ഉണ്ണി ബാലകൃഷ്ണന്‍ റിപ്പോർട്ടർ വിട്ട് ഏഷ്യാനെറ്റിലേക്ക് പോകുന്നത് എന്തുകൊണ്ട്: അരുണ്‍ കുമാർ പറയുന്നു
പ്രമുഖ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടിവി ഡിജിറ്റല്‍ ഹെഡ്ഡുമായ ഉണ്ണികൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസിലേക്ക് ചുവട് മാറുന്നുവെന്ന വാർത്ത മാധ്യമലോകത്ത് വലിയ രീതിയിലുള്ള ചർച്ചകള്‍ക്കാണ് ഇടയാക്കിയിരിക്കുന്നത്. റിപ്പോർട്ടർ ചാനലും ഏഷ്യാനെറ്റ് ന്യൂസ് തമ്മില്‍ ബാർക്ക് റേറ്റിങ്ങിലെ ഒന്നാം സ്ഥാനത്തിന് വേണ്ടി അതിശക്തമായ പോരാട്ടം കാഴ്ചവെക്കുന്ന അവസരത്തില്‍ കൂടിയാണ് ഇത്തരമൊരു കൂടുമാറ്റം എന്നാണ് ശ്രദ്ധേയം. ഏഷ്യാനെറ്റിനെ അപ്രമാധിത്വം അവസാനിപ്പിച്ചുകൊണ്ട് കഴിഞ്ഞ രണ്ട് ആഴ്ചകളായി റിപ്പോർട്ടർ ടിവിയാണ് മലയാളം ന്യൂസ് ചാനലുകളുടെ ബാർക്ക് റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്.
ഉണ്ണി ബാലകൃഷ്ണനെ പോലെ വലിയ രീതിയില്‍ ബഹുമാനിക്കപ്പെടുന്ന ഒരു മാധ്യമപ്രവർത്തകന്‍ ഈ അവസരത്തില്‍ എന്തുകൊണ്ട് ഏഷ്യാനെറ്റിലേക്ക് പോയി എന്ന ചോദ്യവും സജീവമാണ്. ഇപ്പോഴിതാ അതിന്റെ ചെറിയൊരു സൂചന റിപ്പോർട്ടർ ടിവിയിലെ സഹപ്രവർത്തകനായ അരുണ്‍ കുമാർ തന്നെ നല്‍കുകയാണ്.

'ഉണ്ണി ബാലകൃഷ്ണന്‍ സാറിനെക്കുറിച്ച് ഒരുപാട് പ്രേക്ഷകർ ചോദിക്കുന്നുണ്ട്. ഉണ്ണിച്ചേട്ടന്‍ ഞങ്ങളുടെയൊക്കെ മൂത്ത സഹോദരനാണെന്ന് പ്രേക്ഷകർക്ക് അറിയാമല്ലോ. കുടുംബത്തിലെ മൂത്ത കാരണവരാണ്. തിരുവനന്തപുരമാണ് അദ്ദേഹത്തിന്റെ സ്വദേശം. അവിടെ നിന്നും അല്‍പ്പം വിഷമത്തോടെയാണ് അദ്ദേഹം കൊച്ചിയിലേക്ക് വന്നത്. രണ്ട് വർഷമായി കൊച്ചിയില്‍ തന്നെയായിരുന്നു. വീണ്ടും അദ്ദേഹം തന്റെ പഴയ തട്ടകത്തിലേക്ക് തിരിച്ച് പോയി എന്ന വിവരം അറിയിക്കുകയാണ്.' അരുണ്‍ പറയുന്നു.
ഞങ്ങളെ സംബന്ധിച്ച് വ്യക്തിപരമായും പ്രൊഫഷണലായും വലിയ നഷ്ടമാണ്. ഞങ്ങളുടെ കൂട്ടായ്മയുടെ ഭാഗമായിരുന്നു അദ്ദേഹം. ഉണ്ണിച്ചേട്ടന് എല്ലാവിധ ആശംസകളും നേരുന്നു. ഏത് തട്ടകമാണെങ്കിലും അദ്ദേഹത്തിന് അവിടെ പെർഫോം ചെയ്യാന്‍ കഴിയും എന്ന വിശ്വാസം നമുക്കുണ്ട്. ഏഷ്യാനെറ്റ് ന്യൂസിലേക്കാണ് ഉണ്ണിച്ചേട്ടന്‍ പോയിരിക്കുന്നത്.
അദ്ദേഹത്തിന്റെ ടെലിവിഷന്‍ ജേർണലിസം കരിയർ തുടങ്ങുന്നത് ഏഷ്യാനെറ്റില്‍ നിന്നാണ്. ഇപ്പോള്‍ ഏറെ കാലത്തിന് ശേഷം അദ്ദേഹം സ്വന്തം തറവാട്ടിലേക്ക് തിരിച്ച് പോയിരിക്കുന്നു. അതിനെക്കുറിച്ച് കുറച്ച് കാലമായി അദ്ദേഹം ആലോചിക്കുന്നുവെന്ന് വേണം മനസ്സിലാക്കാന്‍. അദ്ദേഹത്തിന്റെ വീട് തിരുവനന്തപുരത്ത് ആണല്ലോയെന്ന് പ്രേക്ഷകർക്ക് അറിയാമല്ലോ. നിങ്ങളെപ്പോലെ ഞങ്ങള്‍ക്കും അദ്ദേഹത്തെ മിസ് ചെയ്യും- അരുണ്‍ കുമാർ കൂട്ടിച്ചേർത്തു.
തിരുവനന്തപുരത്തേക്ക് മാറുകയെന്ന ലക്ഷ്യത്തോടെയാണ് ഉണ്ണി ബാലകൃഷ്ണന്‍ റിപ്പോർട്ടർ ടിവി വിട്ട് ഏഷ്യാനെറ്റിലേക്ക് മാറുന്നതെന്ന സൂചനയാണ് അരുണ്‍ കുമാർ നല്‍കുന്നത്. റിപ്പോർട്ടർ ടിവിയുടെ ആസ്ഥാനം കൊച്ചിയിലും ഏഷ്യാനെറ്റ് ന്യൂസിന്റേത് തിരുവനന്തപുരത്തുമാണ്. ന്യൂസിലേക്ക് ചുവടുമാറുന്നത്. ഏഷ്യാനെറ്റ് ന്യൂസില്‍ സീനിയർ എഡിറ്റോറിയല്‍ കണ്‍സല്‍ട്ടന്റ് പദവിയാണ് അദ്ദേഹത്തെ കാത്തിരിക്കുന്നതെന്നാണ് വിവരം.
ഉണ്ണി ബാലകൃഷ്ണന്‍
1969-ൽ ആലപ്പുഴയിൽ ജനിച്ച ഉണ്ണി ബാലകൃഷ്ണൻ 1994-ൽ കലാകൗമുദി ആഴ്ചപ്പതിപ്പിൽ സബ് എഡിറ്ററായി പത്രപ്രവർത്തനം ആരംഭിച്ചു. 1996-ൽ ഏഷ്യാനെറ്റ് ന്യൂസിൽ സബ് എഡിറ്ററായി ചേർന്ന് ദൃശ്യമാധ്യമ രംഗത്തേക്ക് കടന്നു. 2011 വരെ ഏഷ്യാനെറ്റിൽ ബ്യൂറോ ചീഫ്, റീജിയണൽ എഡിറ്റർ തുടങ്ങിയ ഉന്നത തസ്തികകളിൽ പ്രവർത്തിച്ചു. 1998 മുതൽ 2011 വരെ ഡൽഹി കേന്ദ്രീകരിച്ച്, കാർഗിൽ യുദ്ധം, കാണ്ഡഹാർ വിമാന ഹൈജാക്ക്, മുംബൈ ഭീകരാക്രമണം, പൊതുതെരഞ്ഞെടുപ്പ് തുടങ്ങിയ സുപ്രധാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു.
2002-ൽ പ്രധാനമന്ത്രി വാജ്‌പേയിക്കൊപ്പം ഇസ്ലാമാബാദും 2005-ൽ മൻമോഹൻ സിംഗിനൊപ്പം അമേരിക്കയും സന്ദർശിച്ച മാധ്യമസംഘത്തിൽ അംഗമായിരുന്നു. ഐക്യരാഷ്ട്രസഭാ സമ്മേളനം, ഇന്ത്യ-ഫ്രാൻസ് ഉച്ചകോടി തുടങ്ങിയ അന്താരാഷ്ട്ര പരിപാടികളും റിപ്പോർട്ട് ചെയ്തു.
2012-ൽ മാതൃഭൂമി ന്യൂസ് ചാനലിൽ ചീഫ് എഡിറ്ററായി ചേർന്നു. 2021-ൽ ചീഫ് ഓഫ് ന്യൂസ് ആയിരിക്കെ രാജിവെച്ചു. ഓൺലൈൻ മീഡിയയിൽ സജീവമായ ശേഷം റിപ്പോർട്ടർ ടിവിയിലൂടെ മുഖ്യധാരാ മാധ്യമരംഗത്തേക്ക് തിരിച്ചെത്തി.
2014-ലെ മികച്ച അഭിമുഖകാരനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡും 2016-ലെ സംസ്ഥാന മാധ്യമ അവാർഡും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചു. 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 240 സീറ്റുകൾ ലഭിക്കുമെന്ന അദ്ദേഹത്തിന്റെ പ്രവചനം കൃത്യമായിരുന്നു.
'പ്രായമാകുന്നില്ല ഞാൻ', 'മരങ്ങളായ് നിന്നതും', 'നമ്മുടെ തലപ്പാവ്' തുടങ്ങിയവയാണ് പ്രധാന രചനകൾ. ചെറുകഥകളും സാമൂഹിക-സാഹിത്യ വിഷയങ്ങളിൽ ലേഖനങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.












Click it and Unblock the Notifications