ചോരക്കൊതി മാറാത്ത എസ്എഫ്ഐക്കാരെ അടക്കിയിരുത്തുന്നതാണ് പിണറായി സർക്കാരിന് നല്ലതെന്ന് കേന്ദ്രമന്ത്രി!
തൃശൂര്‍: കേരള വര്‍മ കോളേജില്‍ എബിവിപി പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ 20 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരിക്കുകയാണ്. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് കോളേജില്‍ സെമിനാര്‍ നടത്തുന്നതിന് നേതൃത്വം കൊടുത്ത എബിവിപിക്കാരെയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് തല്ലിയത്.
മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പ്രതിഷേധ സൂചകമായി എബിവിപി സംസ്ഥാനത്തെ കോളേജുകളിൽ പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സംഭവത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ രംഗത്ത് വന്നു. ചോരക്കൊതി മാറാത്ത എസ്എഫ്ഐക്കാരെ അടക്കിയിരുത്തുന്നതാണ് പിണറായി സർക്കാരിന് നല്ലതെന്ന് മുരളീധരൻ മുന്നറിയിപ്പ് നൽകി.

അക്രമിക്കൂട്ടമായി അധപതിച്ചു
ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് എസ്എഫ്ഐക്കും പിണറായി സർക്കാരിനുമെതിരെ ആഞ്ഞടിച്ച് കേന്ദ്ര സഹമന്ത്രി രംഗത്ത് എത്തിയിരിക്കുന്നത്. വി മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്: ''എസ്എഫ്ഐ എന്ന വിദ്യാർത്ഥി സംഘടന വെറും അക്രമിക്കൂട്ടമായി അധപതിച്ചതിന്റെ ഏറ്റവും പുതിയ കാഴ്ചയാണ് തൃശൂർ കേരളവർമ കോളജിൽ ഇന്ന് രാവിലെ കണ്ടത്.

കേരളവർമ്മ കോളജിലെ അക്രമം കണ്ടില്ലേ?
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ കത്തിക്കുത്തും അക്രമവും സർക്കാരിനെ പ്രതിരോധത്തിലാക്കിയപ്പോൾ ഇനി ഒരു ക്യാംപസിലും ഇങ്ങനെയൊന്നും ഉണ്ടാകില്ലെന്ന് പറഞ്ഞ പിണറായി സർക്കാർ കേരളവർമ്മ കോളജിലെ അക്രമം കണ്ടില്ലേ? ഇല്ലെങ്കിൽ, എബിവിപി പ്രവർത്തകരെ എസ്എഫ്ഐ ഗുണ്ടകൾ വളഞ്ഞിട്ട് തല്ലുന്ന ദൃശ്യങ്ങൾ എല്ലാ വാർത്താ ചാനലുകളിലും സംപ്രേഷണം ചെയ്യുന്നത് ഒന്ന് കണ്ടു നോക്കണം.

തെമ്മാടിക്കൂട്ടങ്ങളെ അഴിച്ചുവിടുകയാണോ
എസ്എഫ്ഐ ഗുണ്ടായിസത്തിൽ ഗുരുതരമായി പരിക്കേറ്റ എബിവിപി പ്രവർത്തകർ ഇപ്പോൾ ആശുപത്രിയിലാണ്. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് സെമിനാർ നടത്താൻ നേതൃത്വം നൽകിയതിനാണ് ക്യാംപസിനുള്ളിൽ അക്രമിസംഘം അഴിഞ്ഞാടിയത്. എതിർ ശബ്ദങ്ങളെ നിശബ്ദമാക്കാൻ ഇത്തരം തെമ്മാടിക്കൂട്ടങ്ങളെ ക്യാംപസുകളിൽ അഴിച്ചുവിടുകയാണോ പിണറായി സർക്കാർ?

അടക്കിയിരുത്തുന്നതാണ് സർക്കാരിന് നല്ലത്
പൗരത്വ നിയമ ഭേദഗതിയെ എതിർക്കാൻ പിണറായിയും ചെന്നിത്തലയും ഒന്നിച്ച് സത്യഗ്രഹം നടത്തിയപ്പോൾ അത് തടയാനൊന്നും ആരും വന്നില്ലല്ലോ? പിന്നെന്തിനാണ് ചർച്ചകളോടും സ്വതന്ത്ര അഭിപ്രായത്തോടും ഈ അസഹിഷ്ണുത ? പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് ചർച്ചകൾ നടന്നാൽ നിങ്ങളുടെ മുതലെടുപ്പ് രാഷ്ട്രീയം വിലപ്പോവില്ലെന്ന ഭീതിയാണോ ക്യാംപസ് ഗുണ്ടകളെ ഇറക്കിയതിന് പിന്നിൽ? ചോരക്കൊതി മാറാത്ത എസ്എഫ്ഐക്കാരെ അടക്കിയിരുത്തുന്നതാണ് പിണറായി സർക്കാരിന് നല്ലത്!''












Click it and Unblock the Notifications