• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആഴക്കടൽ മത്സ്യബന്ധനത്തിന് യുഎസ് കമ്പനിക്ക് 5000 കോടിയുടെ കരാർ; സർക്കാരിനെതിരെ അഴിമതി ആരോപണവുമായി ചെന്നിത്തല

ആലപ്പുഴ: ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയ്ക്ക് എതിരെ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. കേരളത്തിലെ മത്സ്യത്തൊഴിലാളികളെ ബഹുരാഷ്ട്ര കുത്തക കമ്പനിയുടെ കൂലിക്കാരും ആശ്രിതരുമാക്കി മാറ്റുന്ന, കേരള തീരം മുഴുവന്‍ വിദേശ കമ്പനിക്ക് തീറെഴുതിക്കൊടുക്കുന്ന കരാറില്‍ ഒപ്പിട്ടിരിക്കുകയാണെന്നാണ് പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്ന ആരോപണം. സ്പ്രിംക്ലര്‍ പോലെ, ഇ-മൊബിലിറ്റി പോലെയുള്ള ഈ അന്താരാഷ്ട്ര കൊള്ള നമ്മുടെ മത്സ്യസമ്പത്തിനെയും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെയും ബാധിക്കുമെന്ന് രമേശ് ചെന്നിത്തല പറയുന്നു.

ഇ.എം.സി.സി. ഇന്റര്‍ നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന അമേരിക്ക ആസ്ഥാനമായുള്ള ബഹു രാഷ്ട്രകമ്പനിയുമായിട്ടാണ് കേരള സമുദ്രത്തിലെ ആഴക്കടല്‍ മത്സ്യബന്ധനത്തിന് കരാര്‍ ഒപ്പിട്ടിട്ടുള്ളത്. 5000 കോടി രൂപയുടെതാണ് ഈ പദ്ധതി. കൊച്ചിയില്‍ നടന്ന ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്‌സ് മീറ്റ് - അസന്റ് 2020 -ല്‍ വച്ചാണ് ഇതിന്റെ ധാരണാപത്രം ഒപ്പിട്ടത്.ഇതനുസരിച്ചുള്ള അനുബന്ധകരാറുകള്‍ കഴിഞ്ഞ ആഴ്ച ഒപ്പിട്ടു.400 അത്യാധുനിക ആഴക്കടല്‍ ട്രോളറുകളും അഞ്ചു കൂറ്റന്‍ അത്യാധുനിക കപ്പലുകളും കടലിന്റെ അടിത്തട്ടുവരെ അരിച്ചുവാരാന്‍ കഴിയുന്ന വലകളും ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിനാണ് പദ്ധതി- രമേശ് ചെന്നിത്തല പറഞ്ഞു.

നമ്മുടെ സമുദ്രത്തില്‍ കൂറ്റന്‍ കപ്പലുകള്‍ ഉപയോഗിച്ച് വിദേശകമ്പനികള്‍ മത്സ്യബന്ധനം നടത്തുന്നതിനെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇതുവരെ എതിര്‍ത്തിരുന്നു. മത്സ്യത്തൊഴിലാളികളും വന്‍ചെറുത്തുനില്പാണ് ഇതിനെതിരെ നടത്തി വന്നിരുന്നത്. ഇതിനെ എതിര്‍ത്തിരുന്ന സി.പി.എം ഇപ്പോള്‍ മലക്കം മറിഞ്ഞിരിക്കുകയാണ്. കോടികളുടെ അഴിമതിയാണ് ഇതില്‍ നടന്നിട്ടുള്ളത്.

കേരളത്തിന്റെ മത്സ്യബന്ധന മേഖലയും പരമ്പരാഗത മത്സ്യത്തൊഴിലാളികളും കടുത്ത പ്രതിസന്ധി നേരിടുകയാണ്. മത്സ്യത്തിന്റെ ലഭ്യത വളരെ കുറഞ്ഞിരിക്കുന്നു. നമുക്ക് സുലഭമായി കിട്ടിക്കൊണ്ടിരുന്ന പല മത്സ്യങ്ങളും അപ്രത്യക്ഷമായിരിക്കുന്നു.വന്‍കിട കുത്തക കമ്പനികളുടെ അനിയന്ത്രിതമായ ആഴക്കടല്‍ മത്സ്യബന്ധനപ്രവര്‍ത്തനങ്ങളെത്തുടര്‍ന്ന് ഏതാണ്ട് എല്ലാ പ്രധാന സമുദ്രമേഖലകളിലെയും മത്സ്യസമ്പത്ത് ശുഷ്‌ക്കമായിപ്പോയെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്.ഈ സാഹചര്യത്തിലാണ് ബംഗാള്‍ ഉള്‍ക്കടലിലെയും ഇന്ത്യന്‍ മഹാസമുദ്രത്തിലെയും ശേഷിച്ചിട്ടുള്ള മത്സ്യസമ്പത്തില്‍ ഈ കൂറ്റന്‍ കമ്പനികളുടെ കണ്ണ് പതിഞ്ഞിരിക്കുന്നത്. ഇത് അനുവദിച്ചുകൊടുത്താല്‍ കേരള സമുദ്രത്തതീരത്തെ മത്സ്യസമ്പത്ത് അപ്പാടെ കൊള്ളടയിക്കപ്പെടും. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനം വഴിമുട്ടും. കേരളത്തിലെ തീരദേശഗ്രാമങ്ങളില്‍ പട്ടിണി മരണങ്ങളുണ്ടായേക്കും.

ഈ കരാര്‍ ഒപ്പിടും മുന്‍പ് ഭരണമുന്നണിയില്‍ ചര്‍ച്ച നടത്തിയിട്ടില്ല. പ്രതിപക്ഷ പാര്‍ട്ടികളുമായോ മത്സ്യബന്ധനമേഖലയിലെ സംഘടനകളുമായോ ആലോചിച്ചിട്ടില്ല. ഫിഷറീസ് വകുപ്പുമന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മ 2018 ല്‍ ന്യൂയോര്‍ക്കില്‍ ഇ.എം.സി.സി. പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയോടെയാണ് ഈ ഇടപാടിന് തുടക്കം കുറിച്ചത്. ഈ പദ്ധതി നടപ്പാക്കുന്നതിന് വേണ്ടി പിറ്റേ വര്‍ഷം , അതായത് 2019 ല്‍ മത്സ്യനയത്തില്‍ മാറ്റം വരുത്തി ഫിഷറീസ് നയം പ്രഖ്യാപിച്ചു. പദ്ധതി ആസൂത്രണം ചെയ്ത ശേഷം മത്സ്യനയത്തില്‍ മാറ്റം വരുത്തിയത് സംശയത്തിനിട നല്‍കുന്നു.

അമേരിക്കന്‍ കമ്പനിയായ ഇ.എം.സി.സി. ഇന്റര്‍ നാഷണലിന്റെ സബ്‌സിഡറി കമ്പനിയായ ഇ.എം.സി.സി. ഇന്റര്‍നാഷണല്‍ (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായാണ് കേരളം ധാരണാ പത്രം ഒപ്പിട്ടിരിക്കുന്നത്. ഈ കമ്പനി രണ്ടുവര്‍ഷം മുന്‍പ് മാത്രമാണ് രൂപീകരിച്ചത്. മൂലധനം വെറും 10 ലക്ഷം രൂപ മാത്രം. പിണറായി സര്‍ക്കാരിന്റെ മറ്റു തട്ടിപ്പുകള്‍ പോലെ ഇതിലും താല്‍പര്യപത്രം ക്ഷണിക്കുകയോ ഗ്ലോബല്‍ ടെന്‍ഡര്‍ വിളിക്കുകയോ ചെയ്തിട്ടില്ല.

കരാര്‍ അനുസരിച്ച് 400 അത്യാധുനിക യന്ത്രവല്‍കൃത ട്രോളറുകള്‍ വാങ്ങും. ഓരോന്നിനും വില രണ്ടു കോടി രൂപ.അഞ്ച് മദര്‍ വെസലുകളും വാങ്ങും. അതിന് വില 74 കോടി രൂപ. ഈ ട്രോളറുകള്‍ അടുക്കാന്‍ കേരളത്തിലെ ഹാര്‍ബറുകള്‍ക്ക് സൗകര്യമില്ലാത്തതിനാല്‍ ഇവിടുത്തെ ഹാര്‍ബറുകള്‍ വികസിപ്പിക്കുകയും പുതിയ ഹാര്‍ബറുകള്‍ ഉണ്ടാക്കുകയും ചെയ്യും.

കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ വരുമാനം വര്‍ദ്ധിക്കുമെന്നും വന്‍തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നുമുള്ള മോഹന വാഗ്ദാനങ്ങളാണ് പദ്ധതി മുന്നോട്ടു വയ്ക്കുന്നത്.പക്ഷേ, മത്സ്യസമ്പത്ത് അപ്പാടെ തൂത്തുവാരുന്നതോടെ രണ്ടോ മൂന്നോ വര്‍ഷം കൊണ്ട് നമ്മുടെ മത്സ്യസമ്പത്ത് അപ്പാടെ നശിക്കും. ലോകത്ത് മറ്റെല്ലായിടത്തും സംഭവിച്ചതുപോലെ ഇവിടെയും മത്സ്യമേഖല അപ്പാടെ നശിക്കുകയാവും ചെയ്യുന്നത്.

കേരളത്തിലെ മത്സ്യവിപണ മേഖലയില്‍ ഇതിന്റെ ആഘാതം വലിയ ദുരന്തങ്ങളും, ഭവിഷ്യത്തുകളും ഉണ്ടാക്കും.ആരെ സഹായിക്കാനാണ് ഇത്തരമൊരു വികലമായ പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഇക്കാര്യത്തില്‍ വന്‍ അഴിമതി നടന്നതായി മത്സ്യത്തൊഴിലാളി സംഘടനകള്‍ ഉള്‍പ്പെടെയുള്ളവര്‍ ആരോപണം ഉന്നയിച്ചു കഴിഞ്ഞു. ഇക്കാര്യത്തില്‍ ഇടതു മുന്നണിയിലെ ഘടക കക്ഷികള്‍ നിലപാട് വ്യക്തമാക്കണം.

തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ അമിത് ഷാ ബംഗാളിൽ- ചിത്രങ്ങൾ

കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ വരുമാനവും, കയറ്റുമതിയും വര്‍ദ്ധിപ്പിക്കും എന്ന് തുടങ്ങി പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ പ്രലോഭിപ്പിക്കുന്ന നിരവധി മോഹന വാഗ്ദാനങ്ങള്‍ കമ്പനിയും മുന്നോട്ട് വയ്ക്കുന്നുണ്ട്. ഇതേ ന്യായങ്ങള്‍ തന്നെയാണ് കാര്‍ഷിക നിയമങ്ങള്‍ നടത്താന്‍ മോദി സര്‍ക്കാരും മുന്നോട്ട് വയ്ക്കുന്നത് .കേരളത്തിന്റെ കടലിനെ കൊള്ളയടിക്കാനും മത്സ്യത്തൊഴിലാളികളുടെ ഉപജീവനം തകര്‍ക്കാനുമിടായാക്കുന്ന ഈ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കണം. ഇതിന്റെ പിന്നിലെ അഴിമതിയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെടുന്നു.

ശിവാനി നാരായണിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ

cmsvideo
  NS madhavan criticize e sreedharan

  English summary
  US company signs Rs 5,000 crore deal for deep-sea fishing; Ramesh Chennithala against Govt
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X