ആദിവാസി ആചാരങ്ങളെ ഏകീകൃത സിവില്‍ കോഡ് ബാധിക്കില്ല: കേന്ദ്ര മന്ത്രി എസ്പി സിംഗ് ബാഗേൽ
ഡൽഹി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലെയും ആദിവാസി അവകാശങ്ങളെയും ആചാരങ്ങളെയും ഏകീകൃത സിവില്‍ കോഡ് ബാധിക്കില്ലെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് സഹമന്ത്രി എസ്പി സിംഗ് ബാഗേൽ. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിനെതിരായി രാജ്യത്തെ ആദിവാസി ജനവിഭാഗങ്ങള്‍ക്കിടയില്‍ നിന്നും വലിയ പ്രതിഷേധം ഉയർന്ന് വന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.
ആദിവാസി സമൂഹങ്ങളുടെ വൈവിധ്യത്തെയും സംസ്‌കാരത്തെയും ബിജെപി മാനിക്കുന്നുവെന്നും അവരുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ ഒരു നിയമവും അടിച്ചേൽപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ നിയമവകുപ്പില്‍ സഹമന്ത്രിയായിരുന്നു എസ്പി സിങ് ബാഗേല്‍ കഴിഞ്ഞ മന്ത്രിസഭ പുനഃസംഘടനയിലാണ് ആരോഗ്യ വകുപ്പിന്റെ ചുമതലയിലേക്ക് എത്തുന്നത്.

"ഇന്ത്യയിലെ പരമോന്നത പദവിയായ രാഷ്ട്രപതി സ്ഥാനത്തേക്ക് ഒരു ആദിവാസി സ്ത്രീയെയാണ് ബിജെപി നാമനിർദേശം ചെയ്തത്. ഏറ്റവും കൂടുതൽ ആദിവാസി എംഎൽഎമാരും എംപിമാരും രാജ്യസഭാംഗങ്ങളും മന്ത്രിമാരുമുള്ളതും ബിജെപിക്കാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനവിഭാഗങ്ങളുടെ ആചാരങ്ങളെ പാർട്ടി ബഹുമാനിക്കുന്നു. മതപരമോ സാമൂഹികമോ ആയ ആചാരങ്ങളെ ഞങ്ങൾ വ്രണപ്പെടുത്തില്ല, എന്നാൽ പ്രീണന രാഷ്ട്രീയവും ശരിയല്ല," എസ്പി സിംഗ് ബാഗേൽ പറഞ്ഞു.
അസം, മേഘാലയ, ത്രിപുര, മിസോറാം എന്നിവിടങ്ങളിലെ ചില ആദിവാസി മേഖലകൾക്ക് പ്രത്യേക വ്യവസ്ഥകൾ അനുവദിക്കുന്ന ഭരണഘടനയുടെ ഷെഡ്യൂൾ 6 പ്രകാരം, സ്വന്തം സംസ്ഥാന നിയമസഭകൾ കേന്ദ്രത്തിന്റെ തീരുമാനം അംഗീകരിക്കുന്നില്ലെങ്കിൽ അവർക്ക് ഏകീകൃത സിവില്‍ കോഡ് ഉള്‍പ്പടെ ഒന്നും ബാധകമല്ലെന്നും അദ്ദേഹം പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളിലെ ആദിവാസികളെ സംബന്ധിച്ചിടത്തോളം അവരോടും ഈ വിഷയങ്ങളില്‍ കൂടിയാലോചന നടത്തും. നിയമനിർമ്മാണത്തിന് മുമ്പ് അവരുടെ അഭിപ്രായങ്ങൾ സർക്കാർ കണക്കിലെടുക്കുമെന്നും ആരോഗ്യവകുപ്പ് സഹമന്ത്രി കൂട്ടിച്ചേർത്തു. നോർത്ത് ഈസ്റ്റിലെയും മറ്റ് പ്രദേശങ്ങളിലെയും ആദിവാസികളെ ഏകീകൃത സിവില്‍ കോഡ് പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന് ലോ ആന്‍ഡ് ജസ്റ്റിസ് പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷനായ രാജ്യസഭാ എംപി സുശീൽ കുമാർ മോദി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലായിരുന്നു കേന്ദ്ര മന്ത്രിയുടെ പ്രതികരണം.
അതേസമയം, ഏകീകൃത സിവില്‍ കോഡിനെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് കേരളത്തിലെ എന്‍ഡിഎ നേതാവായ സികെ ജാനു കഴിഞ്ഞ ദിവസം വണ്‍ഇന്ത്യ മലയാളത്തോട് വ്യക്തമാക്കി. നിലവിലെ ഈ സംവിധാനത്തില്‍ നിന്നെല്ലാം വ്യത്യസ്തമായ ആചാര രീതിയും ജീവിതവും വിശ്വാസവും ഭാഷയുമൊക്കെ പിന്തുടരുന്നവരാണ് ആദിവാസികള്‍. ഓരോ വിഭാഗത്തിനും ഓരോ രീതികളുണ്ട്. സംസ്‌കാരവും ജീവിതവും നിലവിലുള്ളത് പോലെ തന്നെ തുടരേണ്ടതുണ്ട്. അതിന് മങ്ങലേല്‍ക്കുന്ന തരത്തിലുള്ള യാതൊരു വിധ നീക്കങ്ങളേയും അംഗീകരിക്കില്ലെന്നായിരുന്നു സികെ ജാനു പറഞ്ഞത്.
ആദിവാസികളുടെ ജീവിത രീതിയും വിശ്വാസവും പാരമ്പര്യവുമെല്ലാം പ്രകൃതിക്കോ അതിലെ ഒരു ജീവജാലകള്‍ക്കോ ദോഷം ചെയ്യുന്നില്ല. അതിനെയെല്ലാം അദിവാസികള്‍ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. അങ്ങനെയുള്ള ഒരു സംവിധാനത്തില്‍ എന്തിനാണ് മാറ്റങ്ങള്‍ കൊണ്ടു വരുന്നത്. ഏകീകൃത സിവില്‍ കോഡ് കേന്ദ്ര സർക്കാർ നടപ്പിലാക്കുകയാണെങ്കില്‍ തന്നെ ആദിവാസികള്‍ ഒരു തരത്തിലും പേടിക്കുകയോ ആശങ്കപ്പെടുകയോ ചെയ്യേണ്ടതില്ല. അവർ നിലവില്‍ പിന്തുടരുന്ന ജീവിതക്രമവുമായി മുന്നോട്ട് പോകുമെന്നും അവർ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications