'ഉണ്ണി മുകുന്ദൻ ഇറങ്ങിയാൽ പാലക്കാട് ബിജെപിക്കൊപ്പം പോരും '; നിയമസഭ തിരഞ്ഞെടുപ്പിനായി തുനിഞ്ഞ് ഇറങ്ങി ബിജെപി
ബി ജെ പി ഏറ്റവും കൂടുതൽ പ്രതീക്ഷ പുലർത്തുന്ന മണ്ഡലമാണ് പാലക്കാട്. കഴിഞ്ഞ രണ്ട് നിയമസഭ തിരഞ്ഞെടുപ്പിലും വലിയ മുന്നേറ്റം കാഴ്ചവെയ്ക്കാൻ ബി ജെ പിക്ക് കഴിഞ്ഞിരുന്നു. വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ കരുത്തരെ ഇറക്കിയാൽ മണ്ഡലം കൂടെ പോരുമെന്നാണ് ബി ജെ പി പ്രതീക്ഷ. നടൻ ഉണ്ണി മുകുന്ദൻ്റെ പേരാണ് ബി ജെ പി പട്ടികയിൽ ഉള്ളത്.
മണ്ഡലങ്ങളിലെ വിജയ സാധ്യത പരിശോധിക്കാൻ ബി ജെ പി ഒരു ഏജൻസിയെ ചുമതലപ്പെടുത്തിയിരുന്നു. ഇവരുടെ കണ്ടെത്തൽ പാലക്കാട് പിടിക്കാൻ ഏറ്റവും യോഗ്യനായ ആൾ നടൻ ഉണ്ണി മുകുന്ദനാണെന്നാണ് കണ്ടെത്തൽ. നേരത്തേ തന്നെ ബി ജെ പി അനൂകൂല നിലപാട് പങ്കുവെച്ചിട്ടുള്ള നടനാണ് ഉണ്ണി. മുൻപ് പാലക്കാട് വെച്ച് നടന്ന വിനായക ചതുർഥി ആഘോഷത്തിൽ ഉണ്ണി പങ്കെടുത്തിരുന്നു.ഗണിപതി മിത്താണെന്ന എഎൻ ഷംസീറിൻ്റെ വാക്കുകൾ വിവാദമായ സമയത്തായിരുന്നു പരിപാടി.അന്ന് ഷംസീറിനെതിരെ ഉണ്ണി ആഞ്ഞടിച്ചിരുന്നു.

ഈ പരിപാടിയിൽ മാത്രമല്ല പല ബി ജെ പി പരപിപാടികളിലും ഉണ്ണി ഭാഗമായിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബയോപിക് ആയ മാ വന്ദേയിലും ഉണ്ണിയാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇതെല്ലാം കൊണ്ടുതന്നെ ഉണ്ണിക്ക് വലിയ സ്വീകാര്യത ഉണ്ടെന്നാണ് നേതൃത്വം വിലയിരുത്തുന്നത്.
അതേസമയം മത്സരിക്കണമെന്ന ആവശ്യം ബി ജെ പി നേതൃത്വം ഇതുവരെ ഉണ്ണി മുകുന്ദനുമായി ഔദ്യോഗികമായി സംസാരിച്ചിട്ടില്ല. ഉണ്ണിയെ കൂടാതെ പാർട്ടി മുൻ അധ്യക്ഷനായ കെ സുരേന്ദ്രൻ്റെ പേര് മണ്ഡത്തിൽ ചർച്ചയാകുന്നുണ്ട്. കെ സുരേന്ദ്രൻ മത്സരിക്കുന്നത് വലിയ രാഷ്ട്രീയ പോരാട്ടത്തിന് വഴിവെക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. ശോഭ സുരേന്ദ്രനിലേക്ക് ചർച്ച നീണ്ടിരുന്നുവെങ്കിലും പാലക്കാടേക്ക് ഇല്ലെന്നാണ് അവർ അറിയിച്ചത്. ശോഭ മത്സരിക്കുകയാണെങ്കിൽ സി കൃഷ്ണകുമാർ പക്ഷം പണി തന്നേക്കുമെന്ന ഭയം നേതൃത്വത്തിനും ശോഭക്കുമുണ്ട്. ഇതെല്ലാമാണ് അവരെ പിന്നോട്ടടിപ്പിച്ചത്.
കോണ്‍ഗ്രസിൽ ആര്?
പാലക്കാട് കോണ്‍ഗ്രസിനെ സംബന്ധിച്ച് ഇക്കുറി അഭിമാന പോരാട്ടമാണ്. ലൈംഗിക കേസിൽ പെട്ട രാഹുൽ മാങ്കൂട്ടത്തിൽ തീർത്ത ക്ഷീണം കോണ്‍ഗ്രസിന് ഇവിടെയുണ്ട്. രാഹുലിനെ ഇക്കുറി വീണ്ടും മത്സരിപ്പിക്കാനുള്ള സാധ്യത ഇല്ല. രാഹുൽ മത്സരിക്കുന്നത് പാർട്ടിക്ക് വലിയ തിരിച്ചടി സമ്മാനിക്കുമെന്നാണ് ഒരു വിഭാഗം നൽകുന്ന മുന്നറിയിപ്പ്. മണ്ഡലം നിലനിർത്താൻ ഷാഫി പറമ്പിലിനെ വീണ്ടും മത്സരിപ്പിക്കാൻ കോണ്‍ഗ്രസ് തയ്യാറാകുമോയെന്നതാണ് ഉയരുന്ന ചർച്ച. എന്തായാലും സ്ഥാനാർത്ഥിത്വം സംബന്ധിച്ച് നേതൃത്വം ഇതുവരെ മനസ് തുറന്നിട്ടില്ല.












Click it and Unblock the Notifications