'ഒരു 200 തവണയെങ്കിലും ഞാൻ പറഞ്ഞു, പക്ഷെ കേട്ടില്ല'; ഫോൺ തട്ടിപ്പറിച്ച സംഭവത്തിൽ ഉണ്ണി മുകുന്ദൻ
കഴിഞ്ഞ ദിവസം നടൻ ഉണ്ണി മുകുന്ദന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. നടനെ പിന്തുടർന്ന് വീഡിയോ എടുത്ത യുവാവിനോട് ഉണ്ണി പ്രതികരിച്ച രീതിയാണ് ചർച്ചയായത്. യുവാവ് വീഡിയോ ആവർത്തിച്ച് പകർത്തുന്നതിനിടെ ദേഷ്യം വന്ന ഉണ്ണി ആ ഫോൺ തട്ടിപ്പറിച്ച് പോക്കറ്റിൽ ഇടുകയും പിന്നീട് തിരികെ നൽകുകയും ചെയ്തു. സംഭവത്തിൽ ഉണ്ണിയെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള നിരവധി കമന്റുകളാണ് വന്നത്. ഇപ്പോഴിതാ അന്ന് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് പറയുകയാണ് നടൻ. റെഡ് എഫ്എമ്മിന് നൽകിയ വീഡിയോയിലാണ് പ്രതികരണം.
'ഞാൻ ഫോൺ തട്ടിപ്പറിച്ചതല്ല, നിങ്ങൾക്ക് എന്താണ് അത് കണ്ടപ്പോൾ തോന്നിയത്? ശല്യമാകുമോ ഇല്ലയോ?. അത്രയേയുള്ളു. എന്റെ സർക്കിളിൽ ഈ വിഷയം ചർച്ചയായിട്ടില്ല, സോഷ്യൽ മീഡിയയിൽ ഉണ്ടാകും. ഞാൻ എല്ലാവരുമായി വളരെ അധികം സഹകരിച്ച് ജീവിക്കുന്നയാളാണ്. ഇതൊരു കൊടുക്കൽ വാങ്ങലാണ്, അത് മനസിലാക്കുക. ഞാൻ ബോഡി ഗാഡിനെ വെച്ച് നടക്കുന്ന ആളൊന്നുമല്ല. കഴിഞ്ഞ ദിവസം ഞാനൊരു പരിപാടിക്ക് പോയപ്പോൾ എന്റെ ചുറ്റും ബോഡിഗാഡ്സ് ഉണ്ടായിരുന്നു. ഒരുപക്ഷെ ഞാൻ അത്തരത്തിൽ പ്രതികരിച്ചത് കൊണ്ടായിരിക്കും.

ഒരു ക്ലിക്ക് ബൈറ്റ് കൾച്ചറാണ് നടക്കുന്നത്. ലിഫ്റ്റിൽ നിന്ന് ഇറങ്ങിയപ്പോൾ തൊട്ട് ഞാൻ പറയുന്നുണ്ട് 200 തവണയെങ്കിലും നിങ്ങൾ വീഡിയോ എടുത്തില്ലേ, ആവശ്യത്തിനുള്ള ഫൂട്ടേജ് കിട്ടിയില്ലേ, ഇനിയെങ്കിലൂം നിർത്തൂവെന്ന് പറഞ്ഞു.
ചെറുപ്പക്കാരനാണ്, അയാൾക്ക് ഞാൻ പറഞ്ഞത് മനസിലാകണം. ഇല്ലെങ്കിലും എനിക്കൊന്നും ചെയ്യാൻ പറ്റില്ല. ലൈഫിൽ ഇതിനേക്കാൾ മോശപ്പെട്ട കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്. അതുകൊണ്ട് ഇതെന്നെ സംബന്ധിച്ച് വളരെ സിമ്പിളാണ്', ഉണ്ണി മുകുന്ദൻ വ്യക്തമാക്കി.
അതേസമയം ഉണ്ണി ചെയ്തതിൽ തെറ്റില്ലെന്നാണ് ഈ വീഡിയോക്ക് താഴെ വന്ന കമന്റുകളിൽ ഏറെയും. മുഖത്തോട് അടുപ്പിച്ച് ഇത്തരത്തിൽ വീഡിയോ എടുക്കുന്നത് ആരെ ആയാലും അസ്വസ്ഥമാക്കും ഉണ്ണി ചെയ്തത് ശരിയായ കാര്യമാണ് എന്നാണ് ഒരാൾ കമന്റിൽ പറഞ്ഞത്. നേരത്തേ ബിഗ് ബോസ് താരവും യുട്യൂബറുമായ സായ് കൃഷ്ണയും ഉണ്ണിയെ അനുകൂലിച്ച് പ്രതികരിച്ചിരുന്നു. സിനിമ താരങ്ങളാണെങ്കിലും ആളുകൾ അവരുടെ സ്വകാര്യത മാനിക്കണമെന്നാണ് സായ് പറഞ്ഞത്.
അതേസമയം മാർക്കോ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ പുതിയ ചിത്രം ഗെറ്റ് സെറ്റ് ബേബി തീയറ്ററിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ അർജുൻ എന്ന ഗൈനക്കോളജിസ്റ്റായാണ് ഉണ്ണി വേഷമിടുന്നത്.












Click it and Unblock the Notifications