യുക്രൈന്‍; ഉറക്കമില്ലാതെ കാത്തിരിക്കുന്ന രക്ഷിതാക്കൾക്ക് ആശ്വാസമേകാൻ മുന്നിട്ടിറങ്ങണം: എംകെ മുനീർ
കോഴിക്കോട്: സ്വന്തം മക്കൾ സംഘർഷഭൂമിയിൽ ഭയപ്പാടോടു കൂടി ഓരോ നിമിഷവും തള്ളി നീക്കുമ്പോഴും ഇവിടെ രാവും പകലും ഊണും ഉറക്കവുമില്ലാതെ കാത്തിരിക്കുന്ന രക്ഷിതാക്കൾക്ക് ആശ്വാസമേകാൻ നാം മുന്നിട്ടിറങ്ങണമെന്ന് മുസ്ലിം ലീഗ് നേതാവും കൊടുവള്ളി എം എല്‍ എയുമായ എംകെ മുനീർ. ഉക്രൈനിലെ അവസാന വിദ്യാർത്ഥിയും തിരിച്ചെത്തി മാതൃ സ്നേഹവും പിതൃ വാൽസല്യവും കൊണ്ട് സുരക്ഷിതരാവുന്നതുവരെ നമുക്ക് വിശ്രമിക്കാതിരിക്കാം... ഓരോ രക്ഷിതാവിന്റെയും വേവലാതിയകന്ന് മക്കൾ തങ്ങളുടെ കരങ്ങളിൽ കൂടണയും വരെ ചേർന്ന് നിൽക്കാമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. എം എല്‍ എയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
ഉക്രൈൻ മണ്ണ് സംഘർഷഭരിതമായ നാൾ മുതൽ എന്നിലുള്ളിലെ രക്ഷിതാവ് ആശങ്കാകുലനാണ്. തന്റെ കുട്ടികളെയോർത്തുള്ള രക്ഷിതാക്കളുടെ ആവലാതികൾ മനസ്സിന് ഏറെ വിഷമമുണ്ടക്കുന്നവയാണ്. നാല് ദിവസം മുൻപ് മണ്ഡലത്തിലെ ഒരു രക്ഷിതാവ് വിളിക്കുകയും തന്റെ മക്കളെ നാട്ടിലെത്തിക്കണമെന്ന് പറയുമ്പോൾ അവരുടെ വേദന എത്രത്തോളമുണ്ടെന്ന് ഊഹിക്കാവുന്നതിലും അപ്പുറമായിരുന്നു.

കോൾ കട്ട് ചെയ്തയുടനെ തന്നെ മുഖ്യമന്ത്രിയെയും നോർക്ക പ്രിൻസിപ്പൾ സെക്രട്ടറിയെയും വിളിക്കുകയും കുട്ടികളുടെ വിവരങ്ങൾ കൈമാറുകയും എത്രയും പെട്ടെന്ന് തന്നെ അവരെ ബന്ധപ്പെടാനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. വി എൻ കരസിൻ മെഡിക്കൽ സർവ്വകലാശാലയിലെ വിദ്യാർത്ഥികളായ കുട്ടികളെ ഉക്രൈനിൽ നിന്നും നാട്ടിൽ എത്തിക്കുന്നതിനു തുടക്കം കുറിച്ച പ്രവർത്തനം അഞ്ചാം ദിനമായ ഇന്നും തുടരുകയാണ്. മണ്ഡലത്തിനകത്തും പുറത്തുമുള്ള ഓരോ രക്ഷിതാവിന്റെയും ഫോൺ കാളുകൾക്കും ആശ്വാസമേകാൻ കഴിയാവുന്നത്ര ഏകോപനത്തോടെയും ചിട്ടയോടെയുമുള്ള പ്രവർത്തനമാണ് നടത്തിവരുന്നത്.
ബഹു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് വഴിയും നോർക്ക വഴിയും ബഹു. എം പിമാർ മുഖേനയും കൃത്യമായി ബന്ധപ്പെട്ട് ഓരോരുത്തരെയും നാട്ടിൽ എത്തിക്കുന്നതിനുള്ള തീവ്രശ്രമത്തിലാണ്. സ്വന്തം മക്കൾ സംഘർഷഭൂമിയിൽ ഭയപ്പാടോടു കൂടി ഓരോ നിമിഷവും തള്ളി നീക്കുമ്പോഴും ഇവിടെ രാവും പകലും ഊണും ഉറക്കവുമില്ലാതെ കാത്തിരിക്കുന്ന രക്ഷിതാക്കൾക്ക് ആശ്വാസമേകാൻ നാം മുന്നിട്ടിറങ്ങണം. ഉക്രൈനിലെ അവസാന വിദ്യാർത്ഥിയും തിരിച്ചെത്തി മാതൃ സ്നേഹവും പിതൃ വാൽസല്യവും കൊണ്ട് സുരക്ഷിതരാവുന്നതുവരെ നമുക്ക് വിശ്രമിക്കാതിരിക്കാം. ഓരോ രക്ഷിതാവിന്റെയും വേവലാതിയകന്ന് മക്കൾ തങ്ങളുടെ കരങ്ങളിൽ കൂടണയും വരെ ചേർന്ന് നിൽക്കാം .












Click it and Unblock the Notifications