കലൂർ അപകടം: നടപടി കടുപ്പിച്ച് പോലീസ്; പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി
കൊച്ചി: കലൂരിലെ നൃത്ത പരിപാടിയിലെ സുരക്ഷാ വീഴ്ചയിൽ കടുത്ത നടപടിയിലേക്ക് പോലീസ്. പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി. മരണം വരെ സംഭവിക്കാവുന്ന തരത്തിലുള്ള കുറ്റകൃത്യം ചെയ്തെന്ന വകുപ്പാണ് കൂട്ടിച്ചേർത്തത്. സംഭവുമായി ബന്ധപ്പെട്ട് സ്റ്റേജ് നിർമ്മിച്ച മുളന്തുരത്തി സ്വദേശി ബെന്നി, മൃദംഗ വിഷൻ സി ഇ ഒ ഷെമീർ അബ്ദുൾ റഹീം, ഓസ്കാർ ഇവന്റ്സ് മാനേജർ കൃഷ്ണ കുമാർ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കലൂർ നൃത്തപരിപാടിയുടെ സംഘാടകരോട് പൊലീസിന് മുമ്പിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. മൃദംഗവിഷന്റെയും ഓസ്കർ ഇവന്റ്സിന്റെയും ചുമതലക്കാർക്കാണ് ഹൈക്കോടതി നിർദ്ദേശം നൽകിയത്
ഉമ തോമസ് എം എൽ എയ്ക്ക് ഉണ്ടായ അപകടത്തെക്കുറിച്ചുള്ള സംയുക്ത പരിശോധന റിപ്പോർട്ട് പുറത്തുവന്നിരുന്നു. കലൂർ സ്റ്റേഡിയത്തിൽ വൻ സുരക്ഷാ വീഴ്ചയുണ്ടായി എന്നാണ് സംയുക്ത പരിശോധന റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. പോലീസും ഫയർ ഫോഴ്സും പൊതുമരാമത്ത് വിഭാഗങ്ങളുമാണ് പരിശോധന റിപ്പോർട്ട തയ്യാറാക്കിയത്.

സ്റ്റേജ് നിർമിച്ചത് അപകടകരമായി തന്നെയാണെന്നും അധികമായി നിർമിച്ച ഭാഗത്തിന് ആവശ്യമായ ഉറപ്പുണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. വി ഐ പി സ്റ്റേജിന് അടുത്തായി ആംബുലൻസ് ഇല്ലാതിരുന്നത് അടിയന്തര വൈദ്യസഹായം ലഭ്യമാക്കാൻ വൈകിയെന്ന് സംയുക്ത പരിശോധനയിൽ പറയുന്നു. പരിശീലനം ലഭിക്കാത്തവരാണ് ഉമ തോമസിനെ ആംബുലൻസിലേക്ക് മാറ്റിയതെന്നും താത്ക്കാലികമായി യാതൊരു സുരക്ഷയും പാലിക്കാതെയാണ് സ്റ്റേജ് ഉണ്ടാക്കിയതെന്നും പരിശോധനയിൽ കണ്ടെത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു.
മൃദംഗ വിഷൻ എന്ന സംഘടനയുടെ നേതൃത്വത്തിൽ 12000 നർത്തകരുടെ ഭരതനാട്യ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് വി ഐ പി ഗാലറിയിൽ നിന്ന് എം എൽ എ താഴേക്ക് വീണത്. ഞായറാഴ്ച ആറരയോടെയാണ് സംഭവം.
വീഴ്ചയ്ക്കിടെ കോൺക്രിറ്റ് പാളിയിൽ തലയിടിത്ച്ചാണ് വീണത് എന്നാണ് റിപ്പോർട്ട്. തലപൊട്ടി രക്തം ഒഴുകി. ഉടൻ തന്നെ ഉമ തോമസിനെ ആശുപത്രിയിലെത്തിച്ചു. സ്റ്റേഡിയത്തിൽ ഗ്രൗണ്ടിനോട് ചേർന്ന് പത്തടിയിലേറെ ഉയരത്തിലുല്ള ആദ്യ നിരയിലാണ് വി ഐ പി ഗാലറി ഒരുക്കിയിരുന്നത്. പരിപാടിക്കെത്തിയ ഉമ തോമസ് താഴത്ത് നിന്ന് നടന്ന് കയറി വി ഐ പി ഗാലറി ഭാഗത്ത് എത്തിയ ഉടനായിരുന്ന അപകടം.
അതേ സമയ, ചികിത്സയിൽ കഴിയുന്ന ഉമ തോമസിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടായി. ഇന്ന് പുലർച്ചെ ഉമ തോമസ് കണ്ണ് തുറന്നതായും കൈ കാലുകൾ അനക്കിയതായും ഡോക്ടർമാർ പറഞ്ഞു.












Click it and Unblock the Notifications