44 ദിവസത്തെ ആശുപത്രി ജീവിതം; ഉമ തോമസ് എംഎൽഎ നാളെ ആശുപത്രി വിടും
കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ വി ഐ പി ഗ്യാലറിയിൽ നിന്ന് വീണ് പരിക്കേറ്റ ഉമ തോമസ് എം എൽ എ നാളെ ഡിസ്ചാർജ് ചെയ്യും. 44 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് ഉമ തോമസിനെ ഡിസ്ചാർജ് ചെയ്യുന്നത്. ഡിസംബർ 29 നാണ് ഉമാ തോമസ് വീണ് പരിക്കേൽക്കുകയും ആരോഗ്യസ്ഥിതി ഗുതുതരമായി തുടരുകയും ചെയ്തത്.
ഗുരുതരാവസ്ഥയിലാണ് എം എൽ എ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലച്ചോറിന് ഏറ്റ ക്ഷതവും ശ്വാസകോശത്തിന് പുറത്തെ നീർക്കെട്ടുമായിരുന്നു പ്രധാന പ്രശ്നംയ നിലവിൽ ഉമാ തോമസിന്റെ ആരോഗ്യ സ്ഥിതി തൃപ്തികരമാണ്. ഡിസ്ചാർജിന് ശേഷം എറണാകുളം പൈപ്പ് ലൈനിലെ വാടക വീട്ടിലേക്കാണ് ഉമാ തോമസ് പോവുക. സ്വന്തം വീടിന്റെ അറ്റകുറ്റപ്പണി പൂർത്തിയായ ശേഷം വീട്ടിലേക്ക് മാറും. നാളെ വൈകീട്ട് കൊച്ചി റെനെ മെഡിസിറ്റിയിലെ ഡോക്ടർമാർ എംഎൽഎയ്ക്കൊപ്പം മാധ്യമങ്ങളെ കാണും.

അതേ സമയം ആശുപത്രിയിൽ നിന്നുള്ള വിശേഷങ്ങൾ ഉമാ തോമസ് പങ്കുവെയ്ക്കാറുണ്ട്. ഇന്നലെ വയലാർ രവി ആശുപത്രിയിൽ കാണാൻ എത്തിയ വിവരം എം എൽ എ പങ്കുവെച്ചിരുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഉമാ തോമസ് അദ്ദേഹം കാണാനെത്തിയ വിവരം അറിയിച്ചത്.
ഉമാ തോമസ് പങ്കുവെച്ച കുറിപ്പ്:
കലൂരെ അപകടത്തെ തുടർന്ന് എറണാകുളം റിനൈ മെഡിസിറ്റിയിൽ ചികിത്സയിൽ ഇന്ന് 44 ദിവസം പിന്നിടുന്നു..
ഈ ദിവസങ്ങളിൽ അത്രയും ഒരുപാട് പ്രിയപ്പെട്ടവരുടെ സ്നേഹവും, പിന്തുണയും അനുഭവിക്കാൻ കഴിഞ്ഞത് വലിയൊരു ആശ്വാസമായി..
തന്റെ അനാരോഗ്യവും, ശാരീരിക ബുദ്ധിമുട്ടുകളും ഒന്നും വകവയ്ക്കാതെ, ഇന്നലെ അപ്രതീക്ഷിതമായാണ് പ്രിയപ്പെട്ട വയലാർ ജി ആശുപത്രിയിൽ എന്നെ സന്ദർശിക്കാൻ എത്തിച്ചേർന്നത്.., നേരിൽ കണ്ടു, എന്റെ ആരോഗ്യനിലയെ കുറിച്ച് ചോദിച്ചു മനസ്സിലാക്കുകയും ആശ്വാസവാക്കുകൾ പങ്കുവെക്കുകയും ചെയ്തത് ഏറെ സന്തോഷകരമായ അനുഭവമായി..
'God bless u മോളെ' എന്നാണ് നേരിൽ കണ്ടപ്പോൾ ആദ്യം പറഞ്ഞത്.
ആ സ്നേഹോപചാര വാക്കുകൾ എന്നും ഹൃദയത്തിൽ നിറയുന്ന ഒന്നാണ്..
വയലാർ ജിയുടെ ഏറ്റവും ആരുമ ശിഷ്യനായിരുന്നു പി.ടി..
ഞങ്ങൾക്ക് എന്നും ഒരു അച്ഛന്റെ സ്‌നേഹാനുഗ്രഹങ്ങൾ നൽകുന്ന ഒരാളാണ് അദ്ദേഹം.
എനിക്ക് അപകടം ഉണ്ടാകുന്നതിനു ഏതാനും ദിവസങ്ങൾക്കു മുന്നെ അദ്ദേഹത്തെ വസതിയിൽ എത്തി സന്ദർശിച്ചിരുന്നു.
അദ്ദേഹത്തിന്റെ സന്ദർശനം വലിയ മനസ്സാന്ത്വനവും ഊർജ്ജവുമാണ് എനിയ്ക്ക് പകർന്നത്.
അപകടവിവരം അറിഞ്ഞപ്പോൾ തന്നെ അദ്ദേഹം നേരിൽ എത്തണം എന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു..
നമ്മുടെ ജീവിതത്തിൽ സൗഹൃദം, ആത്മാർത്ഥത, പരിഭവങ്ങൾ പങ്കിടാനുള്ള മനസ്സ് എന്നിവയാണ് ഏറ്റവും വലിയ സമ്പത്ത്. ഇതിനോടകം എന്റെ ആരോഗ്യം വീണ്ടെടുക്കാനായി പ്രാർത്ഥിച്ചും, സന്ദേശങ്ങളിലൂടെ ആശംസകളർപ്പിച്ചും കൂടെയുണ്ടായ എല്ലാ പ്രിയപ്പെട്ടവർക്കും നന്ദി അറിയിക്കുന്നു...
സ്നേഹപൂർവ്വം
ഉമ തോമസ്












Click it and Unblock the Notifications