കളം നിറയാന്‍ ബിജെപി; അപ്രതീക്ഷിത സ്ഥാനാര്‍ഥികള്‍ വരും... നടന്‍ ഉണ്ണി മുകുന്ദന്‍ പരിഗണനയില്‍
കൊച്ചി: എല്‍ഡിഎഫും യുഡിഎഫും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതിന് മുമ്പ് ലോക്‌സഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികളെ ബിജെപി പ്രഖ്യാപിച്ചേക്കും. ഈ മാസം പ്രഖ്യാപനമുണ്ടാകുമെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം. ജനകീയരും വ്യത്യസ്തരുമായ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാണ് ആലോചന. നടന്‍ ഉണ്ണി മുകുന്ദന്റെ പേര് പരിഗണനയിലുണ്ട്.
തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ സുരേഷ് ഗോപി തന്നെയാകും സ്ഥാനാര്‍ഥി. പ്രധാനമന്ത്രി നരേന്ദ്ര മോദി വരികയും റോഡ് ഷോ നടത്തുകയും ചെയ്തതോടെ തൃശൂരില്‍ പ്രചാരണത്തിന് തുടക്കമായി എന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തില്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ മല്‍സരിക്കാനാണ് സാധ്യത.

തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, തൃശൂര്‍, പാലക്കാട് മണ്ഡങ്ങളിലാണ് ബിജെപി ഇത്തവണ ശ്രദ്ധ പതിപ്പിക്കുന്നത്. തൃശൂരും ആറ്റിങ്ങലും മാത്രമാണ് സ്ഥാനാര്‍ഥികള്‍ സംബന്ധിച്ച് ഏകദേശ ധാരണയായിട്ടുള്ളത്. അതേസമയം, തിരുവനന്തപുരത്ത് ദേശീയ നേതാവിനെ മല്‍സരിപ്പിക്കണം എന്ന ചര്‍ച്ച സജീവമാണ്. കേന്ദ്രമന്ത്രിമാരില്‍ ആരെങ്കിലും സ്ഥാനാര്‍ഥിയാകും എന്നാണ് പറയുന്നത്.
നിര്‍മല സീതാരാമന്‍, രാജീവ് ചന്ദ്രശേഖര്‍, എസ് ജയശങ്കര്‍ എന്നിവരുടെ പേരാണ് കേന്ദ്രമന്ത്രിമാരുടേതായി കേള്‍ക്കുന്നത്. അതേസമയം, നടന്‍ കൃഷ്ണ കുമാര്‍ മല്‍സരിച്ചാല്‍ നേട്ടമാകുമെന്ന് പറയുന്ന ഒരു വിഭാഗമുണ്ട്. ഇദ്ദേഹത്തിനോട് താല്‍പ്പര്യമില്ലാത്ത വിഭാഗവും പാര്‍ട്ടിയിലുണ്ട്. തിരുവനന്തപുരം മണ്ഡലത്തില്‍ ആര് എന്ന കാര്യത്തില്‍ ബിജെപിയില്‍ ഇതുവരെ ധാരണയായിട്ടില്ല.
തിരുവനന്തപുരം എംപി ശശി തരൂരിനെ പിന്തുണച്ച് മുതിര്‍ന്ന ബിജെപി നേതാവ് ഒ രാജഗോപാല്‍ കഴിഞ്ഞ ദിവസം രംഗത്തുവന്നത് ബിജെപി നേതാക്കളില്‍ അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്. അതേസമയം, പത്തനംതിട്ട മണ്ഡലത്തിലാണ് നടന്‍ ഉണ്ണി മുകുന്ദന്റെ പേര് ചര്‍ച്ച ചെയ്യുന്നത്. നേരത്തെ പലപ്പോഴും ബിജെപിയെയും നരേന്ദ്ര മോദിയെയും പിന്തുണച്ച് സംസാരിച്ചിട്ടുള്ള നടനാണ് ഉണ്ണി മുകുന്ദന്‍.
പിസി ജോര്‍ജ്, കുമ്മനം രാജശേഖരന്‍, ഉണ്ണി മുകുന്ദന്‍ എന്നിവരുടെ പേരാണ് പത്തനംതിട്ടയില്‍ ചര്‍ച്ചയിലുള്ളത് എന്ന് പറയപ്പെടുന്നു. ക്രിസ്ത്യന്‍ വോട്ടുകള്‍ നിര്‍ണായകമായ മണ്ഡലം കൂടിയാണ് പത്തനംതിട്ട. പിസി ജോര്‍ജിന്റെ സഹകരണം ഇക്കാര്യത്തില്‍ ഗുണം ചെയ്യുമെന്ന് ബിജെപി കണക്കുകൂട്ടുന്നു. ഉണ്ണി മുകുന്ദന്റെ പേര് പാര്‍ട്ടിയുടെ പരിഗണനയിലുണ്ടെന്ന് ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ച് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, പാലക്കാട് ഉണ്ണി മുകുന്ദന്‍ മല്‍സരിച്ചാല്‍ നേട്ടമാകുമെന്ന് അഭിപ്രായമുള്ള നേതാക്കളുമുണ്ടത്രെ. നരേന്ദ്ര മോദി അടുത്താഴ്ച കൊച്ചിയില്‍ എത്തുന്നുണ്ട്. റോഡ് ഷോ നടത്തുമെന്നാണ് പുതിയ വിവരം. ഗുരുവായൂരില്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിലും മോദി പങ്കെടുക്കും. മോദി നിരന്തരമായി കേരളം സന്ദര്‍ശിക്കുന്നത് പാര്‍ട്ടിയെ കൂടുതല്‍ സജീവമാക്കുമെന്നും തിരഞ്ഞെടുപ്പില്‍ നേട്ടമാകുമെന്നുമാണ് നേതാക്കളുടെ വിലയിരുത്തല്‍. സിനിമാ രംഗത്തു നിന്ന് ദേവന്‍, മേജര്‍ രവി, ജി സുരേഷ് കുമാര്‍ എന്നിവരെ ബിജെപിയുടെ നേതൃത്വത്തിലേക്ക് അടുത്തിടെ കൊണ്ടുവന്നതും തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ്.












Click it and Unblock the Notifications