മടങ്ങി വന്നു,സ്റ്റാറായി നായിഡു: കണക്ക് പറഞ്ഞ് ചോദിച്ച് വാങ്ങി: ബജറ്റില്‍ ആന്ധ്രാ റോക്ക്സ്
ഡല്‍ഹി: മൂന്നാം നരേന്ദ്ര മോദി സർക്കാറിന്റെ രൂപീകരണത്തിന് നിർണ്ണായക പിന്തുണ നല്‍കിയ ചന്ദ്രബാബു നായിഡുവിന്റെ ആന്ധ്രാ പ്രദേശിന് ബജറ്റില്‍ വാരിക്കോരി നല്‍കി കേന്ദ്രം. കേന്ദ്ര സർക്കാറില്‍ സ്പീക്കർ സ്ഥാനം, കൂടുതല്‍ മന്ത്രി സ്ഥാനങ്ങള്‍ എന്നിവയൊക്കെ ചോദിച്ചിരുന്നെങ്കിലും ടി ഡി പിക്ക് നിരാശയായിരുന്നു ഫലം. എന്നാല്‍ സർക്കാർ രൂപീകരണത്തിന് ശേഷമുള്ള ആദ്യ ബജറ്റില്‍ വലിയ പരിഗണനയാണ് കേന്ദ്രം നല്‍കിയിരിക്കുന്നത്.
ആന്ധ്രാപ്രദേശിന് പ്രത്യേക ധനപാക്കേജാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തലസ്ഥാനമായ അമരാവതിയുടെ വികസനത്തിനായി ആന്ധ്രാപ്രദേശിന് 15,000 കോടി രൂപയുടെ സഹായമാണ് അനുവദിച്ചിരിക്കുന്നത്. തലസ്ഥാന വികസനത്തിനായി 15000 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാറിന്റെ പ്രതിനിധി സംഘങ്ങള്‍ കേന്ദ്ര സർക്കാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ആ ആവശ്യം കേന്ദ്രം അതേപടി തന്നെ ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

ആന്ധ്രാപ്രദേശിൻ്റെ തലസ്ഥാന വികസനമെന്ന ആവശ്യം കേന്ദ്രം അംഗീകരിക്കുന്നുവെന്നും ബഹുമുഖ വികസന ഏജൻസികൾ വഴിയുള്ള പിന്തുണ സുഗമമാക്കുമെന്നും ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ശ്രീമതി സീതാരാമൻ പറഞ്ഞു.
16 സീറ്റുകളുള്ള ടി ഡി പിയാണ് എന്‍ ഡി എയില്‍ ബി ജെ പി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സീറ്റുകളുള്ള പാർട്ടി. നേരത്തെ ആന്ധ്രാപ്രദേശിന് പ്രത്യേക പദവിയെന്ന ആവശ്യം അംഗീകരിക്കാത്തതിനെ തുടർന്നായിരുന്നു നേരത്തെ ടി ഡി പി മുന്നണി വിട്ടത്. ഇത്തവണ മുന്നണിയിലേക്ക് ശക്തമായ നിലയില്‍ തന്നെ തിരിച്ച് വന്ന ചന്ദ്രബാബു നായിഡു തങ്ങളുടെ ആവശ്യം വീണ്ടും ശക്തമാക്കുകയായിരുന്നു. തനിച്ച് കേവല ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തില്‍ ബി ജെ പി അതിന് വഴങ്ങിക്കൊടുക്കേണ്ടി വന്നുവെന്ന് വേണം വിലയിരുത്താന്‍.
മൂന്നണിയിലെ മൂന്നാമത്തെ വലിയ കക്ഷിയായ ജെ ഡി യുവിനും വലിയ പരിഗണനയാണ് ബജറ്റില്‍ ലഭിച്ചത്. ബിഹാറില്‍ പുതിയ വിമാനത്താവളവും റോഡുകളും നിർമ്മിക്കാൻ പ്രത്യേക പദ്ധതി പ്രഖ്യാപിച്ച ബജറ്റ് ഹൈവേ വികസനത്തിന് മാത്രം 26,000 കോടി വകയിരുത്തി. മെഡിക്കൽ കോളേജ് യഥാർത്ഥ്യമാക്കാനും സഹായം ലഭിക്കും.
അതേസമയം, വിദ്യാഭ്യാസ, നൈപുണ്യ മേഖലകള്‍ക്ക് വമ്പന്‍ പ്രഖ്യാപനമാണ് ബജറ്റിലുള്ളത്. 1.84 ലക്ഷം കോടി രൂപയുടെ പദ്ധതിയാണ് ഈ മേഖലയില്‍ നടപ്പിലാക്കുകയെന്ന് മൂന്നാം നരേദ്ര മോദി സർക്കാറിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനവകുപ്പ് മന്ത്രി നിർമ്മല സീതാരാമന്‍ വ്യക്തമാക്കി.
നാല് കോടി യുവജനങ്ങളെ ലക്ഷ്യമിട്ടുകൊണ്ട് നൈപുണ്യ വികസനം. കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി.












Click it and Unblock the Notifications