'ഈ യാത്രയുടെ അവസാനം സത്യം ജയിക്കും', വിവാദത്തിൽ ഡിജിപിക്ക് പരാതി നൽകി ഉണ്ണി മുകുന്ദൻ
കൊച്ചി: മുന്‍ മാനേജര്‍ വിപിന്‍ കുമാര്‍ ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട് പരാതി നല്‍കി നടന്‍ ഉണ്ണി മുകുന്ദന്‍. നീതി തേടിക്കൊണ്ട് ഡിജിപിക്കും എഡിജിപിക്കും ഔദ്യോഗികമായി പരാതി നല്‍കിയതായി ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഈ യാത്രയുടെ അവസാനം സത്യം ജയിക്കും എന്നും ഉണ്ണി കുറിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് വിപിന്‍ കുമാര്‍ തനിക്ക് ഉണ്ണി മുകുന്ദനില്‍ നിന്ന് മര്‍ദ്ദനമേറ്റതായി ആരോപിച്ച് പോലീസിന് പരാതി നല്‍കിയത്.
ഉണ്ണി മുകുന്ദന്റെ പ്രൊഫണല്‍ മാനേജര്‍ ആയിരുന്ന വിപിന്‍ കുമാര്‍ ടൊവിനോ ചിത്രമായ നരിവേട്ടയെ പ്രശംസിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതിനെ തുടര്‍ന്ന് നടന്‍ മര്‍ദ്ദിച്ചു എന്നായിരുന്നു ആരോപണം. മാര്‍ക്കോയുടെ വിജയത്തിന് ശേഷം വന്ന ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രം പരാജയപ്പെട്ടതും തുടര്‍ന്ന് നല്ല ചിത്രങ്ങള്‍ ലഭിക്കാതിരുന്നതും സംവിധാനം ചെയ്യാനിരുന്ന ചിത്രത്തില്‍ നിന്ന് ഗോകുലം മൂവീസ് പിന്‍മാറിയതും ഉണ്ണിയെ ഫ്രസ്‌ട്രേഷനിലാക്കിയെന്നും കൂടെ ഉണ്ടായിരുന്ന പലരും വിട്ടുപോയി എന്നും വിപിന്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

എന്നാൽ ആരോപണങ്ങൾ പൂർണമായും തള്ളിക്കളഞ്ഞാണ് ഉണ്ണി മുകുന്ദൻ രംഗത്ത് വന്നത്. താൻ വിപിനെ മർദ്ദിച്ചിട്ടില്ലെന്നും വിപിനെ സഹായിക്കാൻ മറ്റ് ചിലരുണ്ടെന്നും ഉണ്ണി മുകുന്ദൻ ആരോപിച്ചു. മാത്രമല്ല തന്നെയും ടൊവിനോയേയും തെറ്റിക്കാനും ശ്രമം നടക്കുന്നതായും ഉണ്ണി ആരോപിച്ചു.
''അദ്ദേഹം അവകാശപ്പെടുന്നതുപോലെ ഒരു സമയത്തും ഞാൻ ശാരീരികമായി അദ്ദേഹത്തെ ആക്രമിച്ചിട്ടില്ല. അദ്ദേഹം ഉന്നയിച്ച ആരോപണങ്ങൾ തികച്ചും വ്യാജവും അസത്യവുമാണ്. മുഴുവൻ സ്ഥലവും സിസിടിവി സ്കാനിംഗിന് വിധേയമാണ്. ഏതെങ്കിലും നിഗമനത്തിലെത്തുന്നതിനുമുമ്പ് ദയവായി അത് പരിശോധിക്കുക.
ഞാൻ 5 വർഷത്തേക്ക് വളരെ തിരക്കിലാണെന്നും ഈ വ്യക്തി ആളുകളോട് പറയുന്നുണ്ടെന്നും എനിക്ക് മനസ്സിലായി. അത് എൻ്റെ വർക്കുകളെ ബാധിച്ചിട്ടുണ്ട്. അദ്ദേഹം എന്നെക്കുറിച്ച് മനുഷ്യത്വരഹിതമായ കിംവദന്തികൾ പ്രചരിപ്പിച്ചു. ഒരു നടിയെ ബന്ധപ്പെടുകയും എന്നെ വിവാഹം കഴിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇത് ഞാനും അദ്ദേഹവും തമ്മിൽ വലിയ വഴക്കിന് കാരണമായി. സമൂഹത്തിൽ എന്റെ പ്രശസ്തിയെ അപകീർത്തിപ്പെടുത്താൻ തന്റെ സ്രോതസ്സുകൾ ഉപയോഗിക്കുമെന്ന് അയാൾ എന്നെ ഭീഷണിപ്പെടുത്തി. എന്റെ സഹപ്രവർത്തകരുമായി എനിക്ക് എപ്പോഴും ഒരു പ്രൊഫഷണൽ ബന്ധം ഉണ്ടായിരുന്നു, പക്ഷേ ഈ വ്യക്തി അങ്ങേയറ്റം വിഷലിപ്തമാണ്.
ഈ വ്യക്തി പറയുന്ന ഓരോ വാക്കും തികഞ്ഞ നുണയാണ്. എല്ലാ ആരോപണങ്ങളും ഞാൻ നിഷേധിക്കുന്നു. ഞാൻ ഒരു എളുപ്പ ലക്ഷ്യമായതിനാൽ, ചില അനാവശ്യ നേട്ടങ്ങൾക്കും ലാഭങ്ങൾക്കും വേണ്ടി അയാൾ എന്നെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്നു'', ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.












Click it and Unblock the Notifications