പ്രതിഫലം ലഭിച്ചില്ലേ? ബാലയുടെ ആരോപണത്തിന് പിന്നാലെ മറുപടിയുമായി അനൂപ് പന്തളം
കൊച്ചി: പ്രതിഫലത്തെ ചൊല്ലി നടൻ ഉണ്ണി മുകുന്ദനെതിരെ ഗുരുതര ആരോപണവുമായി നടൻ ബാല കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഉണ്ണി മുകുന്ദൻ നിർമ്മിച്ച 'ഷെഫീഖിന്റെ സന്തോഷം' എന്ന പുതിയ ചിത്രത്തിൽ അഭിനയിച്ചതിന് താൻ അടക്കമുള്ളവർക്ക് പ്രതിഫലം നൽകിയില്ലെന്നായിരുന്നു ബാല പറഞ്ഞത്. ചിത്രത്തിന്റെ സംവിധായകൻ അനൂപ് പന്തളത്തിന് ഉൾപ്പെടെ ഉണ്ണി പ്രതിഫലം നൽകിയില്ലെന്നായിരുന്നു ആരോപണം. ഇപ്പോഴിതാ ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനായ അനൂപ്.

പടം വൻ ലാഭത്തിൽ പോയിട്ടും തനിക്കോ സിനിമയുടെ ടെക്നീഷ്യൻമാർക്കോ ഉണ്ണി പ്രതിഫലം നൽകാൻ തയ്യാറായിട്ടില്ലെന്നായിരുന്നു ബാലയുടെ ആരോപണം. 'പെണ്ണുങ്ങൾക്ക് എല്ലാവർക്കും കാശ് കൊടുത്തിട്ടുണ്ടെന്നാണ് ഞാൻ അറിഞ്ഞത്. ഉണ്ണി മുകുന്ദൻ ചെറിയ പയ്യനാണ്. ഇങ്ങനെ ചതിക്കാൻ പാടുണ്ടോ?എല്ലാവരേയും കഷ്ടപ്പെടുത്തിയിട്ട് ഒരു കോടി 25 ലക്ഷം രൂപയ്ക്ക് ഉണ്ണി മുകുന്ദൻ ഒരു കാർ വാങ്ങിയിരിക്കുകയാണ് ഇപ്പോൾ'എന്നായിരുന്നു മലയാളം ഫിൽമി ബീറ്റിന് നൽകിയ അഭിമുഖത്തിൽ ബാലയുടെ ആരോപണം.

താൻ ഇക്കാര്യം താര സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനേയും അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പരാതി നൽകാനാണ് ആവശ്യപ്പെട്ടതെന്നും ബാല പറഞ്ഞിരുന്നു.വിഷയത്തിൽ സംവിധായകന് പറയാനുള്ളത് വായിക്കാം- 'നടൻ ബാല ഒരു ഓൺലൈൻ ചാനലിന് നടത്തിയ സംഭാഷണത്തിൽ എന്റെ പേരുൾപ്പെട്ടതുകൊണ്ടാണ് ഈ വിശദീകരണം. ഷെഫീക്കിന്റെ സന്തോഷം എന്ന എന്റെ ആദ്യ സിനിമ എഴുതി സംവിധാനം ചെയ്ത എനിക്ക് കൃത്യമായി പ്രതിഫലം ലഭിക്കുകയുണ്ടായി. മറ്റു ടെക്‌നിഷ്യൻസിനും അവരുടെ പ്രതിഫലങ്ങൾ കൊടുത്തതായി ആണ് എന്റെ അറിവിൽ'.

'അദ്ദേഹത്തെ ഈ സിനിമയിൽ റെക്കമെന്റ് ചെയ്തത് തന്നെ ഉണ്ണി ബ്രോ ആണ്. സിനിമയിൽ നല്ലൊരു കഥാപാത്രമാണ് ബാലക്ക്. അദ്ദേഹമത് നന്നായി ചെയുകയും പ്രേക്ഷക പ്രശംസ പിടിച്ചുപറ്റുകയും ചെയ്തതിൽ സന്തോഷം. സിനിമ നന്നായി പൂർത്തിയാക്കാൻ എല്ലാവരും സഹകരിക്കുകയും ഇപ്പോൾ വിജയം നേടിയ സന്തോഷത്തിലും ആണ് ഞങ്ങൾ ഈ സമയത്ത് ഇത്തരം വിഷയങ്ങളിൽ എന്റെ പേര് വലിച്ചിഴക്കുന്നതിൽ വിഷമമുണ്ട്', അനൂപ് കുറിച്ചു.

നിരവധി പേർ പോസ്റ്റിൽ പ്രതികരിക്കുന്നുണ്ട്. എന്തിനാണ് അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്നതെന്നാണ് പലരും ചോദിക്കുന്നത്. നടൻ മിഥുനും പോസ്റ്റിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്. സിനിമ വിജയിച്ചെന്ന സന്തോഷത്തിൽ നമ്മളെല്ലാവരും നിൽക്കുമ്പോൾ ഇത് ശരിക്കും അനാവശ്യ വിവാദമായി പോയി എന്നാണ് മിഥുൻ കുറിച്ചത്. അതേസമയം ബാലയുടെ ആരോപണത്തിനെതിരെ ചിത്രത്തിന്റെ ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ് മംഗലത്ത് രംഗത്തെത്തിയിരുന്നു.

പ്രതിഫലം വേണ്ടെന്ന് ബാല പറഞ്ഞിരുന്നുവെന്നാണ് അദ്ദേഹം മലയാളം വൺ ഇന്ത്യയോട് പ്രതികരിച്ചത്. മേപ്പടിയാന്‍ സിനിമയുടെ വിജയ ആഘോഷത്തന് ബാല എത്തിയിരുന്നു. അന്ന് സിനിമയെ കുറിച്ച് ചോദിച്ചപ്പോള്‍ ഉണ്ണി മുകുന്ദന്‍ പ്രൊഡ്യൂസ് ചെയ്യുന്ന ചിത്രത്തില്‍ എനിക്ക് പ്രതിഫലം വേണ്ടെന്നാണ് പറഞ്ഞത്.ബാല പ്രൊഡ്യൂസ് ചെയ്ത ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ പ്രതിഫലം വാങ്ങാതെ അഭിനയിച്ച ചരിത്രമുണ്ട്. അതുകൊണ്ട് ഞാന്‍ ഉണ്ണിക്ക് ചെയ്യുന്ന ഒരു ഉപകാരമാണിതെന്നും അദ്ദേഹം പറഞ്ഞതായും വിനോദ് മംഗലത്ത് വിശദീകരിച്ചു. ബാലയെ സംബന്ധിച്ച് ഇപ്പോള്‍ ഒരു പബ്ലിസിറ്റി ആവശ്യമാണ്. അതിന് വേണ്ടി ഉണ്ടാക്കിയ ഒരു സ്റ്റണ്ട് എന്ന് മാത്രമായാണ് താനിതിനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications