'ജനങ്ങള്‍ ചൂടില്‍ വെന്ത് മരിക്കുമ്പോള്‍ മുഖ്യമന്ത്രിക്ക് ബീച്ച് ടൂറിസം'; ആരാണ് സ്‌പോണ്‍സറെന്ന് കേന്ദ്രമന്ത്രി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ സന്ദര്‍ശനത്തെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍. റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിയെ പോലെയാണ് മുഖ്യമന്ത്രി എന്ന് മുരളീധരന്‍ പറഞ്ഞു. കേരളം വെയിലത്ത് വെന്തുരുകുമ്പോളാണ് മുഖ്യമന്ത്രി കുടുംബവുമായി ബീച്ച് ടൂറിസത്തിന് പോകുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
19 ദിവസത്തെ വിനോദസഞ്ചാരത്തിനുള്ള വരുമാന സ്രോതസ് എന്താണ് എന്നും അദ്ദേഹം ചോദിച്ചു. 'കേരളത്തിലെ ജനങ്ങള്‍ വേനല്‍ ചൂടില്‍ പാടത്തും പറമ്പിലും വീണ് മരിക്കുകയാണ്. അപ്പോഴാണ് പിണറായി വിജയന്‍ മക്കളും കൊച്ചുമക്കളുമായി ബീച്ച് ടൂറിസം ആസ്വദിക്കാന്‍ സിംഗപ്പൂരില്‍ പോയിരിക്കുന്നത്. ആരാണ് ഈ വിനോദസഞ്ചാരത്തിന്റെ സ്‌പോണ്‍സര്‍?' മുരളീധരന്‍ ചോദിച്ചു.

മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് മന്ത്രിയുടെയും ചുമതല ആര്‍ക്കാണ് നല്‍കിയിരിക്കുന്നത് എന്നും അദ്ദേഹം ആരാഞ്ഞു. ഇക്കാര്യം വ്യക്തമാക്കി സര്‍ക്കാര്‍ പത്രക്കുറിപ്പ് ഇറക്കിയിട്ടില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും ചുമതല കൈമാറാതെ പോകുന്നത് ജനങ്ങളോട് കാണിക്കുന്ന നിരുത്തരവാദമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയോ പാര്‍ട്ടിയോ ഇക്കാര്യത്തില്‍ മറുപടി പറയണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ വിദേശ യാത്രയ്ക്ക് അനുമതി നിഷേധിക്കാന്‍ വിദേശകാര്യ മന്ത്രാലയത്തിന് അവകാശം ഇല്ല എന്നും മറ്റൊരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. അങ്ങേയറ്റത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ എന്ന് പറയുന്ന സര്‍ക്കാരിന്റെ തലവന്റെ യാത്രയില്‍ സി പി എമ്മിന് എന്താണ് പറയാനുള്ളത് എന്നും മുരളീധരന്‍ ചോദിച്ചു. സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സി പി ഐ സെക്രട്ടറിയും മറുപടി പറയണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
ഇന്നലെയാണ് മുഖ്യമന്ത്രി കുടുംബത്തോടൊപ്പം വിദേശയാത്രക്ക് തിരിച്ചത്. തിങ്കളാഴ്ച രാവിലെ ദുബായിലെത്തിയതിന് ശേഷം അവിടെ നിന്ന് 10.10 നാണ് ഇന്തോനേഷ്യയിലേക്ക് യാത്ര തിരിച്ചത്. കുടുംബത്തോടൊപ്പം മൂന്ന് രാജ്യങ്ങളാണ് മുഖ്യമന്ത്രി സന്ദര്‍ശിക്കുക. മുഖ്യമന്ത്രിയുടെ ഭാര്യ കമല, മകള്‍ വീണ, ഭര്‍ത്താവ് മന്ത്രി പി എ മുഹമ്മദ് റിയാസ് എന്നിവരും വിദേശയാത്രയിലൊപ്പമുണ്ട്.
യു എ ഇ, ഇന്തോനേഷ്യ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലാണ് മുഖ്യമന്ത്രി സന്ദര്‍ശനം നടത്തുന്നത്. ഈ മാസം 12 വരെ ഇന്തോനേഷ്യയിലും പിന്നീട് സിംഗപ്പൂരിലുമായിരിക്കും മുഖ്യമന്ത്രി. 19 മുതല്‍ 21 വരെ ദുബായില്‍ തങ്ങും. ഔദ്യോഗിക ആവശ്യത്തിനായി വിദേശത്തേക്ക് പോകുന്ന വേളകളില്‍ സര്‍ക്കാര്‍ തന്നെ യാത്ര സംബന്ധിച്ച് പത്രക്കുറിപ്പ് ഇറക്കാറുണ്ട്. എന്നാല്‍ സ്വകാര്യ സന്ദര്‍ശനമായതിനാല്‍ മുഖ്യമന്ത്രിയുടെ യാത്ര സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും പുറത്തുവന്നിട്ടില്ല.












Click it and Unblock the Notifications