'മലയാളികളാണെങ്കിലും ബിജെപിക്കാർക്ക് കേരള വിരുദ്ധ നിലപാടാണ്': ജോർജ് കുര്യനെതിരെ പ്രതിശേധം ശക്തം
കേരളം പിന്നോക്കമാണെന്ന് പ്രഖ്യാപിച്ചാല്‍ കൂടുതല്‍ കേന്ദ്ര സഹായം നല്‍കാമെന്ന കേന്ദ്ര സഹമന്ത്രി ജോർജ് കുര്യന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി എല്‍ ഡി എഫ് യു ഡി എഫ് നേതാക്കള്‍. കേരളം പിന്നോക്കമാണെന്ന് പ്രഖ്യാപിച്ചാൽ കൂടുതൽ കേന്ദ്ര സഹായം കിട്ടുമെന്ന കേന്ദ്ര മന്ത്രി ജോർജ് കുര്യൻ്റെ പ്രസ്താവന സംസ്ഥാനത്തെ അപമാനിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വ്യക്തമാക്കി. സംസ്ഥാനത്തെ അവഹേളിച്ച ജോർജ് കുര്യന് ഒരു നിമിഷം പോലും സ്ഥാനത്ത് തുടരാൻ അർഹതയില്ല. പ്രസ്താവന പിൻവലിച്ച് ജോർജ് കുര്യൻ മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബജറ്റിൽ കേരളമെന്ന വാക്ക് പോലുമില്ല. കേരളം ഉന്നയിച്ച ഒരു ആവശ്യവും പരിഗണിച്ചില്ല. ഇതൊരു രാഷ്ട്രീയ വിമർശനമായി ഉന്നയിക്കുമ്പോൾ കേരളീയരെയാകെ അപമാനിക്കുന്ന തരത്തിലാണ് കേന്ദ്ര മന്ത്രിയുടെ പ്രതികരണം. കേരളത്തിൽ നിന്നുള്ള മറ്റൊരു കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കും ബി ജെ പി സംസ്ഥാന നേതൃത്വത്തിനും ഇതേ അഭിപ്രായം തന്നെയാണോയെന്ന് വ്യക്തമാക്കണം.

കേരളത്തിൻ്റെ നേട്ടങ്ങളിൽ ബി ജെ പിക്കും സംഘ്പരിവാറിനും എന്ത് പങ്കാണുള്ളത്? സംസ്ഥാനത്തിന് ആവശ്യമായത് നേടിയെടുക്കാനുള്ള ആർജ്ജവമോ ഇച്ഛാശക്തിയോ ജോർജ് കുര്യനോ സുരേഷ് ഗോപിക്കോ ഇല്ല. ബി ജെ പിയുടെ താളത്തിന് തുള്ളുന്ന കളിപ്പാവകളയി കേന്ദ്ര മന്ത്രിമാർ അധപതിക്കരുത്. രാഷ്ട്രീയ അജണ്ട നടപ്പാക്കാനുള്ള അതിരുവിട്ട ശ്രമങ്ങൾ ഉണ്ടാകുമ്പോൾ ബജറ്റിൻ്റെ വിശ്വാസ്യതയാണ് നഷ്ടമാകുന്നത്. കാലാകാലങ്ങളായി കേരളം നേടിയ നേട്ടങ്ങളെ ഇല്ലാതാക്കുകയാണ് സംഘ്പരിവാറിൻ്റെ ശ്രമം. അതിനുള്ള നീക്കങ്ങൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. സംഘ്പരിവാർ എന്ത് ആഗ്രഹിക്കുന്നുവോ അതാണ് ജോർജ് കുര്യൻ്റെ വാക്കുകളിൽ കാണുന്നത്. ബി ജെ പി മന്ത്രിയാണെങ്കിലും ജോർജ് കുര്യൻ കേരളീയനാണെന്നത് മറക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തെ ദരിദ്രമാക്കണമെന്നാണ് സംസ്ഥാനത്തെ ബി ജെ പി നേതാക്കള്‍ ആഗ്രഹിക്കുന്നതെന്നായിരുന്നു സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രതികരണം. കേരളം പിടിക്കാനുള്ള ഒരുപാട് ശ്രമങ്ങള്‍ നടത്തിയിട്ടും നടക്കാത്തത് കൊണ്ട് കേരളത്തെ പൂര്‍ണമായും ദരിദ്രമാക്കുക എന്ന നിലപാടാണ് കേന്ദ്ര മന്ത്രിമാരും കേന്ദ്ര ഗവണ്‍മെന്റ് ആകെയും ചെയ്തുകൊണ്ടിരിക്കുന്നത്. കേരളത്തിലെ ബിജെപി നേതാക്കള്‍ക്കും കേരള വിരുദ്ധ നിലപാടാണ്. ഒരു തരത്തിലും കേരളത്തെ മുന്നോട്ട് പോകാന്‍ അനുവദിക്കില്ലെന്നതാണ് അവരുടെ നയമെന്നും എംവി ഗോവിന്ദന്‍ കൂട്ടിച്ചേർത്തു.
മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, കെ രാജന്‍, മുന്‍ എല്‍ ഡി എഫ് കണ്‍വീനർ പി ജയരാജന്‍ അടക്കമുള്ളവരും ജോർജ് കുര്യനെതിരെ രംഗത്ത് വന്നിട്ടുണ്ട്. "കേന്ദ്രത്തിന് മുന്നില്‍ പിച്ചച്ചട്ടി നീട്ടിനില്‍ക്കാന്‍ താല്‍പര്യമില്ല, ജോര്‍ജ് കുര്യന്‍ കേരളത്തോട് മാപ്പ് പറയണം" എന്നായിരുന്നു പി എ മുഹമ്മദ് റിയാസിന്റെ പ്രതികരണം. "സംസ്ഥാനം തകരുമ്പോൾ സഹായം നൽകാം എന്നാണ് ഒരു കേന്ദ്രമന്ത്രി പറയുന്നത്, ബിജെപി കടുത്ത കേരള വിരുദ്ധ പാർടിയായി മാറിയിരിക്കുന്നു" എന്ന് പി ജയരാജനും പറഞ്ഞു.












Click it and Unblock the Notifications