കേന്ദ്ര ബജറ്റ് 2024: കെ റെയില്‍ ഉപേക്ഷിച്ചില്ലേയെന്ന് മന്ത്രി? കേരളത്തിലെ റെയില്‍വേ വികസനത്തിന് 2744 കോടി
ന്യൂഡല്‍ഹി: കേരളത്തിലെ റെയില്‍വേ വികസനത്തിന് 2744 കോടി രൂപ ഇടക്കാല ബജറ്റില്‍ അനുവദിച്ചിട്ടുണ്ട് എന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. ബജറ്റ് അവതരണത്തിന് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു പി എ സര്‍ക്കാരിന്റെ കാലത്തേക്കാള്‍ ഏഴ് മടങ്ങ് അധിക വിഹിതമാണിത് എന്നും അശ്വനി വൈഷ്ണവ് കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ 35 അമൃത് സ്റ്റേഷനുകളും 92 മേല്‍പ്പാലങ്ങളും പുതിയതായി അനുവദിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് കൂടി കടന്ന് പോകുന്ന റെയില്‍പാതകളുടെ വളവുകള്‍ നിവര്‍ത്താനുള്ള പദ്ധതി രേഖ സംസ്ഥാന സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. റെയില്‍ സാഗര്‍ കേരളത്തിനു ഗുണകരമാകും, വന്ദേഭാരത് സ്ലീപ്പറും വന്ദേ മെട്രോയും വൈകില്ല എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ശബരി റെയിലില്‍ വലിയ പ്രതീക്ഷയാണ് ഉള്ളത് എന്നും അദ്ദേഹം വ്യക്തമാക്കി. ശബരി റെയിലിന്റെ രണ്ട് അലൈന്‍മെന്റ് പരിഗണനയിലാണെന്നും അശ്വനി വൈഷ്ണവ് അറിയിച്ചു. അതേസമയം കേരളത്തിലെ എല്‍ ഡി എഫ് സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ സില്‍വര്‍ ലൈനിനെ കുറിച്ചുള്ള ചോദ്യത്തിന് അത് ഉപേക്ഷിച്ചില്ലേ എന്നായിരുന്നു അശ്വനി വൈഷ്ണവിന്റെ മറുചോദ്യം.
കേരളത്തിന്റെ ഭാഗത്ത് നിന്ന് സില്‍വര്‍ ലൈനില്‍ പിന്നീട് താല്‍പര്യമൊന്നും കണ്ടില്ല എന്നും പദ്ധതി ഉപേക്ഷിച്ചോ എന്ന് കേരള സര്‍ക്കാരിനോടു ചോദിക്കണം എന്നും അദ്ദേഹം പറഞ്ഞു. ഒട്ടേറെ പദ്ധതികള്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതിക്കായി കാത്തു കിടക്കുന്നുണ്ട് എന്നും കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി. ഇന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ റെയില്‍വേ മേഖലയിലേക്കുള്ള പദ്ധതികളും പ്രഖ്യാപിച്ചിരുന്നു.
വന്ദേഭാരതിന്റെ അതേ നിലവാരത്തിലേക്ക് 40,000 സാധാരണ ട്രെയിന്‍ കോച്ചുകളെ മാറ്റും എന്ന പ്രഖ്യാപനമാണ് ഇതിലെ പ്രധാന ആകര്‍ഷണം. 40000 സാധാരണ ബോഗികള്‍ വന്ദേഭാരത് നിലവാരത്തിലേക്ക് മാറ്റുന്നതോടെ ട്രെയിന്‍ യാത്ര കൂടുതല്‍ മെച്ചപ്പെടും. പി എം ഗതിശക്തി പദ്ധതിയുടെ ഭാഗമായി മൂന്ന് സാമ്പത്തിക റെയില്‍വേ ഇടനാഴി നടപ്പാക്കും എന്നും പ്രഖ്യാപനമുണ്ട്.
ചരക്ക് കടത്ത് ഫലപ്രദമാക്കാനും ചെലവ് കുറയ്ക്കാനും ഇത് സഹായകരമാകും. ഊര്‍ജം, ധാതുക്കള്‍, സിമന്റ്, പോര്‍ട്ട് കണക്ടിവിറ്റി, ഗതാഗതം തുടങ്ങിയവയ്ക്ക് പ്രാധാന്യം നല്‍കി കൊണ്ടായിരിക്കും റെയില്‍വേ ഇടനാഴികള്‍ നിര്‍മിക്കുക. അതേസമയം രാജ്യത്തെ വിമാനത്താവളങ്ങള്‍ 149 എണ്ണമായി ഉയര്‍ത്തുമെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു.












Click it and Unblock the Notifications