ജനസംഖ്യ കുറയും, അറേഞ്ച്ഡ് മാരേജ് അപൂര്‍വമാകും; കേരളത്തെ കുറിച്ച് 10 പ്രവചനം
തിരുവനന്തപുരം: കേരളത്തെ കുറിച്ച് പത്ത് പ്രവചനങ്ങളുമായി യു എന്‍ ദുരന്തലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി രംഗത്ത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 2030 ആകുന്നതോടെ കേരളത്തിലെ ജനസംഖ്യ കുറഞ്ഞു തുടങ്ങുമെന്നും അറേഞ്ച്ഡ് മാരേജ് എന്നുള്ളത് അപൂര്‍വമായി സംഭവിക്കുന്ന ഒന്നാകുമെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു.
കേരളത്തില്‍ സ്‌കൂളുകളും കോളേജുകളും മുപ്പത് ശതമാനം എങ്കിലും പൂട്ടിത്തുടങ്ങും. വിദേശത്തുനിന്നും വരുന്ന പണത്തിന്റെ അളവ് കുറഞ്ഞു വരും. കേരളത്തിലെ ഡിവോഴ്‌സ് റേറ്റ് ഇന്നത്തേതിന്റെ പത്തിരട്ടിയാകും, ഇന്ത്യയില്‍ ഒന്നാം സ്ഥാനമാകും. കേരളത്തില്‍ പണിയെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം താഴേക്ക് വരും എന്നിങ്ങനെയാണ് അദ്ദേഹം നടത്തുന്ന പ്രവചനങ്ങള്‍.

നേരത്തെ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചില പ്രവചനങ്ങള്‍ നടന്നിരുന്നു. ആശുപത്രിയില്‍ നിന്നുള്ള അതിക്രമത്തില്‍ കൊല്ലപ്പെടുമെന്നും കേരളത്തില്‍ ബോട്ടപകടത്തില്‍ കുറേ പേര്‍ മരിക്കുമെന്നും അദ്ദേഹം മാസങ്ങള്‍ക്ക് മുമ്പ് പ്രവചിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം പുതിയ പത്ത് പ്രവചനങ്ങളുമായി രംഗത്തെത്തിയത്.
പത്തു പ്രവചനങ്ങള്‍
എന്റെ വല്യച്ഛന്‍, കിഴുപ്പള്ളി അച്യുതന്‍ നായര്‍, പേര് കേട്ട ഒരു ജ്യോല്‍സ്യന്‍ ആയിരുന്നു. ചെറുപ്പത്തില്‍ അച്ഛന്റെ വീട്ടില്‍ പോകുന്‌പോള്‍ രാവിലെ ഏഴു മണിമുതല്‍ വൈകീട്ട് എട്ടു മണിക്കും വല്യച്ഛനെ കാണാന്‍ വീട്ടില്‍ ആളുണ്ടാകും. ഗുരുത്വവും ദൈവാധീനവും ആണ് താന്‍ ചെയ്യുന്ന തൊഴിലില്‍ മറ്റുള്ളവര്‍ വിശ്വാസമര്‍പ്പിക്കാന്‍ കാരണം എന്ന് വല്യച്ഛന്‍ വിശ്വസിച്ചിരുന്നു.
ഞാന്‍ പക്ഷെ ജ്യോതിഷത്തില്‍ ഒന്നും വിശ്വസിക്കുന്ന ആളല്ല. എന്നാല്‍ ഭൂതവും വര്‍ത്തമാനവും ശരിക്കും ശ്രദ്ധിക്കുകയും പഠിക്കുകയും ചെയ്താല്‍ ഭാവി പ്രവചിക്കാന്‍ സാധിക്കും എന്ന് വിശ്വസിക്കുന്ന ഒരാളാണ്. അതുകൊണ്ടാണ് ഇടക്കിടക്ക് കുറച്ചു പ്രവചനങ്ങളുമായി വരുന്നത്. തല്‍ക്കാലം ഫ്‌ളാറ്റിലെ അഗ്‌നിബാധയും രൂപയുടെ താഴോട്ടുള്ള പോക്കും ആണ് ഞാന്‍ പ്രവചിച്ചു വെച്ചതില്‍ ഇനി ബാക്കിയുള്ളത്. അതിനധികം സമയമില്ല.
അതുകൊണ്ട് കുറച്ചു പ്രവചനങ്ങള്‍ പുതിയത് എടുക്കാം
2030 ആകുന്നതോടെ
1. കേരളത്തിലെ ജനസംഖ്യ കുറഞ്ഞു തുടങ്ങും.
2. കേരളത്തിലെ ഡിവോഴ്‌സ് റേറ്റ് ഇന്നത്തേതിന്റെ പത്തിരട്ടിയാകും, ഇന്ത്യയില്‍ # 1 ആകും.
3. അറേഞ്ച്ഡ് മാരേജ് എന്നുള്ളത് അപൂര്‍വമായി സംഭവിക്കുന്ന ഒന്നാകും.
4. പെന്‍ഷന്‍ പ്രായം അറുപതിന് മുകളില്‍ പോകും.
5. ഓരോ പഞ്ചായത്തിലും ഓരോ റിട്ടയര്‍മെന്റ് ഹോം ഉണ്ടാകും.
6. പെരുന്പാവൂര്‍ ഉള്‍പ്പടെയുള്ള നഗരങ്ങളില്‍ വന്യമൃഗങ്ങള്‍ എത്തും.
7. കേരളത്തില്‍ സ്‌കൂളുകളും കോളേജുകളും മുപ്പത് ശതമാനം എങ്കിലും പൂട്ടിത്തുടങ്ങും.
8. ഒരേക്കറിന് മുകളിലുള്ള ഭൂമിയുടെ വില കുറഞ്ഞു വരും.
9. വിദേശത്തുനിന്നും വരുന്ന പണത്തിന്റെ അളവ് കുറഞ്ഞു വരും.
10. കേരളത്തില്‍ പണിയെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം താഴേക്ക് വരും.
നിങ്ങളുടെ അഭിപ്രായം കേള്‍ക്കട്ടെ. ഇതൊക്കെ നടക്കുമോ?












Click it and Unblock the Notifications