട്, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് തുടങ്ങിയ എട്ട് രാജ്യങ്ങളിലെ 37 സർവകലാശാലകളിൽ പഠനത്തിന് അവസരവും പ്രവേശനത്തിന് മാർഗനിർദ്ദേശങ്ങളും ഒഡേപെക് ലഭ്യമാക്കും. 700 സർവകലാശാലകളിലേക്ക് ഉടൻ പദ്ധതി വ്യാപിപ്പിക്കും. ടൈംസ് റാങ്കിംഗിൽ 500 വരെയുള്ള മികച്ച സർവകലശാലകളുമായാകും ധാരണ.
വിദ്യാർത്ഥികൾക്ക് തികച്ചും സൗജന്യമായാണ് ഒഡേപെകിന്റെ സേവനം. തൊഴിൽ റിക്രൂട്‌മെന്റിൽ കേന്ദ്രീകരിച്ചിരുന്ന സർക്കാർ സ്ഥാപനം ഈ വർഷം മുതലാണ് ഉന്നത പഠനത്തിന് തുണയാകുന്ന പദ്ധതി ആവിഷ്‌കരിച്ചത്. 80 ശതമാനത്തിലേറെ മാർക്കുള്ള കുട്ടികൾക്ക് 30 ശതമാനം ഫീസിളവ് നൽകുന്ന സ്ഥാപനങ്ങളെയടക്കം ചേർത്താണ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളതെന്നും ചെയർമാൻ കെപി അനിൽകുമാർ പറഞ്ഞു.
വിദേശത്ത് പഠനത്തിനും തൊഴിലിനും തത്പരരായവർക്ക് http://odepc.kerala.gov.in/എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം. ബിരുദം, പി.ജി തുടങ്ങി അഭിരുചി അനുസരിച്ചുള്ള കോഴ്‌സുകൾക്ക് വ്യത്യസ്ത രാജ്യങ്ങൾ തെരഞ്ഞെടുക്കാം. വൻ ഫീസും കമ്മീഷനും നൽകി സ്വകാര്യ ഏജൻസികളുടെ ചതിക്കുഴിയിൽപ്പെടുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസമാകും ഒഡേപെകിന്റെ ഇടപെടലെന്നും അനില്‍കുമാർ വ്യക്തമാക്കുന്നു.
സൗദി അറേബ്യയില്‍ അവസരം
അതേസമയം, ഒഡെപെക് മുഖേന സൗദി അറേബ്യൻ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലെ ആശുപത്രികളിലേക്ക് ബി.എസ്‌സി നഴ്സുമാരെ (സ്ത്രീ) തെരഞ്ഞെടുക്കുന്നുണ്ട്. നഴ്സിങ്ങിൽ ബി.എസ്‌സി/പോസ്റ്റ് ബി.എസ്‌സി/എം.എസ്‌സിയും കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയവും നിർബന്ധം. പ്രായപരിധി 35 വയസ്. ഓഗസ്റ്റ് ഏഴ് മുതൽ 10 വരെ കൊച്ചിയിൽ അഭിമുഖം നടക്കും.
ശമ്പളം സൗദി അറേബ്യൻ ആരോഗ്യമന്ത്രാലയത്തിന്റെ ശമ്പള നിയമമനുസരിച്ച് ലഭിക്കും. താമസം, വിസ, ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും. താത്പര്യമുള്ളവർ ഫോട്ടോ അടങ്ങിയ ബയോഡാറ്റ, ആധാർകാർഡ്, പാസ്പോർട്ട്, ഡിഗ്രി സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ ഓഗസ്റ്റ് അഞ്ചിനകം [email protected] ലേക്ക് മെയിൽ അയയ്ക്കുക. വിശദവിവരങ്ങൾക്ക്: www.odepc.kerala.gov.in,












Click it and Unblock the Notifications