'ബിജെപിയിൽ അയിത്തം, കള്ളപ്പണം വീതംവെപ്പ്, വിജയും ഞാനും തമ്മിൽ സാമ്യതകളുണ്ട്', വെളിപ്പെടുത്തി ദേവൻ
ബിജെപിയില്‍ നിന്ന് രാജി വെച്ച നടന്‍ ദേവന്‍ വിജയുടെ പാര്‍ട്ടിയായ ടിവികെയില്‍ ചേരാനുളള നീക്കത്തിലാണ്. അന്തിമ തീരുമാനം വിജയുടേതായിരിക്കും എന്നാണ് ദേവന്‍ പറയുന്നത്. ദേവന് കേരളത്തിലെ ടിവികെ സംസ്ഥാന അധ്യക്ഷ പദവി വാഗ്ദാനം ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത മാസം വിജയുമായി നടത്തുന്ന കൂടിക്കാഴ്ചയിലായിരിക്കും ടിവികെ പ്രവേശനവും പദവിയും സംബന്ധിച്ച തീരുമാനം.
ബിജെപി വിട്ടതിന് പിന്നാലെ പാർട്ടി സംസ്ഥാന നേതൃത്വത്തിന് എതിരെ ഗുരുതര ആരോപണങ്ങളാണ് ദേവൻ ഉന്നയിച്ചിരിക്കുന്നത്. ബിജെപിയിൽ തനിക്ക് അയിത്തം ആയിരുന്നുവെന്നും തിരഞ്ഞെടുപ്പ് കാലത്ത് കോടികളുടെ കള്ളപ്പണം വരുന്നത് നേതാക്കൾ പങ്കിട്ടെടുക്കുന്നുവെന്നും ദേവൻ റിപ്പോർട്ടർ ടിവിയോട് വെളിപ്പെടുത്തി.
ദേവന്റെ വാക്കുകൾ: '' ബിജെപിയില്‍ ചേര്‍ന്നു എന്നതല്ലാതെ കേരള ബിജെപി തന്നെ അതിലേക്ക് അടുപ്പിച്ചിട്ടില്ല. ഒരു തൊട്ടുകൂടായ്മ തനിക്കുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമുളള 15 ദിവസത്തിനുളളിലാണ് കള്ളപ്പണം മുഴുവനും വരുന്നത്. ആ 15 ദിവസങ്ങള്‍ക്കുളളിലാണ് 3 കോടിയും 5 കോടിയുമൊക്കെ ചിലവാക്കുന്നത്.

അതില്‍ തന്നെ കൂടിപ്പോയാല്‍ 50 ലക്ഷം വരെയേ ഈ രാഷ്ട്രീയ നേതാക്കള്‍ പ്രചാരണത്തിന് വേണ്ടി ചിലവാക്കുന്നുളളൂ. ബാക്കി മുഴുവന്‍ നേതാക്കള്‍ തമ്മില്‍ വീതിച്ചെടുക്കുകയാണ്. ടിവികെയുടെ നേതൃത്വത്തില്‍ വരികയാണെങ്കില്‍ പുതുമുഖങ്ങളെ മാത്രമേ പാര്‍ട്ടിയിലേക്ക് എടുക്കുകയുളളൂ. മുതിര്‍ന്ന നേതാക്കളെ എടുക്കില്ല.
തമിഴ്‌നാട്ടില്‍ മാത്രം നില്‍ക്കുന്ന പാര്‍ട്ടിയായി ടിവികെയെ കാണുന്നില്ല. ദേശീയ തലത്തിലേക്ക് പാര്‍ട്ടിയെ വളര്‍ത്തുകയാണ് വിജയുടെ ലക്ഷ്യം. അടുത്ത തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ വലിയ മാറ്റം ഉണ്ടാക്കാന്‍ ടിവികെയ്ക്ക് സാധിക്കും. 2031ല്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് വരുമ്പോഴേക്കും ടിവികെയ്ക്ക് ഇവിടെ സ്ഥാനാര്‍ത്ഥികളെ ഉണ്ടാക്കാന്‍ സാധിക്കും. അതിനായി 5 വര്‍ഷം സമയം ഉണ്ട്.
താന്‍ 2004ല്‍ ഉയര്‍ത്തിയ ചില കാര്യങ്ങളുണ്ട്. അതാണ് ഇന്ന് വിജയ് ഉയര്‍ത്തി തിരഞ്ഞെടുപ്പ് ജയിച്ചത്. അന്ന് താന്‍ ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന വില്ലനായിരുന്നു. അപ്പോള്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനവുമായി ചേര്‍ന്ന് കഴിഞ്ഞാല്‍ കരിയറിനെ ബാധിക്കും എന്ന് അറിയാം. അത് ത്യാഗം ചെയ്തിട്ടാണ് രാഷ്ട്രീയത്തില്‍ നിന്നത്. അന്ന് താന്‍ ഉദ്ദേശിച്ച അഴിമതി, വര്‍ഗീയത ഇതിലൊക്കെ മാറ്റം വരണമെന്ന കാഴ്ചപ്പാടാണ് ഇന്ന് വിജയ് മുന്നോട്ട് വെക്കുന്നത്. വിജയും താനും തമ്മില്‍ രാഷ്ട്രീയ നിലപാടുകളിലുളള ആ സാമ്യതയാണ് ടിവികെയിലേക്ക് തന്നെ ആകര്‍ഷിച്ചത്''.



Click it and Unblock the Notifications