പ്രവാസികളോട് എന്തിന് വേർതിരിവ്? സ്ഥിരതാമസക്കാർക്ക് സമാനമായ നികുതി ആനുകൂല്യം അവർക്കും വേണം: കെസി വേണുഗോപാല്‍
തിരുവനന്തപുരം: നികുതി വ്യവസ്ഥയില്‍ പ്രവാസികളോട് കാണിക്കുന്ന വേർതിരിവ് കേന്ദ്ര സർക്കാർ അവസാനിപ്പിക്കണമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി. റിയല്‍ എസ്റ്റേറ്റിലെ മൂലധന നേട്ടങ്ങളുടെ നികുതിയില്‍ എന്‍ ആർ ഐക്കാർക്കും തുല്യ നികുതി നടപ്പാക്കണമെന്ന് ബജറ്റിന് മുന്നോടിയായി അദ്ദേഹം കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരമനോട് ആവശ്യപ്പെട്ടു. 2024 ലെ ബജറ്റ് കാലത്തെ ഭേദഗതി പ്രകാരം നാട്ടില്‍ ഭൂമി വില്‍ക്കുന്ന പ്രവാസി ഇന്ത്യക്കാര്‍ സര്‍ക്കാരിലേക്ക് കൂടുതല്‍ നികുതി അടയ്‌ക്കേണ്ടി വരുന്നു. കേന്ദ്ര സര്‍ക്കാര്‍ ടാക്‌സ് ഇന്‍ഡെക്‌സേഷന്‍ ബെനിഫിറ്റ് അവസാനിപ്പിച്ചതോടെയാണിതെന്നും കെ സി വേണുഗോപാല്‍ എം പി ചൂണ്ടിക്കാട്ടി.
2024 ജൂലായ് 23-ന് മുമ്പ് സമ്പാദിച്ച സ്വത്തുക്കള്‍ക്ക് ഇന്‍ഡെക്സേഷനോടുകൂടിയ 20% നികുതിയോ ഇന്‍ഡെക്സേഷന്‍ കൂടാതെ 12.5% നികുതിയോ തിരഞ്ഞെടുക്കാന്‍ നികുതിദായകരെ അനുവദിക്കുന്നതാണ് വ്യവസ്ഥ. ഇന്ത്യയില്‍ സ്ഥിര താമസക്കാരായ നികുതി ദായകര്‍ക്ക് ഇതു ആശ്വാസമാണ്. അതേ സമയം ഈ ഓപ്ഷനില്‍ എന്‍ആര്‍ഐ വിഭാഗത്തെ പരിഗണിക്കാത്തതുവഴി അവര്‍ക്ക് ഇന്‍ഡെക്സേഷന്റെ പ്രയോജനം നിഷേധിക്കപ്പെടുന്നു. ഇത് ദീര്‍ഘകാല റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങളിലെ പണപ്പെരുപ്പ പ്രത്യാഘാതങ്ങള്‍ കണക്കാക്കുന്നതില്‍ നിര്‍ണായകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, കെ സി വേണുഗോപാല്‍ എം പിയുടെ ആവശ്യം പരിഗണിച്ച് ധന്‍ബാദ് എക്‌സ്പ്രസ്സില്‍ രണ്ടു ഡി റിസര്‍വ്വ് കോച്ചുകള്‍ കൂടി റെയില്‍വേ അനുവദിച്ചു. ആലപ്പുഴ ധന്‍ബാദ് എക്‌സ്പ്രസ്സില്‍ രണ്ടു കോച്ചുകള്‍ ഡി റിസര്‍വ്വ് ചെയ്ത് ഉത്തരവിറക്കിയതായി റെയില്‍വെ മന്ത്രാലായം കെ അറിയിക്കുകയായിരുന്നു. മാര്‍ച്ച് 24 മുതല്‍ ആലപ്പുഴ മുതല്‍ കോയമ്പത്തൂര്‍ വരെ സീസണ്‍ ടിക്കറ്റ് യാത്രക്കാര്‍ക്ക് ഈ സൗകര്യം ലഭ്യമാകും. ഇക്കാര്യം വ്യക്തമാക്കി ജനുവരി 31ന് റെയില്‍വെ ഉത്തരവിറക്കി.
സീസണ്‍ ടിക്കറ്റുകാര്‍ക്ക് നേരത്തെ ആലപ്പുഴ മുതല്‍ കോയമ്പത്തൂര്‍ വരെ സ്ലീപ്പര്‍ക്ലാസില്‍ യാത്ര ചെയ്യുന്നതിന് അനുവാദം ഉണ്ടായിരുന്നു. എന്നാലിത് ഇടക്കാലത്ത് റെയില്‍വെ പിന്‍വലിച്ചിരുന്നു. ഇത് ദൈനംദിന യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടാണുണ്ടാക്കിയത്. യാത്രക്കാര്‍ കെ സി വേണുഗോപാല്‍ എം പിയെ യാത്രാ ദുരിതം ധരിപ്പിച്ചു. റെയില്‍വെ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഈ ആവശ്യം കെ സി വേണുഗോപാല്‍ പലപ്പോഴായി ഉന്നയിച്ചിരുന്നു.
അനുകൂല നടപടി ഉണ്ടാകുമെന്ന് എംപിക്ക് റെയില്‍വെ ഉറപ്പുനല്‍കിയിരുന്നു. ഇതുസംബന്ധിച്ച് ഉത്തരവ് ഇറങ്ങാന്‍ വൈകിയതിനെ തുടര്‍ന്ന് എം പി നിരന്തരം നടത്തിയ ഇടപെടലിലൂടെയാണ് റെയില്‍വെയുടെ നടപടി. ധന്‍ബാദ് എക്‌സ്പ്രസ്സില്‍ രണ്ടു കോച്ചുകള്‍ ഡി റിസര്‍വ്വ് സൗകര്യം ഏര്‍പ്പെടുത്തിയത് ദൈനംദിന സീസണ്‍ യാത്രക്കാര്‍ക്ക് ഏറെ പ്രയോജനകരമായിരിക്കുമെന്ന് കെ സി വേണുഗോപാല്‍ എം പി വ്യക്തമാക്കി.












Click it and Unblock the Notifications