
സുസ്ഥിര വികസന സൂചികയില്‍ കേരളം ഒന്നാമത്; ശൗചാലയ സൗകര്യത്തില്‍ ദേശീയ ശരാശരിയേക്കാള്‍ മുന്നില്‍
ന്യൂദല്‍ഹി: നീതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ സൂചികയില്‍ കേരളം വീണ്ടും ഒന്നാമത്. ഇന്നലെ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വെച്ച സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സുസ്ഥിര വികസന ലക്ഷ്യ സൂചികയില്‍ 75 പോയന്റ് നേടിയാണ് കേരളം ഒന്നാമത് എത്തിയത്. തമിഴ്നാട്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ രണ്ടാം സ്ഥാനത്താണ്. 74 പോയന്റ് വീതമാണ് ഇരു സംസ്ഥാനങ്ങള്‍ക്കുമുള്ളത്. ഗോവ, ഉത്തരാഖണ്ഡ്, കര്‍ണാടകം, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍. 72 പോയിന്റാണ് ഈ നാല് സംസ്ഥാനങ്ങള്‍ക്കുമുള്ളത്.
കേന്ദ്ര ഭരണപ്രദേശങ്ങളില്‍ ചണ്ഡീഗഢാണ് മുന്നില്‍. മെച്ചപ്പെട്ട ശൗചാലയങ്ങളുള്ള വീടുകള്‍, ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യം, കുറഞ്ഞ ശിശുമരണനിരക്ക് എന്നിവയിലും കേരളം തന്നെയാണ് മുന്നില്‍. കേരളത്തില്‍ 98.2 ശതമാനം വീടുകളിലും മികച്ച ശൗചാലയങ്ങളുണ്ടെന്ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് അടിവരയിടുന്നു. ദേശീയ ശരാശരിയേക്കാള്‍ വളരെ കൂടുതലാണ് ഇത്. മികച്ച ശൗചാലയങ്ങളുടെ വീടുകളുടെ കണക്കില്‍ 70 ശതമാനമാണ് ദേശീയ ശരാശരി. ഏറ്റവും പിന്നില്‍ ബിഹാര്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ്. ഇവിടങ്ങളില്‍ ഇവ യഥാക്രമം 26, 25 ശതമാനം വീതമാണ്.
കര്‍ഷക സമരം വീണ്ടും തുടങ്ങും; രാഷ്ട്രപതിയ്ക്ക് മുന്നറിയിപ്പുമായി കര്‍ഷകര്‍

ഉത്തര്‍പ്രദേശില്‍ 2015-16ല്‍ 68.8 ശതമാനമുണ്ടായിരുന്നത് ഇപ്പോള്‍ 36.4 ശതമാനമായി കുറഞ്ഞെന്നും സാമ്പത്തിക സര്‍വേയില്‍ പറയുന്നു. 2014 ഒക്ടോബര്‍ രണ്ടിന് ശുചിത്വ ഭാരത പദ്ധതി ആരംഭിച്ചത് മുതല്‍ കഴിഞ്ഞ ഡിസംബര്‍ വരെ 10.86 കോടി ശൗചാലയങ്ങള്‍ രാജ്യത്തുണ്ടാക്കിയെന്ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അതേസമയം ശുദ്ധ ഇന്ധനം (പാചകവാതകവും മറ്റും) ഉപയോഗിക്കുന്ന വീടുകളുടെ എണ്ണം കേരളത്തില്‍ കുറഞ്ഞെന്നാണ് സര്‍വേയില്‍ പറയുന്നത്. 2015-16ല്‍ സംസ്ഥാനത്തെ 72.1 ശതമാനം വീടുകളില്‍ ശുദ്ധ ഇന്ധനം ഉപയോഗിച്ചിരുന്നു. ഇപ്പോള്‍ അത് 57.4 ശതമാനമായി കുറഞ്ഞു.

ആയുര്‍ദൈര്‍ഘ്യം ഏറ്റവും കൂടുതല്‍ (75.3 വയസ്സ്) കേരളത്തിലും രാജ്യതലസ്ഥാനമായ ഡല്‍ഹിയിലുമാണ്. ഛത്തീസ്ഗഢിലാണ് കുറവ് (65.2 വയസ്). ശിശുമരണ നിരക്ക് ഏറ്റവും കുറവും കേരളത്തിലാണ്. ആയിരത്തില്‍ 4.4 എന്നാണ് ശിശുമരണ നിരക്കില്‍ കേരളത്തിലെ കണക്ക്. ജല വിഭവങ്ങളുടേയും സ്രോതസുകളുടെയും സംരക്ഷണത്തില്‍ 82 പോയന്റുമായി ഒഡിഷയാണ് മുന്നില്‍. ആന്ധ്രാപ്രദേശ് (79), കര്‍ണാടക (60), ഗുജറാത്ത് (57), മഹാരാഷ്ട്ര (57), കേരളം (53), ഗോവ (50), പശ്ചിമ ബംഗാള്‍ (50) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ പ്രകടനം.

ദാരിദ്ര്യം, പട്ടിണി, വ്യവസായം, നവീകരണവും അടിസ്ഥാന സൗകര്യങ്ങളും, ആരോഗ്യം, വിദ്യാഭ്യാസ നിലവാരം, ലിംഗസമത്വം, ശുദ്ധജലം, ശുചിത്വം, ശുദ്ധമായ ഊര്‍ജം, സാമ്പത്തിക വളര്‍ച്ച തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചാണ് സുസ്ഥിര വികസന സൂചിക സജ്ജീകരിച്ചിരിക്കുന്നത്. സുസ്ഥിര വികസന സൂചികയിലെ ഇന്ത്യയുടെ മൊത്തത്തിലുള്ള പ്രകടനവും ആശാവഹമാണ്. 2019-20 ലെ മൊത്തത്തിലുള്ള 60 പോയന്റില്‍ നിന്ന് 2020-21 ല്‍ 66 ആയി മെച്ചപ്പെട്ടു. വനവിസ്തൃതി വര്‍ധിപ്പിക്കുന്നതില്‍ രാജ്യം ഗണ്യമായ പുരോഗതി കൈവരിച്ചു. ഇന്ത്യയുടെ മൊത്തം വിസ്തൃതിയുടെ 24 ശതമാനവും വനങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

2020-ല്‍ ലോകത്തിലെ മൊത്തം വനവിസ്തൃതിയുടെ 2 ശതമാനം വരും ഇത്. ഈ കാലയളവില്‍ ഇന്ത്യ ഓരോ വര്‍ഷവും ശരാശരി 2,66,000 ഹെക്ടര്‍ അധിക വനപ്രദേശം ചേര്‍ത്തുവെന്നാണ് കണക്കാക്കുന്നത്. ചൊവ്വാഴ്ചയാണ് ധനമന്ത്രി നിര്‍മലാ സീതാരാമന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ സാമ്പത്തിക ഉത്തേജന പാക്കേജുകളും നികുതി പരിഷ്കാര നടപടികളും അടക്കമുള്ള ആശ്വാസ നടപടികളാണ് രാജ്യം പ്രതീക്ഷിക്കുന്നത്.