അമൃതാനന്ദമയീ മഠം സന്ദർശിക്കാനെത്തിയ അമേരിക്കൻ യുവാവ് മർദ്ദനമേറ്റ നിലയിൽ! സ്ത്രീകളെ ആക്രമിച്ചെന്നും
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മരിയോ സപ്പോട്ടോ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി പോലീസ് അറിയിച്ചതായും മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
തിരുവനന്തപുരം: അമൃതാനന്ദമയീ മഠത്തിലെ അന്തേവാസിയായ അമേരിക്കൻ പൗരനെ മർദ്ദനമേറ്റ നിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിയോ സപ്പോട്ടോ എന്ന യുവാവിനെയാണ് ഗുരുതരമായ പരിക്കുകളോടെ കഴിഞ്ഞദിവസം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പരിക്കുകൾ ഗുരുതരമായതിനാൽ ഇയാളെ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും, ഇയാൾ അപകടനില തരണം ചെയ്തിട്ടില്ലെന്നും മാധ്യമം.കോം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മരിയോ സപ്പോട്ടോ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി പോലീസ് അറിയിച്ചതായും മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, മരിയോയുടെ പരിക്കിനെക്കുറിച്ച് മംഗളവും വിശദമായ റിപ്പോർട്ട് നൽകിയിട്ടുണ്ട്.

കൂട്ടിരിപ്പിന്...
അമൃതാനന്ദമയീ മഠത്തിന്റെ ആംബുലൻസിൽ പോലീസിനൊപ്പമാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചതെന്നാണ് മംഗളം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഐസിയുവിൽ പ്രവേശിപ്പിച്ച യുവാവിന് കൂട്ടിരിപ്പുകാരായി മഠം പ്രതിനിധികളായ രണ്ടുപേരുണ്ടെന്നും മംഗളത്തിന്റെ വാർത്തയിലുണ്ട്.

ക്ഷതമേറ്റു...
അമൃതാനന്ദമയീ മഠം സന്ദർശിക്കാനെത്തിയ അമേരിക്കൻ പൗരനെ ശരീരമാസകലം പരിക്കേറ്റ നിലയിലാണ് ആശുപത്രിയിലെത്തിച്ചതെന്നും മംഗളം റിപ്പോർട്ട് ചെയ്യുന്നു. വലതു കണ്ണിന് മുകളിലും, നട്ടെല്ലിനും വയറിനും കാര്യമായ ക്ഷതമേറ്റിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

വിവരങ്ങൾ ചോദിച്ചറിയാനായില്ല...
ആശുപത്രിയിലെത്തിച്ചത് മുതൽ ഇയാൾ അർദ്ധബോധാവസ്ഥയിലാണ്. അതിനാൽ കൂടുതൽ വിവരങ്ങൾ ചോദിച്ചറിയാനായിട്ടില്ല.

കൂടുതൽ പരിശോധന...
മരിയോയുടെ കൈകളിൽ കയർ കൊണ്ട് കൂട്ടിക്കെട്ടിയതിന്റെ പാടുകളുണ്ടെന്നും, കൂടുതൽ പരിശോധനകൾ തിങ്കളാഴ്ച നടക്കുമെന്നും മംഗളം റിപ്പോർട്ട് ചെയ്യുന്നു.

മാനസിക പ്രശ്നം....
ആശ്രമത്തിലെ സ്ത്രീകളെ ആക്രമിച്ചതിനെ തുടർന്നാണ് മാനസികാസാസ്ഥ്യമുള്ള യുവാവിനെ കരുനാഗപ്പള്ളിയിലെ ആശുപത്രിയിലെത്തിച്ചത്. ഇവിടെവെച്ചും ഇയാൾ അക്രമാസക്തനായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെത്തിച്ചുവെന്ന് കരുനാഗപ്പള്ളി പോലീസ് പറഞ്ഞതായും മംഗളം റിപ്പോർട്ട് ചെയ്യുന്നു.

സത്നാം സിങ്....
2012ൽ അമൃതാനന്ദമയീ മഠത്തിലെത്തിയ ബീഹാർ സ്വദേശി സത്നാം സിങ് മർദ്ദനമേറ്റ് മരണപ്പെട്ടിരുന്നു. ഇതിനുപിന്നാലെ അമൃതാനന്ദമയീ മഠത്തിനെതിരെ നിരവധി ആരോപണങ്ങളുയർന്നു. എന്നാൽ സത്നാം സിങിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസിന്റെ ഭാഗത്ത് നിന്നും കാര്യമായ അന്വേഷണങ്ങളുണ്ടായില്ല.












Click it and Unblock the Notifications