Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്...

2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതിന് തുടർ ഭരണമെന്ന ചരിത്ര തീരുമാനം മലയാളി മനസ്സിൽ ഒരു വർഷം മുമ്പേ കുറിക്കപ്പെട്ടിരുന്നു എന്ന് തെളിയിക്കുന്നതായിരുന്നു 2020ൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ വിധി. ​ഗ്രാമ-ന​ഗര വ്യത്യാസമില്ലാതെ ജനം ഇടതുപക്ഷത്തെ നെഞ്ചോടുചേർത്ത തെരഞ്ഞെടുപ്പായിരുന്നു അത്. അടിസ്ഥാന സൗകര്യ വികസനവും ക്ഷേമപ്രവർത്തനവും മുൻനിർത്തി പോരാട്ടത്തിനിറങ്ങിയ എൽഡിഎഫിന് പ്രകൃതി ദുരന്തങ്ങളാലും മഹാമാരിയാലും പതറിപ്പോയ മനുഷ്യരെ ചേർത്തുനിർത്തിയതിനുള്ള മറുപടിയാണ് കേരളം നൽകിയത്. 14ൽ 11 ജില്ലാ പഞ്ചായത്തുകളിലും ആറിൽ അഞ്ച് കോർപറേഷനുകളിലും 87ൽ 44 നഗരസഭകളിലും ചെങ്കൊടി പാറി. 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ 113 എണ്ണത്തിലും 941 ഗ്രാമപഞ്ചായത്തുകളില്‍ 581ലും എൽഡിഎഫ് ആധികാരികജയം നേടി. തെരഞ്ഞെടുപ്പ് ഫലം ഇങ്ങനെയായിരുന്നു-

ഗ്രാമ പഞ്ചായത്ത് (ആകെ 941):

എൽഡിഎഫ്- 581

യുഡിഎഫ്- 339

എൻഡിഎ- 12

മറ്റുള്ളവർ- 7

ബ്ലോക്ക് പഞ്ചായത്ത് (ആകെ 152)

എൽഡിഎഫ്- 113

യുഡിഎഫ്- 38

എൻഡിഎ- 0

മറ്റുള്ളവർ- 1

ldf-and-udf

ജില്ലാ പഞ്ചായത്ത് (ആകെ 14)

എൽഡിഎഫ്- 11

യുഡിഎഫ്- 3

എൻഡിഎ- 0

മറ്റുള്ളവർ- 0

ന​ഗരസഭ (ആകെ 87)

എൽഡിഎഫ്- 44

യുഡിഎഫ്- 41

എൻഡിഎ- 2

മറ്റുള്ളവർ- 0

കോർപറേഷൻ (ആകെ 6)

എൽഡിഎഫ്- 5

യുഡിഎഫ്- 1

എൻഡിഎ- 0

മറ്റുള്ളവർ- 0

പകുതിയിലേറെ ഗ്രാമപഞ്ചായത്തുകളിൽ എല്‍ഡിഎഫാണ് വിജയിച്ചതെന്ന് കാണാം. ബ്ലോക്ക് പഞ്ചായത്തുകളില്‍ യുഡിഎഫിന്‍റെ മൂന്ന് ഇരട്ടിയോളം സീറ്റുകള്‍ ഇടതുപക്ഷംനേടി. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലാ പഞ്ചായത്തുകള്‍ വന്‍ഭൂരിപക്ഷത്തോടെ എല്‍ഡിഎഫ് പിടിച്ചെടുത്തു. വയനാട് ജില്ലാ പഞ്ചായത്തില്‍ 8 സീറ്റുകള്‍ വീതം ഇരുമുന്നണികളും നേടിയപ്പോള്‍ നറുക്കെടുപ്പിലൂടെയാണ് പ്രസിഡന്‍റ് സ്ഥാനം യുഡിഎഫിന് ലഭിച്ചത്. തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട് കോര്‍പറേഷനുകളില്‍ മിന്നുന്ന വിജയമായിരുന്നു എല്‍ഡിഎഫിന്റേത്. യുഡിഎഫിനൊപ്പംനിന്നത് കണ്ണൂര്‍ കോര്‍പറേഷന്‍ മാത്രം.

തൊട്ടടുത്ത വർഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പിലും ഈ നേട്ടം എൽഡിഎഫ് ആവർത്തിച്ചു. 140 സീറ്റുകളിൽ 99ഉം നേടി തുടർഭരണത്തിലെത്താൻ ഇടതിന് കഴിഞ്ഞു. അതിന്റെ പകുതി സീറ്റുകൾ പോലും നേടാനാകാതെ 41ൽ യു.ഡി.എഫ് ഒതുങ്ങി. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിനേക്കാൾ 8 സീറ്റുകൾ അധികമാണ് എൽഡിഎഫ് നേടിയത്. ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ കേരളത്തിന്റെ പരമ്പരാഗതമായ ദ്വിമുഖ രാഷ്ട്രീയത്തെ വെല്ലുവിളിക്കുമെന്ന് കരുതിയെങ്കിലും കയ്യിലുണ്ടായിരുന്ന നേമം മണ്ഡലം നിലനിർത്താൻ പോലും കഴിഞ്ഞതുമില്ല.

2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിൽ നിന്ന് ഗണ്യമായി മെച്ചപ്പെടാനും 2021ൽ എൽഡിഎഫിന് കഴിഞ്ഞു. മേഖല തിരിച്ചുള്ള പ്രകടനം വിലയിരുത്തിയാൽ കൊച്ചി, തിരുവിതാംകൂർ മേഖലകളിൽ എൽഡിഎഫ് മുന്നിലും മലബാർ മേഖലയിൽ അൽപ്പം പിന്നിലുമായെന്ന് കാണാം. 109 സീറ്റുകളിൽ എൽഡിഎഫിന് 40 ശതമാനത്തിൽ കൂടുതൽ വോട്ട് ലഭിച്ചപ്പോൾ, യുഡിഎഫിന് 64 സീറ്റുകളിൽ മാത്രമാണ് ഇത്രയും ശതമാനം വോട്ട് ലഭിച്ചത്. എൻഡിഎയുടെ വോട്ട് വിഹിതം 30 ശതമാനത്തിൽ താഴെയായിരുന്നു. നഗരപ്രദേശങ്ങളിൽ മാത്രമാണ് വോട്ട് വിഹിതത്തിൽ എൽഡിഎഫിനെ മറികടക്കാൻ യുഡിഎഫിന് കഴിഞ്ഞത്. അർധ നഗര, ഗ്രാമീണ മേഖലകളിൽ എൽഡിഎഫ് മുന്നിലെത്തി.

അഞ്ചാം വർഷത്തിൽ കാറ്റ് മാറി വീശിയപ്പോൾ...

രണ്ടാം പിണറായി സർക്കാറിന്റെ ഭരണം നാല് വർഷം പിന്നിട്ടപ്പോൾ 2025ൽ നടന്ന ത​ദ്ദേശ തെരഞ്ഞെടുപ്പിൽ പക്ഷേ, കാറ്റ് മാറി വീശി. 2024ൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് കേരളം നൽകിയ ആധികാരിക വിജയം തദ്ദേശ തെരഞ്ഞെടുപ്പിന്റെ ട്രെയ്‍ലർ ആയിരുന്നെന്ന് പറയാം. സംസ്ഥാനത്ത് യുഡിഎഫ് തരംഗവും ഭരണവിരുദ്ധ വികാരവും നിലനിൽക്കുന്നെന്ന വലിയ പ്രതീതി നൽകാൻ ഈ തെരഞ്ഞെടുപ്പിന് കഴിഞ്ഞു. കോര്‍പറേഷനുകളിലും ജില്ലാ പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ഗ്രാമ പഞ്ചായത്തുകളിലും യുഡിഎഫിന്റെ ആധികാരിക ആധിപത്യം പ്രകടമായി.

ആറില്‍ അഞ്ച് കോര്‍പറേഷനുകളുമായി തദ്ദേശ തെരഞ്ഞെടുപ്പിന് ഇറങ്ങിയ ഇടത് മുന്നണിക്ക് കനത്ത പ്രഹരമേറ്റു. നാല് കോര്‍പറേഷനുകള്‍ എല്‍ഡിഎഫിന് നഷ്ടമായി. കൊല്ലം, എറണാകുളം, തൃശൂര്‍, കോര്‍പറേഷനുകള്‍ പിടിച്ചെടുത്ത യുഡിഎഫ് കണ്ണൂരിനെ മികച്ച വിജയത്തോടെ നിലനിര്‍ത്തുകയും ചെയ്തു. തിരുവനന്തപുരം കോര്‍പറേഷന്‍ എന്‍ഡിഎ പിടിച്ചു. കോഴിക്കോട്ട് മാത്രമാണ് എല്‍ഡിഎഫിന് ആശ്വാസ ജയമുണ്ടായത്. 2020ൽ തകര്‍ന്നടിഞ്ഞ തിരുവനന്തപുരം കോര്‍പറേഷനില്‍ യുഡിഎഫ് സീറ്റ് നില ഇരട്ടിയോളം ആക്കുകയും ചെയ്തു.

44 നഗരസഭകളായിരുന്നു 2020ൽ എല്‍ഡിഎഫിനുണ്ടായിരുന്നത്. യുഡിഎഫിന് 41ഉം. എന്നാല്‍ 2025ൽ 54 മുനിസിപ്പാലിറ്റികള്‍ യുഡിഎഫ് പിടിച്ചു. 28 ഇടത്ത് മാത്രമാണ് ഇടതുമുന്നണിക്ക് ഭരണത്തിലെത്താനായത്. രണ്ടിടത്ത് എന്‍ഡിഎ വിജയിച്ചപ്പോള്‍ മറ്റുള്ളവര്‍ ഒരിടത്ത് അധികാരത്തിലെത്തി.

2020ല്‍ ഇടത് തരംഗം ആഞ്ഞടിച്ചെങ്കിലും പകുതിയോളം നഗരസഭകള്‍ കൂടെ നിര്‍ത്താന്‍ യുഡിഎഫിന് സാധിച്ചിരുന്നു. മൂന്ന് നഗരസഭകളുടെ വ്യത്യാസം മാത്രമാണ് അന്ന് എല്‍ഡിഎഫുമായി ഉണ്ടായിരുന്നത്. എന്നാല്‍ നിലവിലെ എല്‍ഡിഎഫ്-യുഡിഎഫ് അന്തരം 26 നഗരസഭകളുടേതാണ്. നഗര മേഖലകള്‍ക്ക് പുറമെ ഗ്രാമപ്രദേശങ്ങളിലും ഇടതുമുന്നണിക്ക് ഇടിച്ചിലുണ്ടായി. ആകെയുള്ള 941 ഗ്രാമ പഞ്ചായത്തുകളില്‍ 504 എണ്ണം യുഡിഎഫ് നേടി. എന്നാല്‍, 582ൽ നിന്ന് എല്‍ഡിഎഫ് 341ലേക്ക് ഒതുങ്ങി. എന്‍ഡിഎ 26 പഞ്ചായത്തുകളില്‍ ഭരണം നേടിയപ്പോള്‍ മറ്റുള്ളവര്‍ 6 എണ്ണത്തിലും അധികാരത്തിലെത്തി.

2025 തദ്ദേശ തെരഞ്ഞെടുപ്പില്‍ എൽഡിഎഫിന് അല്‍പ്പമെങ്കിലും പിടിച്ചുനില്‍ക്കാനായത് ജില്ലാ പഞ്ചായത്തിലേക്കുള്ള മത്സരത്തിലാണ്. ആകെയുള്ള 14 ജില്ലാ പഞ്ചായത്തുകളില്‍ ഏഴ് വീതം ഇരുമുന്നണികളും നേടി. 2020ൽ ഇടതുമുന്നണി 11 ജില്ലാ പഞ്ചായത്തുകള്‍ നേടിയിരുന്നു. അഞ്ച് വർഷം കൊണ്ട് അത് 7 ആയി കുറഞ്ഞു. യുഡിഎഫ് 3ല്‍ നിന്ന് 7 ആയി വര്‍ധിപ്പിക്കുകയും ചെയ്തു.

2020ല്‍ മലപ്പുറം, എറണാകുളം, വയനാട് ജില്ലാ പഞ്ചായത്തുകളാണ് യുഡിഎഫിന് ലഭിച്ചത്. എന്നാല്‍ 2025ൽ കോഴിക്കോട്, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലാ പഞ്ചായത്തുകള്‍ കൂടി യുഡിഎഫ് പിടിച്ചെടുത്തു. കാസര്‍കോട്ടും തിരുവനന്തപുരത്തും നേരിയ വ്യത്യാസത്തിലാണ് യുഡിഎഫിന് ജില്ലാ പഞ്ചായത്ത് ഭരണം നഷ്ടമായത്.

ആകെയുള്ള 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ 79 എണ്ണം പിടിച്ചായിരുന്നു 2025ൽ യുഡിഎഫ് മുന്നേറ്റം. 63 ഇടങ്ങളില്‍ വിജയിക്കാനേ ഇടതുമുന്നണിക്ക് സാധിച്ചുള്ളൂ. 2020ല്‍ 113 ഇടത്തായിരുന്നു എല്‍ഡിഎഫ് വിജയം. 38 ഇടത്ത് മാത്രമായിരുന്നു യുഡിഎഫിന് ഭരണം പിടിക്കാനായത്. എന്നാല്‍ ഇരട്ടിയിലേറെ ബ്ലോക്ക് പഞ്ചായത്തുകള്‍ പിടിക്കാൻ അഞ്ച് വർഷം കൊണ്ട് യുഡിഎഫിനായി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+