കുമ്മനം കേന്ദ്രമന്ത്രി പദത്തിലേക്ക്: താല്പര്യമില്ലെങ്കില് ശോഭാ സുരേന്ദ്രന്, പരിഗണന ഉറപ്പ്
തിരുവനന്തപുരം: ദീര്‍ഘകാല പ്രവര്‍ത്തന പരിചയമുള്ള നേതാക്കളെ അവഗണിച്ച് കഴിഞ്ഞ വര്‍ഷം മാത്രം കോണ്‍ഗ്രസില്‍ നിന്നും എത്തിയവര്‍ക്ക് ദേശീയ പുനഃസംഘടനയില്‍ മുന്‍ഗണന നല്‍കിയതില്‍ അമര്‍ശം ശക്തമാവുന്നു. അബ്ദുള്ളക്കുട്ടിയേയും ടോം വടക്കനേയും പരിഗണിച്ചതേക്കാളുപരി മുതിര്‍ന്ന നേതാക്കളെ ഒന്നാകെ തഴഞ്ഞതാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെ ഞെട്ടിച്ചത്. കുമ്മനം രാജശേഖരന് ലഭിക്കുമെന്ന് കരുതിയ ദേശീയ ഉപാധ്യക്ഷ സ്ഥാനമാണ് അബ്ദുള്ളക്കുട്ടിക്ക് ലഭിച്ചത്. ഇതില്‍ ആര്‍എസ്എസിനും അതൃപ്തിയുണ്ട്. എന്നാല്‍ ഇത്തരം യാതൊരു അതൃപ്തിയുടേയും ആവശ്യം ഇല്ലെന്ന് കേന്ദ്രനേതൃത്വം അറിയിക്കുന്നത്.

ഗവര്‍ണര്‍ പദവി രാജിവെച്ച്
മിസോറാം ഗവര്‍ണര്‍ പദവി രാജിവെച്ചാണ് കുമ്മനം രാജശേഖരന് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എത്തുന്നത്. എന്നാല്‍ കേരളത്തിലെ യുഡിഎഫ് തരംഗത്തില്‍ കുമ്മനത്തിന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. പിന്നീട് വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പില്‍ കുമ്മനത്തെ ബിജെപി രംഗത്തിറക്കുമെന്ന പ്രചാരണം ഉണ്ടായി.

വട്ടിയൂര്‍ക്കാവില്‍
ഓ രാജഗോപാല്‍ അടക്കമുള്ള നേതാക്കള്‍ ഇത് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അവസാന നിമിഷം എസ് സുരേഷിനേയായിരുന്നു ബിജെപി രംഗത്തിറക്കിയത്. തുടര്‍ന്ന് പദവികള്‍ ഒന്നും ഇല്ലാതെയാണ് കുമ്മനം സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാറിനെതിരായ സമരങ്ങളിലെല്ലാം അദ്ദേഹം സജീവുമാണ്.

ആര്‍എസ്എസിനും
കുമ്മനത്തിന് അര്‍ഹമായ സ്ഥാനം നല്‍കണമെന്ന താല്പര്യം ആര്‍എസ്എസിനും ഉണ്ടായിരുന്നു. പുനഃസംഘടനയില്‍ കുമ്മനത്തെ കേന്ദ്രം പരിഗണിക്കുമെന്ന് കരുതിയിക്കുമ്പോഴായിരുന്നു അബ്ദുള്ളക്കുട്ടി ആ സ്ഥാനത്തേക്ക് എത്തുന്നത്. കുമ്മനത്തെ ഒഴിവാക്കിയതിലെ അതൃപ്തി ആര്‍എസ്എസ് കടുത്ത ഭാഷയില്‍ തന്നെ ബിജെപി ദേശീയ നേതൃത്വത്തെ അറിയിക്കുകയും ചെയ്തു.

കേന്ദ്ര മന്ത്രിസഭയിലേക്ക്
എന്നാല്‍ ഭാരവാഹിപ്പട്ടികയില്‍ നിന്നും കുമ്മനത്തെ തഴഞ്ഞതല്ലെന്നാണ് കേന്ദ്ര നേതൃത്വം അറിയിക്കുന്നത്. അദ്ദേഹത്തെ കേന്ദ്ര മന്ത്രിസഭയിലേക്ക് പരിഗണിക്കാനിരിക്കുകയാണെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റുകളില്‍ ഒന്നില്‍ നിന്നും കുമ്മനത്തെ പാര്‍ലമെന്റില്‍ എത്തിക്കാമെന്നും നേതൃത്വം കരുതുന്നു.

ശോഭാ സുരേന്ദ്രന് പരിഗണന
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുന്നതിന് പിന്നാലെ കേന്ദ്ര മന്ത്രിസഭയില്‍ പുനഃസംഘടനയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാര്‍ലമെന്ററി രംഗത്തേ വരാന്‍ കുമ്മനത്തിന് താല്പര്യമില്ലെങ്കില് മന്ത്രിപദത്തിലേക്ക് എത്താന്‍ സാധ്യത കൂടുതല്‍ ശോഭാ സുരേന്ദ്രനാവും. വനിത പ്രതിനിധി എന്നതും അവര്‍ക്ക് മുതല്‍ക്കാട്ടാവും.

പ്രവര്‍ത്തനത്തില്‍ സജീവമല്ല
കഴിഞ്ഞ കുറച്ച് മാസങ്ങളായി സംസ്ഥാന നേതൃത്വത്തിലെ പ്രവര്‍ത്തനങ്ങളില്‍ ശോഭാ സുരേന്ദ്രന് സജീവമല്ല. നേരത്തെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട പേരുകാരില്‍ ഒരാളായിരുന്നു അവര്‍. എന്നാല്‍ കെ സുരേന്ദ്രന് അധ്യക്ഷ സ്ഥാനത്ത് എത്തിയതിന് പിന്നാലെ നടന്ന പുനഃസംഘടനയില്‍ ശോഭാ സുരേന്ദ്രനെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു.

കെ സുരേന്ദ്രന് വ്യക്തമാക്കുന്നത്
പുനഃസംഘടന സംബന്ധിച്ച് സംസ്ഥാന നേതൃത്വത്തിന് അതൃപ്തി ഒന്നും ഇല്ലെന്നാണ് അധ്യക്ഷന്‍ കെ സുരേന്ദ്രന് വ്യക്തമാക്കുന്നത്. ആര്‍ക്കൊക്കെ എന്തൊക്കെചുമതല നല്‍കണം എന്നുളളത് കേന്ദ്ര നേതൃത്വം ആലോചിച്ചെടുത്ത തീരുമാനമാണ്. ഇവിടെ ആരും അവഗണിക്കപ്പെട്ടതായി തോന്നുന്നില്ല. അവഗണിക്കപ്പെട്ടവരെന്ന് മാധ്യമങ്ങള്‍ പറയുന്നവരെ പാര്‍ട്ടി എങ്ങനെയാണ് പരിഗണിക്കുന്നത് കാത്തിരുന്ന് കാണാമെന്നും സുരേന്ദ്രന് പറഞ്ഞിരുന്നു.

കേരളത്തിന്റെ വികാരം
എന്നാല്‍ കേരളത്തിന്റെ വികാരം സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും കേന്ദ്ര സഹമന്ത്രി വി മുരളീധരനും കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുമ്മനത്തെ ഒഴിവാക്കിയതിലെ അതൃപ്തി ആര്‍എസ്എസും വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പില്‍ പടിവാതില്‍ക്കള്‍ എത്തിനില്‍ക്കെ ആര്‍എസ്എസിനെ പിണക്കുന്നത് തിരിച്ചടിയാകുമെന്ന് നേതൃത്വം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.

അതൃപ്തിയില്ല
അതേസമയം, പുനഃസംഘടനയില്‍ അതൃപ്തിയില്ലെന്നാണ് കുമ്മനം രാജശേഖരന് വ്യക്തമാക്കിയത്. യോഗ്യതയുള്ളവർക്കാണ് കേരളത്തിൽ നിന്ന് സ്ഥാനങ്ങൾ ലഭിച്ചത്. പാര്‍ട്ടിയുടെ ഏത് തീരുമാനത്തെയും സമ്പൂര്‍ണ്ണ മനസ്സോടെ സ്വീകരിക്കും. പ്രവര്‍ത്തനമികവ് മനസ്സിലാക്കിയും വിലയിരുത്തിയുമാണ് അബ്ദുള്ളക്കുട്ടിക്കും ടോം വടക്കനും പദവികൾ നൽകിയതെന്നും കുമ്മനം പറഞ്ഞു.

അയോഗ്യതരായതുകൊണ്ടല്ല
കേരളത്തിലെ മറ്റു നേതാക്കൾ അയോഗ്യതരായതുകൊണ്ടല്ല പദവികള്‍ ലഭിക്കാതെ പോയത്. പലകാര്യങ്ങളും വിലയിരുത്തിയാണ് കേന്ദ്ര നേതൃത്വം തീരുമാനം എടുക്കു. തനിക്കോ മറ്റാര്‍ക്കോ ഈ തീരുമാനങ്ങളില്‍ അതൃപ്തിയോ അമോര്‍ഷമോ ഇല്ല. ശോഭാ സുരേന്ദ്രന് സജിവമല്ലെന്ന വാര്‍ത്തകള്‍ ശരിയല്ല. അവര്‍ പാർട്ടി പരിപാടികളിൽ സജീവമാണ്. നേതൃത്വവുമായി അതൃപ്തിയിലല്ലെന്നും കുമ്മനം പറഞ്ഞു.
യുഡിഎഫിനെ ഉലച്ച് രാജികള്‍; നാടകീയത തിരിച്ചടിയുണ്ടാക്കി, നേതൃത്വത്തെ കാണാന്‍ ലീഗ്, അമര്‍ഷം ശക്തം