ഷൂ...ന്ന് പോയ ആംബുലന്‍സാണ്; സേവാഭാരതിക്ക് തീവ്രവാദമൊന്നുമില്ല... ഉണ്ണി മുകുന്ദന്‍ പ്രതികരിക്കുന്നു
കൊച്ചി: ഉണ്ണി മുകുന്ദന്‍ നായകനായ മേപ്പടിയാന്‍ എന്ന ചിത്രം ഏറെ ചര്‍ച്ചയായതാണ്. കലാസൃഷ്ടിയുടെ തലം വിട്ട് മറ്റുപല ചര്‍ച്ചകളിലേക്കും സിനിമ കാരണമായി. ഹിന്ദുത്വ പ്രചാരണത്തിന് സിനിമ ഉപയോഗിച്ചു എന്നായിരുന്നു പ്രധാന ആരോപണം. ആര്‍എസ്എസിന്റെ പോഷക വിഭാഗമായ സേവാഭാരതിയെ ന്യായീകരിച്ച് മേപ്പടിയാന്‍ സംവിധായകന്‍ വിഷ്ണു മോഹന്‍ പിന്നീട് രംഗത്തുവന്നതോടെ ഈ ആരോപണം ശക്തമാകുകയും ചെയ്തു.
എന്നാല്‍, ആ സിനിമ രാഷ്ട്രീയം പറയുക എന്ന ലക്ഷ്യത്തോടെ എടുത്തതല്ലെന്ന് ഉണ്ണി മുകുന്ദന്‍ വിശദീകരിക്കുന്നു. സാധാരണക്കാരന്റെ ജീവിതത്തില്‍ സംഭവിക്കുന്ന ചില കാര്യങ്ങള്‍ പറയാനാണ് ശ്രമിച്ചത്. ചര്‍ച്ചയായത് മറ്റു ചില കാര്യങ്ങളാണെന്നും ഉണ്ണി മുകുന്ദന്‍ ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു...

രാഷ്ട്രീയകാര്യങ്ങള്‍ പറയേണ്ടത് ആംബുലന്‍സ് കാണിച്ചിട്ടല്ല. ഏതൊരു പ്രസ്താവനയ്ക്കും വ്യക്തത ആവശ്യമാണ്. ഹാഫ് ബേക്ക്ഡ് ആയ ഒരുകാര്യം പറയേണ്ട ാവശ്യമില്ല. സിനിമ കണ്ടവര്‍ക്കറിയാം, മേപ്പടിയാനില്‍ ഒരു രാഷ്ട്രീയവുമില്ല. സാധാരണക്കാരനായ ജയകൃഷ്ണന്‍ എന്ന വ്യക്തിയുടെ ജീവിതത്തില്‍ സംഭവിക്കുന്ന ചില കാര്യങ്ങളാണ് സിനിമ പറയുന്നതെന്നും ഉണ്ണി മുകുന്ദന്‍ വിശദീകരിക്കുന്നു.

എന്നെ സംബന്ധിച്ചിടത്തോളം രസകരമായ കാര്യമായിരുന്നു. എന്റര്‍ടൈന്‍മെന്റ് ഭാഗത്ത് ത്രില്ലടിപ്പിച്ചുവെന്നാണ് ചിലര്‍ പറഞ്ഞത്. ഇമോഷണലി ചിലര്‍ക്ക് സിനിമ ഇഷ്ടപ്പെട്ടു. എന്റെ ക്യാരക്ടര്‍ ഇഷ്ടമായി. ഒരു പരിചയവുമില്ലാത്ത വ്യക്തിയാണ് സിനിമ സംവിധാനം ചെയ്തത്. ഒരുപാട് നല്ല കാര്യങ്ങള്‍ മേപ്പടിയാനിലുണ്ട്. അതില്‍ നിന്നെല്ലാം ശ്രദ്ധമാറ്റി മറ്റു ചര്‍ച്ചകളിലേക്ക് കൊണ്ടുപോയി എന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു.

നായകന്‍ അമ്പലത്തില്‍പോയി, ആംബുലന്‍സ് കാണിച്ചു, മുസ്ലിം വില്ലന്‍... തുടങ്ങിയ പലവിധ ചര്‍ച്ചകളിലേക്കാണ് കൊണ്ടുപോയത്. കേരളത്തില്‍ ഈ സമൂഹത്തിലുള്ളവര്‍ തന്നെയല്ലേ ജീവിക്കുന്നത്. ആ സെന്‍സില്‍ നോക്കാന്‍ പോയാല്‍ ആ സെന്‍സിലാകും. രാഷ്ട്രീയം പറയാന്‍ മാത്രം ആറ് കോടി മുടക്കി സിനിമ എടുക്കണോ, ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടാല്‍ പോരേ എന്നും രസകരമായി ഉണ്ണി മുകുന്ദന്‍ ചോദിക്കുന്നു.

സിനിമയെ കുറിച്ച് സുഹൃത്തുകള്‍ വ്യക്തിപരമായി എന്നോടൊന്നും പറഞ്ഞില്ല. ഇന്റേണലി അവര്‍ ചര്‍ച്ച ചെയ്തുകാണും. എന്നെ സംബന്ധിച്ചിടത്തോളം അതൊന്നും പ്രശ്‌നമല്ല. സ്വപ്‌നത്തില്‍ പോലും കരുതാത്ത കാര്യങ്ങളാണ് പിന്നീട് ചര്‍ച്ച ചെയ്യേണ്ടി വന്നത്. സിനിമ ഇറങ്ങി ആദ്യ ആഴ്ച ഒരു മെറിറ്റും ചര്‍ച്ച ചെയ്തില്ലെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു.
ചുന്ദരിക്കുട്ടീ... നടി മിയ ജോര്‍ജിന്റെ ചിത്രം ഏറ്റെടുത്ത് ആരാധകര്‍

നായകന്‍ കറുപ്പും കറുപ്പുമിട്ടു എന്നൊക്കെയാണ് ചര്‍ച്ച. ശബരിമലയില്‍ പോകാന്‍ വെളുപ്പും വെളുപ്പുമിടാന്‍ പറ്റുമോ. തെറ്റായ രീതിയിലാണ് ചര്‍ച്ച പോയത്. കുടുംബ പ്രേക്ഷകര്‍ തിയേറ്ററിലെത്തി സിനിമ കണ്ടു. അവര്‍ക്ക് ഒരു കുഴപ്പവുമില്ലായിരുന്നു. ഒരു അമ്മയുടെ കരഞ്ഞുകൊണ്ട് പ്രതികരിക്കുന്ന വീഡിയോ ഞാന്‍ കണ്ടു, അതാണ് എന്നെ സംബന്ധിച്ചിടത്തോളം വലുത് എന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

ആ സിനിമയ്ക്ക് വേണ്ടി 20 കിലോയോളം ഞാന്‍ ഭാരം വര്‍ധിപ്പിച്ചു, ഒട്ടേറെ പരിശ്രമങ്ങള്‍ അതിന് പിന്നിലുണ്ടായിരുന്നു. അതൊന്നും ചര്‍ച്ചയായില്ലെന്നതാണ് സങ്കടം. മോശം സംഭാഷണങ്ങളോ ഒന്നുമില്ലാത്ത സിനിമയാണത്. ഒരു ആംബുലന്‍സ് ഷൂ എന്ന് പോയതാണ് വിഷയം. സേവാഭാരതി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. തീവ്രവാദവും മറ്റേ പരിപാടിയൊന്നും അവര്‍ക്കില്ലെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

ഈരാറ്റുപേട്ട റോഡില്‍ നിന്നാല്‍ മണിക്കൂറില്‍ നാല് തവണ സേവാഭാരതിയുടെ വണ്ടി അങ്ങോട്ടും ഇങ്ങോട്ടും പോകുന്നത് കാണാം. ഒരു സമൂഹത്തിന്റെ കഥ പറയുമ്പോള്‍ അവിടെ ഇവരില്ല എന്നൊക്കെ പറായാന്‍ സാധിക്കുമോ. അതിലൊരു രാഷ്ട്രീയമുണ്ടോ എന്ന് ചോദിച്ചാല്‍ എനിക്കറിയില്ല. സേവാ ഭാരതിയുടെ ആംബുലന്‍സില്‍ ഒരാള്‍ ആശുപത്രിയില്‍ പോകുമ്പോള്‍ അയാള്‍ക്ക് എന്ത് രാഷ്ട്രീയമാണുള്ളതെന്ന് എനിക്കറിയില്ല. നല്ല സിനിമയെടുക്കുകയായിരുന്നു എന്റെ ഉദ്ദേശം. ഒട്ടേറെ അംഗീകാരങ്ങള്‍ ലഭിച്ചെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു.












Click it and Unblock the Notifications