ചുരുളിയിലെ തെറികള്‍: ഒടുവില്‍ വിശദീകരണവുമായി സെന്‍സര്‍ ബോര്‍ഡ്, സെന്‍സര്‍ പതിപ്പല്ല കാണിക്കുന്നത്
ദില്ലി: ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത പുതിയ ചിത്രമായ ചുരുളിക്ക് പ്രേക്ഷകരുടെ ഭാഗത്ത് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചുരുളിയില്‍ ലിജോ ജോസ് പെല്ലിശ്ശേരി ഒരിക്കല്‍ കൂടെ മലയാള സിനിമയെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തിയെന്ന് ഒരു വിഭാഗം പ്രേക്ഷകര്‍ അഭിപ്രായപ്പെടുമ്പോള്‍ ചിത്രത്തിലെ അതിര് കടന്ന അസഭ്യ വാക്കുകള്‍ക്കെത്തിരെ മറുവിഭാഗം വലിയ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്.
ഇത്രയധികം അസഭ്യവാക്കുകള്‍ യാതൊരു നിയന്ത്രണവുമില്ലാതെ പറയുന്ന ചിത്രം മലയാള സിനിമയ്ക്ക് തന്നെ മോശം പ്രതിച്ഛായ നല്‍കുമെന്നും ഇവര്‍ വാദിക്കുന്നു. ഇതോടൊപ്പം തന്നെ ഈ ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് എങ്ങനെ അംഗീകാരം നല്‍കിയെന്ന ചോദ്യവും ഒരുവിഭാഗം ഉയര്‍ത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ചുരുളിയുടെ സെന്‍സറിങ്ങുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് മറുപടിയുമായി സെന്‍സര്‍ ബോര്‍ഡ് തന്നെ രംഗത്ത് എത്തിയിരിക്കുന്നത്.

സോണി ലൈവ് ഒ ടി ടി പ്ലാറ്റ്ഫോം വഴി പ്രദർശിപ്പിക്കുന്ന ചുരുളി സിനിമ സെൻസർ ചെയ്ത പതിപ്പല്ലെന്നാണ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ഔദ്യോഗികമായി അറിയിക്കുന്നത്. വിവാദം ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു സെൻട്രൽ ബോർഡിന്റെ പ്രതികരണം. സിനിമയുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ നിന്ന് പരാതി ലഭിച്ചതായും അധികൃതര്‍ അറിയിക്കുന്നു.

'സിനിമാട്ടോഗ്രാഫ് ആക്റ്റ് 1952, സിനിമാട്ടോഗ്രാഫ് സർട്ടിഫിക്കേഷൻ റൂൾസ് 1983, ഇന്ത്യാ ഗവൺമെന്‍റ് പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ എന്നിവക്ക് അനുസൃതമായി ചുരുളി എന്ന മലയാളം ഫീച്ചർ ഫിലിമിന് സി ബി എസ് സി സർട്ടിഫിക്കറ്റ് നമ്പർ DtLt3t6tZ021-THt dated 18.11.2021 മുഖേന അനുയോജ്യമായ മാറ്റങ്ങളോടെ 'എ' (Adult - മുതിർന്നവർക്കുള്ള ) സർട്ടിഫിക്കറ്റ് ലഭ്യമാക്കിയിട്ടുണ്ട്. സോണി ലൈവ് എന്ന ഒ.ടി.ടി പ്ലാറ്റ്ഫോം വഴി പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്ന ചുരുളി പ്രസ്തുത സിനിമയുടെ സർട്ടിഫൈഡ് പതിപ്പല്ലെന്ന് അറിയിക്കുന്നു'. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ പ്രസ്താവനയില്‍ അറിയിക്കുന്നു.

സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ റീജിയണല്‍ ഓഫിസര്‍ വി പാർവതിയാണ് പ്രസ്താവന പുറത്തിറക്കിയത്. ചുരുളിയിലെ അശ്ലീല പ്രയോഗങ്ങൾക്കെതിരെ നേരത്തേയും നിരവധിയാളുകള്‍ രംഗത്ത് വന്നിരുന്നു. സിനിമ എത്രയും പെട്ടെന്ന് ഒ ടി ടി പ്ലാറ്റ് ഫോമില്‍ നിന്നും പിന്‍വലിക്കണമെന്നായിരുന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് എൻ.എസ്. നുസൂർ ആവശ്യപ്പെട്ടത്.

' ചിലർ ഇതിനെ ആവിഷ്കാരസ്വാതന്ത്ര്യം എന്ന് പറയും. പക്ഷെ ഇത്രയേറെ ആവിഷ്കാര സ്വാതന്ത്ര്യം വേണമോ എന്ന നിങ്ങളുടെ അഭിപ്രായം അറിയണം. ഞങ്ങൾ ഇതിനെ ശുദ്ധ തെമ്മാടിത്തരം എന്ന് പറയും.. "ബിരിയാണി" സിനിമക്കും അഭിപ്രായം പറഞ്ഞവരാണല്ലോ നമ്മൾ സെൻസർ ബോർഡ് എന്തടിസ്ഥാനത്തിലാണ് ഇതിന് അംഗീകാരം നൽകിയത് എന്ന് മനസിലാകുന്നില്ല. വിവാദമുണ്ടാക്കി മാർക്കറ്റ് പിടിക്കുന്ന കാലമാണെന്ന് അറിയാം.. അതിന് സെൻസർ ബോർഡംഗങ്ങൾക്ക് എന്തെങ്കിലും ഗുണമുണ്ടോ ? എ സർട്ടിഫിക്കറ്റ് ഉള്ള സിനിമകളാണെങ്കിൽ ഒ ടി ടി പ്ലാറ്റ്ഫോമിൽ വരുമ്പോൾ സെൻസർബോർഡ് കുറച്ചുകൂടി ജാഗ്രത പാലിക്കണമെന്ന് ഈ സിനിമ പഠിപ്പിക്കുകയാണ്- എന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫേസ്ബുക്കില്‍ കുറിച്ചത്

ഒ ടി ടി പ്ലാറ്റഫോമിൽ റിലീസ് ചെയ്യുന്ന സിനിമകൾക്ക് സെൻസർ ബോർഡ് അംഗീകാരം വേണ്ട എന്ന് മനസിലായതായി വ്യക്തമാക്കി തൊട്ട് പിന്നാലെ മറ്റൊരു പോസ്റ്റുമായി നുസൂര്‍ വന്നിരുന്നു . ആ സിനിമയുടെ ആരംഭത്തിൽ എ സർട്ടിഫിക്കറ്റ് എന്ന് എഴുതികാണിക്കുമ്പോൾ സ്വാഭാവികമായും നമ്മൾ അത് സെൻസർ ബോർഡ് നല്കുന്നതാണെന്നേ ചിന്തിക്കുകയുള്ളൂ..
പക്ഷെ ഇപ്പോൾ ഒരു കാര്യം വ്യക്തമായി. ഒടിടി പ്ലാറ്റഫോമിലുള്ള സിനിമകൾക്ക് സെൻസർ ബോർഡ് അനുമതി വേണ്ട എങ്കിൽ രാജ്യത്ത് സെൻസർ ബോർഡിന്റെ ആവശ്യവുമില്ല.

കാരണം ഇത്തരത്തിലുള്ള സിനിമകൾ തീയേറ്ററിൽ നിയന്ത്രിക്കാനാണല്ലോ ഈ ബോർഡ്. ഇതൊക്ക മറ്റൊരു പ്ലാറ്റ്‌ഫോമിൽ പുതുതലമുറയുടെ കയ്യിൽ എത്തുമെങ്കിൽ ഈ ബോർഡ് അംഗങ്ങൾക്ക് പണം ചിലവാക്കേണ്ട കാര്യമുണ്ടോ? . ഇത് നിയന്ത്രിക്കാൻ പാർലമെന്റിനും കഴിയില്ല. കാരണം നമ്മുടെ രാജ്യത്തിന്റെ ആവശ്യമേഖലയും ആഭാസമേഖലയെയും നിയന്ത്രിക്കുന്നത് ബഹുരാഷ്ട്ര കുത്തക കമ്പനികളായി മാറിക്കഴിഞ്ഞെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.












Click it and Unblock the Notifications