'അറയ്ക്കല്‍ ബീവിയെ കെട്ടാന്‍ അരസമ്മതമെന്നത് പോലെയാണ് സിപിഎം ലീഗിന് പിന്നാലെ നടക്കുന്നത്'
ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട് സി പി എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പച്ചക്കള്ളമാണ് പറയുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇ.എം.എസ് ഒരു കാലത്തും ഏക സിവില്‍ കോഡിന് എതിരായിരുന്നില്ല.
യൂണിഫോം സിവില്‍ കോഡ് നടപ്പാക്കണമെന്ന് വാദിച്ചവരാണ് ഇ എം എസും സി പി എം നേതാക്കളും. ഇപ്പോള്‍ ഇം എം എസിനെ തള്ളിപ്പറയുകയാണ് സി പി എം. ലീഗിനെ ക്ഷണികുന്നതൊക്കെ കൊള്ളാം, ഉത്തരത്തിലുള്ളത് എടുക്കാന്‍ നോക്കുമ്പോള്‍ കക്ഷത്തിലുള്ളത് പോകാതെ നോക്കണമെന്ന് മാത്രം സി പി എമ്മിനെ ഓര്‍മ്മിപ്പിക്കുകയാണെന്നും സതീശൻ പറഞ്ഞു.

'ഏക സിവില്‍ കോഡ് നടപ്പാക്കണമെന്ന് സി പി എം അംഗങ്ങൾ നിയമസഭയിലും ആവശ്യപ്പെട്ടതിന്റെ രേഖയുണ്ട്. ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതാവായിരുന്ന സുശീല ഗോപാലനും ഏക സിവില്‍ കോഡ് നടപ്പാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 1987 ലെ തെരഞ്ഞെടുപ്പില്‍ കേരളത്തിൽ ഹിന്ദു വര്‍ഗീയ അജണ്ട നടപ്പാക്കുന്നതിന് വേണ്ടിയാണ് ശരിഅത്ത് നിയമം മാറ്റണമെന്നും ഏക സിവില്‍ കോഡ് നടപ്പാക്കണമെന്നും പറഞ്ഞത്. ഇഎംഎസിന്റെയും സിപിഎം നേതാക്കളുടെയും അഭിപ്രായം അതായിരുന്നു. എംവി ഗോവിന്ദൻ ആ അഭിപ്രായത്തെ തള്ളിപ്പറയുന്നുണ്ടോയെന്നാണ് ചോദ്യം
ഇഎംഎസ് തെറ്റായിരുന്നെന്ന് കേരളത്തിലെ സിപിഎം പറയുമോ? സിപിഎമ്മിന്റെ നയരേഖയിലും ഏക സിവില്‍ കോഡ് നടപ്പാക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്. ആ നയരേഖ സിപിഎം തള്ളിപ്പറയുമോ?
ഏക സിവില്‍ കോഡിനെതിരായ പ്രക്ഷോഭത്തിന് ലീഗും സമസ്തയുമൊക്കെ വരണമെന്നാണ് സിപിഎം ഇപ്പോള്‍ ആവശ്യപ്പെടുന്നത്. അറയ്ക്കല്‍ ബീവിയെ കെട്ടാന്‍ അരസമ്മതമെന്ന് പറയുന്നത് പോലെയാണ് സിപിഎം ലീഗിന് പുറകെ നടക്കുന്നത്. യുഡിഎഫ് സുശക്തമാണ്. ഉത്തരത്തില്‍ ഇരിക്കുന്നത് സി പി എം എടുക്കാന്‍ നോക്കുമ്പോള്‍ കക്ഷത്തില്‍ ഇരിക്കുന്നത് പോകാതെ നോക്കണമെന്ന ചെറിയ മുന്നറിയിപ്പ് മാത്രമാണ് സി പി എമ്മിന് നല്‍കാനുള്ളത്.
കേരള കോണ്‍ഗ്രസ് എമ്മുമായി കോൺഗ്രസ് യാതൊരു ചർച്ചയും നടത്തിയിട്ടില്ല. ഇപ്പോള്‍ അവരുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. അങ്ങനെ എന്തെങ്കിലും ഉണ്ടായാല്‍ അപ്പോള്‍ പറയും. സി പി എമ്മുമായി ഞങ്ങൾക്ക് യാതൊരു ബന്ധവുമില്ല. അഴിമതിക്കാരുമായി എങ്ങനെ ഒരുമിച്ച് പരിപാടി നടത്തും. മോദിക്ക് പഠിക്കുന്നവരെ, ഈ രാജ്യത്തെ മതേതര ജനാധിപത്യ സംവിധാനത്തെ തകർക്കാൻ ശ്രമിക്കുന്നവരെ, ഏക സിവിൽകോഡിന്റെ പേരിൽ രാഷ്ട്രീയ ലാഭം ഉണ്ടാക്കാൻ നോക്കുന്നവരെ ഞങ്ങൾ കൂടെക്കൂട്ടില്ല', സതീശൻ പറഞ്ഞു.












Click it and Unblock the Notifications