കെഎസ്‌യു സംസ്ഥാന കണ്‍വീനറുടെ ബിരുദ സര്‍ട്ടിഫിക്കറ്റും വ്യാജമെന്ന് കേരള സര്‍വകലാശാല; ഡിജിപിക്ക് പരാതി
തിരുവനന്തപുരം: കെ എസ് യു സംസ്ഥാന കണ്‍വീനര്‍ അന്‍സില്‍ ജലീലിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റും വ്യാജമാണെന്ന് കേരള സര്‍വകലാശാല. അന്‍സിലിന്റെ സര്‍ട്ടിഫിക്കറ്റിലെ ഒപ്പ്, സീല്‍, രജിസ്റ്റര്‍ നമ്പര്‍ എന്നിവ യഥാര്‍ത്ഥമല്ലെന്നാണ് കേരള സര്‍വകലാശാല അറിയിച്ചിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ അന്‍സില്‍ ജലീലിനെതിരേയും അന്വേഷണം ആവശ്യപ്പെട്ട് പരീക്ഷ കണ്‍ട്രോളര്‍ ഡി ജി പിക്ക് പരാതി നല്‍കിയിട്ടുണ്ട്.
എന്നാല്‍ ആരോപണം അന്‍സില്‍ ജലീല്‍ നിഷേധിച്ചു. കേരള സര്‍വകലാശാലയില്‍ ബികോം പഠിച്ചിട്ടില്ലെന്ന് അന്‍സില്‍ പറഞ്ഞു. ബിഎ ഹിന്ദി ലിറ്ററേച്ചറാണ് പഠിച്ചത് എന്നും അന്‍സില്‍ കൂട്ടിച്ചേര്‍ത്തു. ആരോപണത്തിന് രാഷ്ട്രീയ ഗൂഢാലോചനയാണ് എന്നും അന്‍സില്‍ പറഞ്ഞു. സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലിക്കോ പ്രവേശനത്തിനോ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2016 ല്‍ കേരള സര്‍വകലാശാലയില്‍ നിന്ന് ബി കോം ബിരുദം നേടി എന്നായിരുന്നു അന്‍സിലിന്റെ സര്‍ട്ടിഫിക്കറ്റിലുണ്ടായിരുന്നത്.

എന്നാല്‍ അന്‍സില്‍ ജലീലിന്റെ കയ്യിലുള്ള സര്‍ട്ടിഫിക്കറ്റില്‍ 2004 മുതല്‍ 2008 വരെ വിസി യായിരുന്ന എന്‍ കെ രാമചന്ദ്രന്‍ നായരുടെ ഒപ്പാണുള്ളത് എന്ന് സര്‍വകലാശാല കണ്ടെത്തി. പി കെ രാധാകൃഷ്ണനാണ് 2014 മുതല്‍ 2018 വരെ കേരള സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായിരുന്നത്. സര്‍ട്ടിഫിക്കറ്റിലെ രജിസ്റ്റര്‍ നമ്പറുകളിലും വൈരുധ്യമുള്ളതായി വ്യക്തമായിരുന്നു.
962039 ആണ് സെപ്റ്റംബര്‍ 2013 ലെ രജിസ്റ്റര്‍ നമ്പറായി കാണിച്ചിരിക്കുന്നത്. എന്നാല്‍, ആ വര്‍ഷം സര്‍വകലാശാല യഥാര്‍ത്ഥത്തില്‍ അനുവദിച്ചത് 4044 എന്ന നമ്പറില്‍ തുടങ്ങുന്ന രജിസ്റ്റര്‍ നമ്പറുകളാണ്. ഏപ്രില്‍ 2013 ലെ നമ്പര്‍ 70 ല്‍ തുടങ്ങുന്നതായിരുന്നു. എന്നാല്‍ സര്‍ട്ടിഫിക്കറ്റില്‍ കാണിച്ചിരിക്കുന്നത് 622087 ആണ്. 2016 ഏപ്രിലിലെ മെയിന്‍ പരീക്ഷയ്ക്ക് 80247 ആണ് രജിസ്റ്റര്‍ നമ്പറായി സര്‍ട്ടിഫിക്കറ്റില്‍ കാണിച്ചിരിക്കുന്നത്.
എന്നാല്‍ മേഴ്സി ചാന്‍സ് പരീക്ഷയുടെ രജിസ്റ്റര്‍ നമ്പറാണ് 80 ല്‍ ആരംഭിക്കുന്നത്. സര്‍ട്ടിഫിക്കറ്റില്‍ കാണിച്ചിരിക്കുന്ന വിഷയത്തില്‍ സര്‍വകലാശാല ഒടുവില്‍ മേഴ്സി ചാന്‍സ് നല്‍കിയത് 2015 ലും 2017ലും ആണ് എന്നും വ്യക്തമായിട്ടുണ്ട്. എസ് എഫ് ഐയാണ് അന്‍സില്‍ ജലീലിന് എതിരെ പരാതിയുമായി രംഗത്തെത്തിയത്. മുന്‍ എസ് എഫ് ഐ നേതാവ് നിഖില്‍ തോമസിനെതിരായ പരാതിക്കൊപ്പമാണ് അന്‍സില്‍ ജലീലിനെതിരെയും പരാതി നല്‍കിയത്.
അതിനിടെ എസ് എഫ് ഐ കായംകുളം മുന്‍ ഏരിയാ സെക്രട്ടറിയായിരുന്ന നിഖില്‍ തോമസിനെ അതിനിടെ സംഘടനയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, സെക്രട്ടറി പിഎം ആര്‍ഷോ എന്നിവര്‍ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.












Click it and Unblock the Notifications