ലീഗ് തീരുമാനം തിരിച്ചടിയല്ല, അവർ യുഡിഎഫിന്റെ ഭാഗം: കോണ്‍ഗ്രസിന് വ്യക്തമായ നിലപാടില്ലെന്നും സിപിഎം
തിരുവനന്തപുരം: ഏകീകൃത സിവില്‍ കോഡിനെതിരെ പാർട്ടി കോഴിക്കോട് സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കേണ്ടതില്ലെന്ന മുസ്ലീം ലീഗ് നിലപാട് തിരിച്ചടിയല്ലെന്ന സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പരിപാടിയിലേക്ക് ക്ഷണിച്ചവരില്‍ ഒരാള്‍ വരാതിരുന്നാല്‍ അത് തിരിച്ചടി ആകുന്നതെങ്ങനെയാണ്. ഇത്തരം വിഷയങ്ങളില്‍ ഐക്യം ശക്തിപ്പെടുത്തിക്കൊണ്ട് പോകാനാണ് മുസ്ലിം ലീഗും തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിന്റെ ഭാഗമായി നില്‍ക്കുന്ന പാർട്ടിയാണ് മുസ്ലിം ലീഗ്. അങ്ങനേയുള്ള ഒരു പാര്‍ട്ടിയെന്ന നിലയില്‍ സെമിനാറിന് എത്തിച്ചേരാന്‍ കഴിയില്ലെന്നതാണ് അവര്‍ ചര്‍ച്ച ചെയ്‌തെടുത്ത തീരുമാനം. ഏകസിവില്‍ കോഡ് വിഷയത്തില്‍ കോണ്‍ഗ്രസിന് വ്യക്തമായ സമീപനമില്ല. ഒരോ സംസ്ഥാനത്തിലും ഓരോ സമീപനമാണ് അതുകൊണ്ടാണ് കോണ്‍ഗ്രസിനെ സെമിനാറിലേക്ക് ക്ഷണിക്കാത്തതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു.

ഇന്ത്യയെ വര്‍ഗീയ ദ്രുവീകരണത്തിലൂടെ ഒരു ഹിന്ദുത്വരാഷ്ട്രമാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് ഏക സിവില്‍കോഡ്. ഏക സിവില്‍ കോഡ് ബിജെപിക്ക് താല്‍പര്യമില്ല, വര്‍ഗീയ വാദികള്‍ക്ക് ഒട്ടും താല്‍പര്യമില്ല.അതിന്റെ ഭരണഘടന സംവിധാനം രൂപപ്പെടുത്തുമ്പോള്‍ തന്നെ ഇതിനോട് ശക്തിയായി വിയോജിച്ചവരാണ് ഹിന്ദു വര്‍ഗീയവാദികൾ.
ഇന്നത്തെ ഇന്ത്യന്‍ പരിതസ്ഥിതിയില്‍ പാര്‍ലമെന്ററി സംവിധാനത്തേയും ഇന്ത്യന്‍ ഭരണഘടനയേയും ജനാധിപത്യത്തേയും സംരക്ഷിക്കണമെങ്കില്‍ ഹിന്ദുത്വ അജണ്ടയിലൂടെ ഫാസിസത്തിലേക്കുള്ള യാത്ര തടയണം. അതിന് വേണ്ടയിള്ള ഫലപ്രദമായ ഇടപെടലാണ് സിപിഐ എം സാധിക്കുന്ന രീതിയില്‍ എല്ലാ മേഖലകളിലും നടത്തിക്കൊണ്ടിരിക്കുന്നത്. അതില്‍ എല്ലാവരുടേയും പരിപൂര്‍ണമായ പിന്തുണ വേണമെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി.
കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ നിലപാടില്ല. അവര്‍ക്ക് ഓരോ സംസ്ഥാനത്തും ഓരോ നിലപാടാണ്. അങ്ങനെ മുന്നോട്ട് പോകാന്‍ സാധിക്കില്ല. അതുകൊണ്ട്, അതൊഴിച്ചുള്ള മറ്റെല്ലാ പാര്‍ടികള്‍ക്കും സെമിനാറില്‍ പങ്കെടുക്കാം. ഒരു സെമിനാറല്ല ഉദ്ദേശിക്കുന്നത്. നിരവധി സെമിനാറുകള്‍ നടത്തും. കേരളത്തില്‍ ബോധവത്കരണത്തിന്റെ ഭാഗമായി നിരവധി സെമിനാറുകള്‍ നടക്കാന്‍ പോവുകയാണ്. അതില്‍ പങ്കെടുക്കാവുന്ന എല്ലാവരേയും അണിനിരത്താനാണ് ഉദ്ദേശിക്കുന്നത്.
ഇക്കാര്യത്തില്‍ വിശാലമായ ഒരു ഐക്യപ്രസ്ഥാനം രൂപപ്പെടണം. അതിനാവശ്യമായ ഫലപ്രദമായ കാല്‍വെയ്പ്പാണ് സിപിഎം നടത്തിയത്. അതില്‍ തന്നെ എല്ലാവരും പങ്കെടുത്തുകൊള്ളണമെന്ന് നിര്‍ബന്ധം പിടിക്കേണ്ട കാര്യമില്ല. ഹിന്ദുത്വ അജണ്ടയിലെ ഏറ്റവും പ്രധാനമായ കാര്യങ്ങളില്‍ എതിര്‍ത്ത് നിലപാട് സ്വീകരിക്കുന്ന എല്ലാ വിഭാഗം ശക്തികളുമായി ചേര്‍ന്നുപോകാം എന്നാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications