കലൂര്‍ അപകടം: മൃദംഗവിഷന്‍ എംഡി നിഗോഷ് കുമാര്‍ അറസ്റ്റില്‍
കൊച്ചി: കലൂര്‍ സ്‌റ്റേഡിയത്തിലെ ഗാലറിയില്‍ നിന്ന് വീണ് തൃക്കാക്കര എംഎല്‍എ ഉമാ തോമസിന് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ മൃദംഗ വിഷന്റെ ഉടമ നിഗോഷ് കുമാര്‍ അറസ്റ്റില്‍. കലൂര്‍ സ്റ്റേഡിയത്തില്‍ ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ടുള്ള നൃത്ത പരിപാടിക്കിടെയാണ് ഉമ തോമസ് ഗാലറിയില്‍ നിന്ന് വീണത്. ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററില്‍ കഴിയുകയാണ്.
പരിപാടി നടത്തിപ്പില്‍ വലിയ സംഘാടന പാളിച്ചയുണ്ടായി എന്ന് തുടക്കം മുതലെ വിമര്‍ശനമുണ്ടായിരുന്നു. കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന നൃത്ത പരിപാടിയുടെ സംഘാടകര്‍ മൃദംഗ വിഷന്‍ ആയിരുന്നു. ചട്ടം ലംഘിച്ച് സ്റ്റേഡിയത്തില്‍ അശാസ്ത്രീയമായി വേദി നിര്‍മ്മിച്ച് അപകടമുണ്ടാക്കിയ സംഭവത്തില്‍ നിഗോഷ് കുമാറിനെ കേസെടുത്തിരുന്നു. പിന്നാലെ ഇയാളോട് കീഴടങ്ങണം എന്ന് ഹൈക്കോടതി ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് പാലാരിവട്ടം പൊലീസില്‍ നിഗോഷ് കീഴടങ്ങിയത്. ഏഴ് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഇന്ന് രാത്രിയോടെയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. നിഗോഷിനെ നാളെ കോടതിയില്‍ ഹാജരാക്കും. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പരിപാടിയുടെ വേദി അശാസ്ത്രീയമായി ഉണ്ടാക്കി അപകടം ഉണ്ടാക്കിയതിനാണ് നിലവില്‍ അറസ്റ്റ് ചെയ്തത്.
അതേസമയം സാമ്പത്തിക വഞ്ചനാ കുറ്റത്തില്‍ ഉള്‍പ്പെടെ വിശദമായ പരിശോധനയ്ക്ക് ശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയേക്കും എന്നാണ് വിവരം. ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് നടത്തിയ പരിപാടിയുടെ നടത്തിപ്പിന്റെ മുഖ്യചുമതല നിഗോഷിനായിരുന്നുവെന്ന് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്ത മൃദംഗ വിഷന്‍ സിഇഒ മൊഴി നല്‍കിയിരുന്നു. പരിപാടിക്ക് പണം നല്‍കി വഞ്ചിതരായെന്ന പരാതിയും നിഗോഷിനെതിരെ ഉയര്‍ന്നിട്ടുണ്ട്.
അതിനിടെ നൃത്ത പരിപാടിക്ക് നേതൃത്വം നല്‍കിയ നടി ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് തിരിച്ചുപോയി. ദിവ്യ ഉണ്ണിയെ ചോദ്യം ചെയ്യാന്‍ പൊലീസ് നോട്ടീസ് നല്‍കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് താരം അമേരിക്കയിലേക്ക് മടങ്ങിയത്. ബുധനാഴ്ചയാണ് ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് മടങ്ങിയത്. കുടുംബസമേതം അമേരിക്കയില്‍ താമസിക്കുന്ന നടി ഭരതനാട്യം പരിപാടിക്കായാണ് കൊച്ചിയിലെത്തിയത്.
അതേസമയം അപകടത്തില്‍ പരിക്കേറ്റ തൃക്കാക്കര ഉമ തോമസിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ട് എന്നാണ് വ്യാഴാഴ്ച പുറത്തുവന്ന മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിരിക്കുന്നത്. വെന്റിലേറ്ററില്‍ നിന്ന് മാറ്റാനുള്ള ശ്രമം തുടരുകയാണ് എന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററില്‍ കഴിയുകയാണ് എംഎല്‍എ.












Click it and Unblock the Notifications