'രാഷ്ട്രീയം മോശം കാര്യമല്ല'; ബിജെപിക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങുമോ?; ഉണ്ണി മുകുന്ദൻ പറയുന്നു
ഡൽഹി: രാഷ്ട്രീയം ഒരു മോശപ്പെട്ട കാര്യമായി തോന്നുന്നില്ലെന്ന് നടൻ ഉണ്ണി മുകുന്ദൻ. രാജ്യത്തിന് വേണ്ടി പ്രവർത്തിക്കാൻ അവസരം ലഭിച്ചാൽ എന്തിന് അത് ഉപേക്ഷിക്കണമെന്നും നടൻ ചോദിച്ചു. രാഷ്ട്രീയത്തിൽ പ്രവേശിക്കുമോയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നടൻ. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാൻ അവസരം കിട്ടിയാൽ എന്തിന് വേണ്ടായെന്ന് വെയ്ക്കണം. രാഷ്ട്രീയം ഒരു മോശപ്പെട്ട കാര്യമല്ല. രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്നത് സേവനമാണ്. വ്യത്യസ്ത രാഷ്ട്രീയ കാഴ്ചപ്പാടുകൾ ഉണ്ടാകുന്നത് നല്ലതാണ്. തമിഴ്നാട്ടിലെ അണ്ണാമലൈ, അദ്ദേഹത്തോട് ബഹുമാനമാണ്. ഐപിഎസുകാരനായ അദ്ദേഹം രാജ്യത്തിന് വേണ്ടി പ്രവർത്തിക്കാൻ രാഷ്ട്രീയത്തിലിറങ്ങി. അങ്ങനെയുള്ള ആളുകളല്ലേ രാഷ്ട്രീയത്തിൽ ഇറങ്ങേണ്ടത്.

ചെറുപ്പത്തിൽ അടൽ ബിഹാരി വാജ്പേയിയെ ഭയങ്കര ഇഷ്ടമായിരുന്നു. അദ്ദേഹം ഒരു കവിയായിരുന്നു. അദ്ദേഹത്തെ കവിയെന്ന നിലയിലായിരുന്നു ഞാൻ ആദ്യം അറിഞ്ഞത്. പിന്നീടാണ് രാഷ്ട്രീയക്കാരനാണെന്ന് അറിയുന്നത്. ഞാൻ പാർലമെന്റ് സെഷൻസ് കേട്ടത് പുള്ളിയുടെ കാലത്താണ്. പ്രമോദ് മഹാജനെ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു.
കേരളത്തിൽ ഷാഫി പറമ്പിലിനെ എനിക്ക് ഇഷ്ടമാണ്. തിരഞ്ഞെടുപ്പിൽ പ്രചരണത്തിന് ഇറങ്ങാൻ ഉദ്ദേശമില്ല. ഇപ്പോൾ നന്നായി ചെയ്യുന്നത് സിനിമയാണ്. കുട്ടികൾക്ക് രാഷ്ട്രീയ ബോധം ഉണ്ടായിരിക്കണം, പക്ഷേ രാഷ്ട്രീയമായി ആക്ടീവാകാൻ പാടില്ല', ഉണ്ണി മുകുന്ദൻ പറഞ്ഞു.
ഇന്ത്യയ്ക്ക് പകരം ഭാരതം എന്ന് വിളിക്കുന്നത് സംബന്ധിച്ച ചോദ്യത്തിന് മറുപടി ഇങ്ങനെ- 'ഭരണഘടനയിൽ ഭാരതമെന്നും ഇന്ത്യയെന്നും ഉണ്ട്. രണ്ടായാലും പ്രശ്നമില്ല. ഭരണഘടനയിൽ രണ്ടും പറഞ്ഞിട്ടുണ്ടല്ലോ. ഭാരതം എന്ന് കേൾക്കാൻ രസമുണ്ട്. ബ്രിട്ടീഷുകാരാണ് ഇന്ത്യ എന്ന പേരിട്ടത്'.
അയോധ്യയിൽ എന്തിനാണ് വിശ്വാസികൾ പോകാതിരിക്കുന്നതെന്നും ഉണ്ണി ചോദിച്ചു. 'അയോധ്യയിൽ ഒരു അമ്പലം ഉണ്ടായിരുന്നു. അത് കഴിഞ്ഞ് പള്ളി വന്നു, പള്ളി പൊളിച്ചത് സങ്കടകരമായ കാര്യമാണ്. പക്ഷേ വീണ്ടും ക്ഷേത്രം വരാൻ വേണ്ടിയുള്ള സംഭവമാണ്. കോടതി അക്കാര്യത്തിൽ വിധി പറഞ്ഞു. മുസ്ലീങ്ങൾക്ക് പള്ളി പണിയാൻ സ്ഥലവും കൊടുത്തു. അയോധ്യയിൽ പോകാൻ പാടി്ല്ലെന്ന് ഉണ്ടോ? ആർക്കും അവിടെ പ്രശ്നമല്ല. മനസിൽ വൈരാഗ്യം വെച്ച് മുന്നോട്ട് പോകണമെന്നാണോ പറയുന്നത്?
അയോധ്യയിൽ എല്ലാവരും പോകണം. എന്തുകൊണ്ട് പോയിക്കൂട? ഞാൻ മനസിലാക്കുന്നത് അനുസരിച്ച് സിഎഎ മുസ്ലീം വിരുദ്ധമല്ലല്ലോ. പാക്കിസ്ഥാനിൽ നിന്ന് വരുന്ന മുസ്ലീങ്ങൾ ന്യൂനപക്ഷമല്ലല്ലോ, ഹിന്ദുക്കളല്ലേ ന്യൂനപക്ഷം', ഉണ്ണി മുകുന്ദൻ പറഞ്ഞു.












Click it and Unblock the Notifications