യുപി നിയമസഭ തിരഞ്ഞെടുപ്പ് ഫലം 2022: ബിജെപി ജനാധിപത്യത്തെ നശിപ്പിക്കുന്നുവെന്ന് എസ്പി നേതാവ്
ദില്ലി: യുപി ഉള്‍പ്പടേയുള്ള സംസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍ തുടരവെ ബി ജെ പിക്കെതിരെ തിരഞ്ഞെടുപ്പ് കൃത്രിമത്വം ആരോപിച്ച് പ്രമുഖ എസ്പി നേതാവ് നരേഷ് ഉത്തം പട്ടേല്‍. ബിജെപി ജനാധിപത്യത്തെ നശിപ്പിക്കുകയാണെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. "ബിജെപി ജനാധിപത്യം നശിപ്പിക്കുകയാണ്, എവിടെയെക്കെയോ ബാലറ്റ് പേപ്പറുകൾ പിടിക്കപ്പെടുന്നു, എവിടെയൊക്കെയോ ഇവിഎമ്മുകൾ നീക്കം ചെയ്യപ്പെടുന്നു." എന്നാണ് നരേഷ് ഉത്തം പട്ടേല്‍ ആരോപിക്കുന്നത്. ബി ജെ പിയുടെ ഈ കള്ളക്കളി ഇത്തവണ അവസാനിപ്പിക്കാൻ ജനം മനസ്സിലുറപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം എസ്പി നേതാവിന്റെ അവകാശവാദങ്ങള്‍ തള്ളിക്കൊണ്ട് ബി ജെ പി നേതൃത്വം രംഗത്ത് എത്തി. "ജനങ്ങൾക്ക് പ്രധാനമന്ത്രി മോദിയിലും മുഖ്യമന്ത്രി യോഗിയിലും അപാരമായ വിശ്വാസമുണ്ട്. യുപിയിൽ ബിജെപി ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കും. കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സീറ്റുകൾ ഞങ്ങൾ നേടും.''- ലഖ്‌നൗ ജില്ലയിലെ സരോജിനി നഗറിൽ നിന്നുള്ള ബിജെപി സ്ഥാനാർത്ഥി രാജേശ്വര് സിംഗ് പറഞ്ഞു. സരോജിനി നഗർ മണ്ഡലത്തിൽ ബിജെപി ഒരു ലക്ഷം വോട്ടിന് വിജയിക്കും. ഇവിഎം തട്ടിപ്പ് എന്ന് പറയുന്നത് തിരഞ്ഞെടുപ്പ് തോല്‍വി മുന്നില്‍ കണ്ടുകൊണ്ടുള്ള മുന്‍കൂർ ജാമ്യം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിഎമ്മില്‍ കൃത്രിമത്വം നടക്കുന്നുവെന്ന ആരോപണം നിഷേധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനും രംഗത്ത് എത്തിയിരുന്നു. ചില പാർട്ടികൾ ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ, ഞങ്ങൾ ആ ഇവിഎമ്മിൽ പ്രദർശിപ്പിച്ച നമ്പർ കാണിച്ചു. വോട്ടെണ്ണലിനായി സ്‌ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന ഇവിഎമ്മുകളുമായി ഇത് പൊരുത്തപ്പെടുന്നില്ല. ഇതിനുശേഷം അവർ തൃപ്തരായി. വോട്ട് രേഖപ്പെടുത്തിയ ഒരു ഇവിഎമ്മും സ്‌ട്രോങ് റൂമിൽ നിന്ന് പുറത്തെടുക്കാനാകില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
വാരാണസിയിലെ ഒരു ഇവിഎമ്മിനെ കുറിച്ച് പരാതി ഉണ്ടായിരുന്നു. അത് പരിശീലന ആവശ്യത്തിനുള്ളതായിരുന്നു. സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ അനുസരിച്ച് പരിശീലന ആവശ്യങ്ങൾക്കായി ഇവിഎമ്മുകൾ നീക്കുന്നത് സംബന്ധിച്ച് രാഷ്ട്രീയ പാർട്ടികളെ അറിയിച്ചില്ല എന്നതാണ് എഡിഎമ്മിന്റെ തെറ്റെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.
വോട്ടിങ് മെഷീനുകളിൽ തിരിമറിയെന്ന എസ്പി ആരോപണത്തെത്തുടർന്ന് 3 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവാണ് വാരാണസിയടക്കം മൂന്നിടങ്ങളിൽ തിരിമറി നടത്താൻ ഉദ്യോഗസ്ഥർ ശ്രമം നടത്തുന്നുവെന്ന് ആരോപിച്ച് രംഗത്ത് എത്തിയത്. വാരാണസിയിൽ വോട്ടിങ് യന്ത്രം കൊണ്ടുപോകുന്ന വാഹനം ജനങ്ങൾ തടയുന്ന വിഡിയോയും പാർട്ടി പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇത് പരിശീലന ആവശ്യത്തിനുള്ള ഇവിഎം ആണെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്.












Click it and Unblock the Notifications