കോവിഡ് വാക്സിനേഷന്‍ എന്‍ട്രിയില്‍ തട്ടിപ്പെന്ന മാധ്യമവാർത്തകള്‍ അടിസ്ഥാന രഹിതമെന്ന് കേന്ദ്രം
ദില്ലി: കോവിഡ് വാക്സിന്റെ രണ്ട് ഡോസുകളും സ്വീകരിക്കാത്തവരെ പൂർണ്ണ തോതില്‍ വാക്സിന്‍ എടുത്തവരായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന മാധ്യമ റിപ്പോർട്ടുകൾ അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. "വാക്സിനേഷൻ തട്ടിപ്പ് ആരോപിച്ച് ചില അന്താരാഷ്ട്ര മാധ്യമങ്ങളിൽ റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. വാക്സിനേഷൻ കണക്കുകളിൽ കൃത്രിമം കാണിക്കുന്നു എന്നും ഈ റിപ്പോർട്ടുകൾ ആരോപിക്കുന്നു. എന്നാൽ ഇത്തരം മാധ്യമ റിപ്പോർട്ടുകൾ തെറ്റിദ്ധരിപ്പിക്കുന്നത് മാത്രമല്ല, തികച്ചും വാസ്തവ വിരുദ്ധവും അടിസ്ഥാനരഹിതവുമാണ്"- കേന്ദ്ര ആരോഗ്യ കുടുംബക്ഷേമമന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
വാക്സിനേഷൻ സമയത്ത് കൃത്രിമത്വം നടത്താനോ അല്ലെങ്കിൽ തെറ്റായ വിവരം രേഖപ്പെടുത്തുന്നതും തടയുന്നതിന് പ്രത്യേക മാനദണ്ഡങ്ങളും സംവിധാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് വാക്സിനേഷന്‍ സർട്ടിഫിക്കറ്റ് നല്‍കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. ഓരോ വാക്‌സിനേഷൻ ടീമിനൊപ്പവും ഒരു പരിശോധകൻ ഉണ്ടാവും. വാക്‌സിനേഷനായി വരുന്ന ഗുണഭോക്താക്കളുടെ വ്യക്തിഗത വിവരം സ്ഥിരീകരിക്കുക എന്നതാണ് ഇവരുടെ ജോലി. ഇതിന്റെ അടിസ്ഥാനത്തിലാണ് വിവരങ്ങള്‍ സൈറ്റില്‍ രേഖപ്പെടുത്തുന്നത്.

ഒരു ഗുണഭോക്താവ് വാക്സിനേഷൻ എടുത്തതായി കോവിൻ-സൈറ്റില്‍ രേഖപ്പെടുത്തുന്നതിന് മുന്പായി വാക്സിനേഷൻ പ്രക്രിയയിൽ താഴെപ്പറയുന്ന ഘട്ടങ്ങളുണ്ട്.
1. ഷെഡ്യൂൾ ചെയ്യുക - ഇത് ഓൺലൈനിലോ നേരിട്ടോ ആകാം
2. സ്ഥിരീകരിക്കുക - ഷെഡ്യൂൾ ചെയ്‌ത ഗുണഭോക്താക്കൾ (ഓൺലൈൻ അല്ലെങ്കിൽ നേരിട്ട്) മാത്രമേ അടുത്ത ഘട്ട പരിശോധനയിലേക്ക് പോകൂ. അവിടെ, കോവിന്‍ സൈറ്റില്‍ നൽകിയ വിശദാംശങ്ങൾ പരിശോധിച്ച് ഗുണഭോക്താവിന്റെ വ്യക്തി വിവരങ്ങള്‍ സ്ഥിരീകരിക്കുന്നു.
3. വാക്സിനേഷൻ - വാക്സിനേഷന്‍ ടീമിലെ പ്രത്യേകം ചുമതലപ്പെടുത്തിയ ആള്‍ വെരിഫിക്കേഷന്‍ വിജയകരമായി പൂർത്തിയാക്കിയാല്‍ മാത്രമേ ഗുണഭോക്താവ് വാക്സിൻ സ്വീകരിച്ചതായി രേഖപ്പെടുത്തുകയുള്ളു.
ഒന്നാം ഡോസിനോ അല്ലെങ്കിൽ നേരിട്ട് രജിസ്ട്രേഷനോ വരുന്ന ഗുണഭോക്താവ്, അവർ നൽകിയിട്ടുള്ള മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഓ ടി പി, വെരിഫിക്കേഷൻ സമയത്ത് വാക്സിനേഷന്‍ ടീമിലെ വെരിഫയർ അല്ലെങ്കില്‍ വാക്‌സിനേറ്റർക്ക് നല്‍കേണ്ടതുണ്ട്. അവർ ഈ ഓ ടി പി എന്റർ ചെയ്ത് വെരിഫിക്കേഷന്‍ സ്ഥിരീകരിക്കും. ആധാർ നമ്പർ നൽകിയിട്ടുണ്ടെങ്കിൽ ആധാർ അടിസ്ഥാനമാക്കിയുള്ള സ്ഥിരീകരണം നടത്താനുള്ള സംവിധാനമുണ്ട്. മറ്റ് ഫോട്ടോ തിരിച്ചറിയൽ രേഖകളാണ് നൽകുന്നതെങ്കില്‍ വെരിഫയർ/വാക്‌സിനേറ്റർക്ക് അതിന്റെ ചിത്രം പകർത്താനുള്ള അനുമതിയുണ്ട്.
രണ്ടാം ഡോസന് വരുമ്പോള്‍ ഗുണഭോക്താവ് നൽകുന്ന വിശദാംശങ്ങൾ അനുസരിച്ച് പേര്, ഗുണഭോക്താവിന്റെ ഐഡി (കോവിനിൽ നല്‍കിയത്), രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ എന്നിവ ഉപയോഗിച്ച് CoWIN ഡാറ്റാബേസിൽ നിന്ന് ഗുണഭോക്താവിനെ വെരിഫൈ ചെയ്യാന്‍ സാധിക്കും. ഐഡന്റിന്റി പരിശോധിച്ചുറപ്പിച്ചതിന് ശേഷം, ഗുണഭോക്താവ് അവരുടെ ജനന വർഷവും തനിക്ക് ലഭ്യമാകുന്ന രഹസ്യ കോഡും ഫോണ്‍നമ്പറിലേക്ക് വന്ന എസ്എംഎസും വെരിഫൈ ചെയ്യേണ്ടതുണ്ട്. ഓരോ ഘട്ടത്തിലും ഗുണഭോക്താവിന് എസ് എം എസ് അറിയിപ്പുകൾ അയയ്ക്കുന്നതായിരിക്കും.
ഇത്തരത്തിലുള്ള സംവിധാങ്ങൾ ഉണ്ടായിരുന്നിട്ടും, വാക്‌സിനേഷൻ ടീം പ്രവർത്തന മാനദണ്ഡങ്ങൾ അവഗണിക്കുന്ന സാഹചര്യങ്ങൾ ഉണ്ടാകാമെന്ന് ആരോഗ്യ മന്ത്രാലയം തന്നെ വ്യക്തമാക്കുന്നുണ്ട്. ഇത് തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തുന്നതിലെക്ക് നയിക്കുന്നു. കോവിൻ മുഖേന ഗുണഭോക്താക്കളുമായി എസ് എം എസ് വഴി ആശയവിനിമയം നടത്തുന്നത് കാരണം, അത്തരം കേസുകൾ പരാതി പരിഹാര സംവിധാനം വഴി ഉടൻ റിപ്പോർട്ട് ചെയ്യപ്പെടും. അത്തരം പരാതികൾ ലഭിക്കുമ്പോൾ, ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിക്കുന്നതിന് അത്തരം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന വാക്സിനേഷൻ ടീമിന്റെയും വാക്സിനേഷൻ കേന്ദ്രത്തിന്റെയും വിശദാംശങ്ങൾ ബന്ധപ്പെട്ട സംസ്ഥാന ഉദ്യോഗസ്ഥർക്ക് അയച്ച് നല്‍കുന്നതായിരിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.












Click it and Unblock the Notifications