കലൂര്‍ അപകടം: മഞ്ജു വാര്യര്‍ പറഞ്ഞപ്പോഴാണ് ദിവ്യ ഉണ്ണി വിളിച്ചത്: നേരത്തെ വിളിക്കേണ്ടതായിരുന്നു; ഉമ തോമസ്
കൊച്ചി: കലൂര്‍ സ്‌റ്റേഡിയത്തില്‍ നൃത്തപരിപാടിക്കിടെയുണ്ടായ അപകടത്തിന് ശേഷം നടി ദിവ്യ ഉണ്ണി ഉത്തരവാദിത്തം കാട്ടിയില്ലെന്ന ആരോപണവുമായി ഉമ തോമസ് എംഎല്‍എ. അപകടത്തിനു ശേഷം വിളിക്കാന്‍ പോലും ദിവ്യ തയാറായില്ല. ഒരു ഖേദപ്രകടനമെങ്കിലും പ്രതീക്ഷിച്ചു. മഞ്ജു വാര്യരോട് ഇക്കാര്യം പറഞ്ഞ ശേഷമാണ് ദിവ്യ വിളിച്ചത്. മറ്റുള്ളവര്‍ക്ക് മാതൃകയാകേണ്ട ദിവ്യയെപ്പോലുള്ളവര്‍ സാമൂഹിക ഉത്തരവാദിത്വങ്ങള്‍ മറക്കരുതെന്നും ഉമ തോമസ് ഓര്‍മിപ്പിച്ചു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഉമ തോമസിന്റെ ആരോപണം. അപകടമുണ്ടായ ശേഷം ഉമ തോമസ് നല്‍കുന്ന ആദ്യത്തെ അഭിമുഖമാണിത്.
ഡിസംബര്‍ 29 ന് കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന നൃത്തപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ ഉമ തോമസ് എംഎല്‍എ പത്തടിയിലധികം ഉയരമുള്ള വേദിയില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു. തല, ശ്വാസകോശം എന്നിയ്ക്ക് അടക്കം ഗുരുതരമായി പരിക്കേറ്റ എംഎല്‍എയെ വിദഗ്ധ ചികിത്സയിലൂടെയാണ് ജീവിതത്തിലേക്കു തിരിച്ചുകൊണ്ടു വന്നത്. ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ടുള്ള മെഗാ ഭരതനാട്യം പരിപാടിയാണ് ഉമയുടെ അപകടത്തില്‍ കലാശിച്ചത്.

കലൂര്‍ സ്റ്റേഡിയത്തിലെ സ്റ്റേജ് നിര്‍മാണത്തില്‍ ഗുരുതര വീഴ്ചയുണ്ടായെന്നും ഉമ തോമസ് ചൂണ്ടിക്കാട്ടി. കുട്ടികള്‍ മണ്ണപ്പം ഉണ്ടാക്കുന്നത് പോലെയാണ് പരിപാടിക്ക് സ്റ്റേജ് ഉണ്ടാക്കിയതെന്നും ഉമ പറഞ്ഞു.
മന്ത്രി സജി ചെറിയാനെയും ഉമ തോമസ് രൂക്ഷമായി വിമര്‍ശിച്ചു. കലൂര്‍ സ്റ്റേഡിയത്തിലെ മെഗാ നൃത്തപരിപാടിക്കിടെ താന്‍ വീണ് പരുക്കേറ്റ ശേഷവും മന്ത്രി പരിപാടിയില്‍ തുടര്‍ന്നു. അപകടത്തിന് ശേഷമുണ്ടായ സമീപനം സങ്കടമുണ്ടാക്കി. സംസ്‌കാരിക മന്ത്രിക്ക് സംസ്‌കാരം ഇല്ലാതെ പോയോ എന്ന സംശയമുണ്ടാക്കി. അഴയിലിട്ട തുണി താഴെ വീണ ലാഘവത്വത്തോടെയാണ് വീഴ്ചയ്ക്ക് ശേഷം പലരും സ്വന്തം സീറ്റുകളില്‍ പോയിരുന്ന് പരിപാടിയില്‍ പങ്കെടുത്തത്. എന്തു സംഭവിച്ചുവെന്ന് അന്വേഷിക്കാന്‍ പോലും മന്ത്രിയുള്‍പ്പെടെയുള്ളവര്‍ തയാറായില്ലെന്നും ഉമ തോമസ് പറഞ്ഞു.
അപകടത്തില്‍ ജിസിഡിഎക്കും പൊലീസിനും ക്ലീന്‍ ചിറ്റ് നല്‍കിയത് തെറ്റായ നടപടിയാണ്. കുഴപ്പം സംഘാടകരുടെ മാത്രമാക്കാനാണ് ശ്രമം. കരാര്‍ ഉള്‍പ്പെടെ പരിശോധിച്ച് ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കണം. താന്‍ വീണതു കൊണ്ട് അപാകത പുറംലോകം അറിഞ്ഞു. വേദിയിലെത്തിയ വിഐപികള്‍ക്ക് പൂവ് നല്‍കാനെത്തിയ കുട്ടികള്‍ക്കായിരുന്നു അപകടം സംഭവിച്ചതെങ്കിലോ എന്നും ഉമ ചോദിച്ചു.
ഒരു വിഷയത്തെ ചൂണ്ടിക്കാട്ടാനാണ് താന്‍ ആഗ്രഹിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരുടെ സന്ദര്‍ശനത്തെ ബഹുമാനത്തോടെയും സ്‌നേഹത്തോടെയും ഓര്‍ക്കുന്നു. വീണ ഒരാളെ സന്ദര്‍ശിക്കുക എന്നത് നാടിന്റെ നേതാവിന്റെ ഐഡന്റിറ്റിയാണെന്നും ഉമ തോമസ് വ്യക്തമാക്കി. 46 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം ഫെബ്രുവരി 13നാണ് ഉമ തോമസ് വീട്ടിലേക്ക് മടങ്ങിയത്.












Click it and Unblock the Notifications