മുനമ്പം വഖഫ് വിഷയത്തില്‍ ബിജെപിയുടെ വാദം ശരിയല്ലെന്ന് കേന്ദ്രമന്ത്രി സമ്മതിച്ചു; വിഡി സതീശന്‍
തിരുവനന്തപുരം: വഖഫ് ബില്‍ പാസായാല്‍ മുനമ്പം പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന ബിജെപിയുടെ വാദം ശരിയല്ലെന്ന് സമ്മതിക്കുന്നതാണ് കേന്ദ്ര മന്ത്രി കിരണ്‍ റിജിജുവിന്റെ വാക്കുകള്‍ എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. യുഡിഎഫിന്റെ നിലപാടാണ് ശരിയെന്ന് വഖഫ് ഭേദഗതി ബില്‍ അവതരിപ്പിച്ച മന്ത്രിക്ക് പോലും അംഗീകരിക്കേണ്ടി വന്നു. മാത്രമല്ല മുനമ്പത്തെ സംബന്ധിച്ച് ഒരിക്കലും അവസാനിക്കാത്ത നിയമ പോരാട്ടങ്ങള്‍ക്ക് വാതില്‍ തുറന്നിടുന്നതാണ് വഖഫ് ഭേദഗതി ബില്‍ എന്നും സതീശന്‍ പറഞ്ഞു. വഖഫ് ബില്ല് പാസായാല്‍ മുനമ്പത്തുള്ളവരുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്ന ബിജെപിയുടെ വാദം തെറ്റായി എന്ന് വ്യക്തമായിരിക്കുകയാണെന്ന് പികെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു.
എന്ത് പ്രതിസന്ധി ഉണ്ടായാലും മുനമ്പം പ്രശ്‌നം രമ്യമായി പരിഹരിക്കുമെന്ന് യുഡിഎഫിന് ഉറപ്പുണ്ട് എന്ന് സതീശന്‍ പറഞ്ഞു. ഇപ്പോള്‍ പ്രശ്‌നപരിഹാരത്തിന് തടസമായി നില്‍ക്കുന്നത് സംസ്ഥാന സര്‍ക്കാരും സര്‍ക്കാരിന് കീഴിലുള്ള വഖഫ് ബോര്‍ഡുമാണ്. വഖഫ് ട്രൈബ്യൂണലില്‍ നിന്ന് അനുകൂല വിധി പ്രതീക്ഷിച്ചിരുന്ന മുനമ്പം നിവാസികളെ പാടെ നിരാശപ്പെടുത്തുന്നതാണ് സര്‍ക്കാര്‍ നിലപാട്.

ട്രിബ്യൂണലിനെതിരെ വഖഫ് ബോര്‍ഡ് ഹൈക്കോടതിയില്‍ പോയത് മുനമ്പം നിവാസികളോടുള്ള വഞ്ചനയാണ്. മുനമ്പത്തേത് വഖഫ് ഭൂമിയല്ല എന്നാണ് ഭൂമി നല്‍കിയ സേട്ടിന്റെ കുടുംബവും ഭൂമി വാങ്ങിയ ഫാറൂഖ് കോളേജും ട്രിബ്യൂണലില്‍ വ്യക്തമാക്കിയത്. പ്രശ്‌ന പരിഹാര സാധ്യത തെളിഞ്ഞ് വന്നപ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ തന്നെ അത് അട്ടിമറിച്ചത്.
വഖഫ് ഭേദഗതി ബില്ലിന് മുന്‍കാല പ്രബല്യമില്ലെന്ന് കേന്ദ്രമന്ത്രി നേരത്തെ സമ്മതിച്ചിട്ടുണ്ട്. പിന്നെ എങ്ങനെയാണ് മുനമ്പം വിഷയം ശാശ്വതമായി പരിഹരിക്കുന്നത്. രണ്ട് സമുദായങ്ങളെ തമ്മിലടിപ്പിച്ച് രാഷ്ട്രീയ ലാഭം കാത്തിരിക്കുകയാണ് ബിജെപി. ആ രാഷ്ട്രീയ ലാഭം യുഡിഎഫിന് വേണ്ട. ശാശ്വത പ്രശ്‌ന പരിഹാരമാണ് യുഡിഎഫ് ലക്ഷ്യമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കാട്ടാന ആക്രമണത്തില്‍ സര്‍ക്കാരിന് നിസംഗത
രണ്ട് ദിവസത്തിനിടെ മൂന്ന് ജീവനാണ് കാട്ടാന ആക്രമണത്തില്‍ പൊലിഞ്ഞത്. നടുക്കുന്ന വാര്‍ത്തകളാണ് മലയോര മേഖലയില്‍ നിന്ന് ദിവസവും പുറത്ത് വരുന്നത്. അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് പലവട്ടം ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. വനാതിര്‍ത്തിയിലെ ജനങ്ങളെ വിധിക്ക് വിട്ടുകൊടുത്ത് സര്‍ക്കാര്‍ നിസംഗരായി നില്‍ക്കുകയാണ്. ആനകള്‍ കൂടുതലായി ഇറങ്ങുന്ന സ്ഥലങ്ങളില്‍ പ്രത്യേക സംഘത്തിന്റെ നിരീക്ഷണം ഉറപ്പാക്കി ജനങ്ങള്‍ക്ക് സംരക്ഷണം ഒരുക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം.
കാടിനുള്ളിലാണ് വന്യജീവി ആക്രമണം ഉണ്ടാകുന്നതെന്ന സ്ഥിരം പല്ലവി ദയവായി വനം മന്ത്രി ഇനിയും പറയരുത്. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ രണ്ട് ആദിവാസികളാണ് ഇന്ന് കൊല്ലപ്പെട്ടത്. വനാവകാശ നിയമ പ്രകാരം കാട്ടിനുള്ളില്‍ ആദിവാസികള്‍ താമസിക്കുന്നുണ്ട്. അവര്‍ക്ക് സുരക്ഷ ഒരുക്കേണ്ടത് സര്‍ക്കാരാണ്. ദിവസവും വന്യജീവി ആക്രമണം ഉണ്ടാകുന്ന അസാധാരണ സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. യഥാര്‍ഥ പ്രശ്‌നത്തെ അഭിമുഖീകരിക്കാത്ത സര്‍ക്കാരും വനം വകുപ്പുമാണ് ഇതില്‍ ഒന്നാം പ്രതി.
ഈ വര്‍ഷം ഇതുവരെ 18 ജീവനുകളാണ് വന്യജീവി ആക്രമണത്തില്‍ പൊലിഞ്ഞത്. ഫെബ്രുവരി മാസത്തില്‍ ഒരാഴ്ചയില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടപ്പോള്‍ അടിയന്തര നടപടി ഉണ്ടാകുമെന്ന് വനം മന്ത്രി ഉറപ്പ് നല്‍കിയതാണ്. എന്നാല്‍ ചെറുവിരല്‍ അനക്കിയില്ല. മലയോര മേഖല ഒന്നാകെ ഭീതിയുടെ നിഴലില്‍ നില്‍ക്കുമ്പോള്‍ സര്‍ക്കാരിന്റെ നിസംഗത അംഗീകരിക്കാനാകില്ല. റിപ്പോര്‍ട്ട് തേടുകയെന്നത് മാത്രമല്ല വനം മന്ത്രിയുടെ ജോലി. അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ വനം മന്ത്രി എന്തിനാണ് സ്ഥാനത്തിരിക്കുന്നത് എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.












Click it and Unblock the Notifications