ഏകീകൃത പെന്‍ഷന്‍ പദ്ധതി ഏപ്രില്‍ 1 മുതല്‍: 25 വർഷം സർവ്വീസുള്ളവർക്ക് സാലറിയുടെ 50 ശതമാനം പെന്‍ഷന്‍
ന്യൂഡല്‍ഹി: കേന്ദ്രസർക്കാർ ജീവനക്കാർക്കായി അവതരിപ്പിച്ച പുതിയ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഏകീകൃത പെന്‍ഷന്‍ പദ്ധതി (യു പി എസ്) ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. ദീർഘകാലമായി നിലനില്‍ക്കുന്ന ജീവനക്കാരുടെ ആവശ്യം കൂടി പരിഗണിച്ച് നിലവിലുള്ള നാഷണല്‍ പെന്‍ഷന്‍ പദ്ധതി (എന്‍ പി എസ്) പരിഷ്കരിച്ചാണ് യു പി എസ് കൊണ്ടുവന്നിരിക്കുന്നത്. 2004 ജനുവരി 1 മുതല്‍ കേന്ദ്ര സർവ്വീസില്‍ പ്രവേശിച്ചവർക്കായിരിക്കും യു പി എസിന്റെ ഭാഗമാകാന്‍ സാധിക്കുക. ഇവർക്ക് യു പി എസില്‍ ചേരുകയോ അല്ലെങ്കില്‍ എന്‍ പി എസില്‍ തുടരുകയോ ചെയ്യാം. എന്നാല്‍ ഒരു തവണ യു പി എസിലേക്ക് മാറിയവർക്ക് പിന്നീട് തിരിച്ച് എന്‍ പി എസിലേക്ക് പോകാന്‍ സാധിക്കില്ല.
25 വര്‍ഷം സേവനംചെയ്തവര്‍ക്ക് വേതനത്തിന്റെ പകുതി പെന്‍ഷനായി ലഭിക്കും. 2004-നുശേഷം ജോലിയില്‍ പ്രവേശിച്ച് വിരമിച്ചവര്‍ക്കുമാത്രമേ ഈ തരത്തില്‍ പെന്‍ഷന്‍ ലഭിക്കുകയുള്ളു എന്നതിനാല്‍ 2029-നുശേഷമേ സർക്കാറാറിന് ഈ തരത്തില്‍ പെന്‍ഷന്‍ നല്‍കേണ്ടി വരികയുള്ളു. പദ്ധതി നടപ്പാക്കുന്ന ആദ്യവര്‍ഷം 6250 കോടി രൂപ കേന്ദ്രസര്‍ക്കാരിന് അധികമായി ചെലവാക്കേണ്ടി വരും. ഇതോടൊപ്പം തന്നെ കുടിശ്ശിക നല്‍കാനായി 800 കോടിയും വേണ്ടി വരും.

പത്തിനും 25 വർഷത്തിനും ഇടയ്ക്ക് സർവ്വീസ് ഉള്ളവരാണെങ്കില്‍ ആനുപാതികമായ രീതിയില്‍ പെന്‍ഷന്‍ കുറയും. പത്ത് വർഷത്തിന് മിനിമം 10000 രൂപയാണ് പെന്‍ഷനായി നിശ്ചയിച്ചിരിക്കുന്നത്. ജീവനക്കാർ മരിക്കുകയാണെങ്കില്‍ അവരുടെ പെന്‍ഷന്റെ 60 ശതമാനം കുടുംബ പെന്‍ഷനായി നല്‍കും. പെന്‍ഷനുകള്‍ക്കൊപ്പം വ്യവസായത്തൊഴിലാളികള്‍ക്കുള്ള അഖിലേന്ത്യാ ഉപഭോക്തൃ വിലസൂചികയെ അടിസ്ഥാനമാക്കിയുള്ള ഡിയര്‍നെസ് റിലീഫുമുണ്ടാകും.
കേന്ദ്ര സർവ്വീസിലുള്ള ഡോക്ടർമാരുടെ പെന്‍ഷന്‍ പരിഗണിക്കുമ്പോള്‍ നോണ്‍-പ്രാക്ടീസിങ് അലവന്‍സും ശമ്പളത്തിനൊപ്പും കൂട്ടും. സർക്കാറിന്റെ നിർബന്ധിത വിരമിക്കലിന് വിധേയമാകുന്നവർക്കും നിശ്ചിത പെന്‍ഷന് അർഹതയുണ്ടായിരിക്കും. എന്നാല്‍ സർവ്വീസില്‍ നിന്നും പുറത്താക്കപ്പെടുന്നവർക്കും ജോലി രാജിവെക്കുന്നവർക്കും യു പി എസ് ആനുകൂല്യം ലഭിക്കില്ല. വിരമിക്കുമ്പോള്‍ ജീവനക്കാർക്ക് ഗ്രാറ്റുവിറ്റിക്ക് പുറമെ ഒരു ലപ്സം തുകയും ലഭിക്കും.
പഴയ പെന്‍ഷന്‍ പദ്ധതിക്ക് പകരം 2004 മുതലാണ് രാജ്യത്ത് പുതിയ പെന്‍ഷന്‍പദ്ധതി നടപ്പിലാക്കി തുടങ്ങിയത്. തുടക്കം മുതല്‍ തന്നെ പദ്ധതിക്കെതിരെ വലിയ വിമർശനവും പ്രതിഷേധവുമായി ജീവനക്കാരുടെ ഭാഗത്ത് നിന്നും ഉയർന്നത്. ഈ പ്രശ്നങ്ങള്‍ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടുകൂടിയാണ് കേന്ദ്ര സർക്കാർ ഏകീകൃത പെന്‍ഷന്‍പദ്ധതിക്ക് രൂപംകൊടുത്തത്. എന്നാല്‍ പെന്‍ഷന്‍ഫണ്ടിലേക്കുള്ള സര്‍ക്കാര്‍വിഹിതം 14-ല്‍നിന്ന് 18.5 ശതമാനമാക്കുന്ന യു പി എസ് പദ്ധതി സംസ്ഥാനങ്ങള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയായിരിക്കും ഉണ്ടാക്കുക.












Click it and Unblock the Notifications