കേരളത്തില്‍ കൊവിഡ് കേസുകള്‍ കുറയുന്നു; അഭിനന്ദനവുമായി കേന്ദ്ര സര്‍ക്കാര്‍, എറണാകുളത്ത് ആശങ്ക
തിരുവനന്തപുരം: കേരളത്തിലെ കൊവിഡ് കേസുകളില്‍ ഒരു മാസത്തിലുണ്ടായ കുറവ് അഭിന്ദനാര്ഡഹമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. സംസ്ഥാനത്ത് ഫെബ്രുവരി 11ന് 64,607 ആക്ടീവ് കേസുകളാണുണ്ടായിരുന്നത്. എന്നാല്‍ ഇത് മാര്‍ച്ച് 11 ആവുമ്പോഴേക്കും 35,715 ആയി കുറഞ്ഞു. എന്നാല്‍ രാജ്യത്ത് സജീവ കൊവിഡ് രോഗികളുള്ള പത്ത് ജില്ലകളില്‍ എറണാകുളം ഉള്‍പ്പെടുത്തുന്നത് ആശങ്കയുളവാക്കുന്നതാണ്. മഹാരാഷ്ട്രയിലെ എട്ട് ജില്ലകളാണ് പട്ടികയിലുള്ളത്.

മഹാരാഷ്ട്രയിലെ കേസുകളുടെ വര്‍ദ്ധന ആശങ്കയുണ്ടാക്കുന്നതാണെന്ന് നീതി ആയോഗ് അംഗം ഡോ വികെ പോള്‍ പറഞ്ഞു. കേസുകള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ മാര്‍ത്ത് 15 മുതല്‍ 21 വരെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് കൂടുതല്‍ ജില്ലകളില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സൂചിപ്പിച്ചിരുന്നു.
അതേസമയം, 2021ല്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഇന്നത്തെ ദിവസമാണ്. ഇന്ന് 22854 കേസുകളാണ് ആകെ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 13659 കേസുകളും മഹാരാഷ്ട്രയില്‍ നിന്ന് മാത്രം റിപ്പോര്‍ട്ട് ചെയ്തതാണ്. ഇത് രാജ്യത്തെ ആകെ പ്രതിദി കണക്കിന്റെ 60 ശതമാനമാണ്. പൂനെ, താനെ, മുംബൈ, അമരാവതി, ജാല്‍ഗാവ്, നാസിക് ഔറംഗബാദ് എന്നിവയാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ലകള്‍.
രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത മൊത്തം കേസുകളുടെ 85 ശതമാനവും മഹാരാഷ്ട്ര, കേരളം, കര്‍ണാടക, തമിഴ്‌നാട്, എന്നീ ആറ് സംസ്ഥാനങ്ങളില്‍ നിന്നാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇപ്പോള്‍ മഹാരാഷ്ട്രയില്‍ മാത്രം ഒരു ലക്ഷത്തില്‍ കൂടുതല്‍ കേസുകളുണ്ട്. മധ്യപ്രദേശ്, ഗുജറാത്ത്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലും കേസുകള്‍ വര്‍ദ്ധിക്കുന്നുണ്ട്.
അതേസമയം, കേരളത്തില്‍ ഇന്ന് 2133 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 261, പത്തനംതിട്ട 206, എറണാകുളം 205, കണ്ണൂര്‍ 200, കോട്ടയം 188, മലപ്പുറം 179, തൃശൂര്‍ 172, ആലപ്പുഴ 168, കൊല്ലം 152, കാസര്‍ഗോഡ് 117, തിരുവനന്തപുരം 116, പാലക്കാട് 88, ഇടുക്കി 46, വയനാട് 35 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.












Click it and Unblock the Notifications