അമ്മേ എന്ന് വിളിച്ചപ്പോള്‍ പ്രതികരിച്ചെന്ന് മകന്‍: ഉമ തോമസിന്റെ ആരോഗ്യ നിലയില്‍ പുരോഗതി
കൊച്ചി: കലൂർ സ്റ്റേഡിയില്‍ നിന്നും വീണുപരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമ തോമസ് എം എല്‍ എയുടെ ആരോഗ്യ നിലയില്‍ പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. അമ്മേ എന്ന് വിളിച്ചപ്പോള്‍ വിളി കേള്‍ക്കുകയും ചിരിക്കുകയും ചെയ്തുവെന്ന് മകന്‍ വിഷ്ണുവും വ്യക്തമാക്കി. 'രാവിലെ പോയി കണ്ടപ്പോള്‍ കൈകാലുകള്‍ അനക്കി. അമ്മേ എന്ന് വിളിച്ചപ്പോള്‍ വിളി കേട്ടു. കണ്ണുകള്‍ തുറന്നു.ആദ്യം കണ്ണു തുറക്കാൻ പറഞ്ഞപ്പോള്‍ കണ്ണു തുറന്നു. പിന്നെ കൈകള്‍ അനക്കാൻ പറഞ്ഞു. അപ്പോള്‍ കൈകള്‍ അനക്കി. കാലുകള്‍ അനക്കാൻ പറഞ്ഞപ്പോള്‍ അതും ചെയ്തു. പറയുന്ന കാര്യങ്ങളോട് അമ്മ പ്രതികരിക്കുന്നത് മികച്ച പ്രതീക്ഷ നല്‍കുന്നതാണ്' വിഷ്ണു പറഞ്ഞു.
തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്ന ഉമ തോമസ് എം എൽ എയുടെ തലയുടെയും നട്ടെല്ലിൻ്റെയും പരിക്കിൻ്റെ ചികിത്സയിൽ ആശാവഹമായ പുരോഗതിയുണ്ടെന്നാണ് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത്. 'തലച്ചോറിൻ്റെ ആരോഗ്യവും ബോധാവസ്ഥയും അളക്കുന്നതിൻ്റെ ഭാഗമായി സെഡേഷൻ്റെ അളവ് കുറച്ചപ്പോൾ ഇന്ന് രാവിലെ 7 മണിയോടുകൂടി രോഗി ഡോക്ടർമാരുടെ നിർദ്ദേശങ്ങളോട് അനുകൂലമായി പ്രതികരിച്ചു. ഡോക്ടറുടെ നിർദ്ദേശാനുസരണം കൈകളും കാലുകളും ചലിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിനകത്ത് മക്കളെ തിരിച്ചറിയുകയും പ്രതികരിക്കുകയുംചെയ്‌തു. ഇത് തലച്ചോറിന്റെയും നട്ടെല്ലിൻ്റെയും പരിക്കിൻ്റെ ചികിത്സയിലെ വളരെ ആശാവഹമായ പുരോഗതിയാണ്.' മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു.

ശ്വാസകോശത്തിൻ്റെ അവസ്ഥ സാരമായിതന്നെ തുടരുകയാണ്. ഇന്നലത്തെ അപേക്ഷിച്ച് ഇന്ന് ശ്വാസകോശത്തിൻ്റെ അവസ്ഥയ്ക്ക് നേരിയ പുരോഗതിയുണ്ട്. രോഗി മരുന്നുകളോടും ചികിത്സയോടും പ്രതികരിക്കുന്നുണ്ട്. വാരിയെല്ലുകളുടെ ഒടി വുകളും അവമൂലം ശ്വാസകോശത്തിനുണ്ടായ ക്ഷതവും ചതവും കുറച്ചുനാളുകൾ നീണ്ടു നിൽക്കുന്ന തീവ്രപരിചരണചികിത്സയിലൂടെ മാത്രമെ ഭേദപ്പെടുകയുള്ളു. രോഗിയുടെ വൈറ്റൽസ് സ്റ്റേബിളാണ്. കുറച്ചുദിവസം കൂടി വെൻ്റിലേറ്ററിൽതുടരേണ്ട ആവശ്യകതയുണ്ടെന്നും റിനൈ മെഡിസിറ്റിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.
അതേസമയം, സംഭവത്തില്‍ പരിപാടിയില്‍ പങ്കെടുത്ത സിനിമാതാരങ്ങളായ സിജോയ് വര്‍ഗീസ്, ദിവ്യ ഉണ്ണി അടക്കമുള്ളവരുടെ മൊഴിയെടുക്കാനുള്ള നീക്കത്തിലാണ് പൊലീസ്. പരിപാടിയില്‍ പങ്കെടുത്ത നൃത്ത അധ്യാപകരെ വിളിച്ചും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. കലൂര്‍ സ്റ്റേഡിയത്തില്‍ വന്‍ സുരക്ഷാ വീഴ്ചയാണ് ഉണ്ടായതെന്ന സംയുക്ത പരിശോധന റിപ്പോര്‍ട്ട് പുറത്തു വന്നിട്ടുണ്ട്. അതോടൊപ്പം തന്നെ പരിപാടിക്കെതിരെ രൂക്ഷവിമർശനവുമായി മേയർ അനില്‍ കുമാറും രംഗത്ത് വന്നു. മര്യദയില്ലാത്ത സംഘാടനമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications