ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ പ്രിയപ്പെട്ട ബെന്‍സ് 180 കാര്‍ ഇനി എംഎ യൂസഫലിക്ക്
തിരുവനന്തപുരം: ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ പ്രിയപ്പെട്ട 1955 മോഡല്‍ മെഴ്‌സിഡസ് ബെന്‍സ് 180 കാര്‍ ഇനി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിക്ക്. മുന്‍ ഇളയരാജാവ് അമൂല്യനിധി പോലെ കാത്തുസൂക്ഷിച്ച കാര്‍ എം എ യൂസഫലിക്ക് കൈമാറാനൊരുങ്ങിയിരിക്കുകയാണ് രാജകുടുംബവും ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ഫൗണ്ടേഷനും. പട്ടം കൊട്ടാരത്തിലാണ് നിലവില്‍ കാര്‍ സൂക്ഷിച്ചിരിക്കുന്നത്.
1950 - കളില്‍ 12000 രൂപ നല്‍കിയാണ് ജര്‍മ്മനിയിലെ സ്റ്റുട്ട്ഗര്‍ട്ടില്‍ നിര്‍മിതമായ കാര്‍ തിരുവിതാംകൂര്‍ രാജകുടുംബം സ്വന്തമാക്കിയത്. കര്‍ണാടരകയിലാണ് ഈ കാറിന്റെ രജിസ്‌ട്രേഷന്‍ നടത്തിയത്. സി എ എന്‍ 42 ആണ് നമ്പര്‍. ഒരു മിനിറ്റിനുള്ളില്‍ ഒരു മൈല്‍ വേഗത്തില്‍ യാത്ര നടത്തിയിരുന്ന ഉത്രാടം തിരുനാളിന് 'മൈല്‍ എ മിനിട്ട്' എന്ന വിളിപ്പേര് നേടിക്കൊടുത്തത് ഈ ബെന്‍സായിരുന്നു എന്നാണ് അറിയപ്പെടുന്നത്.

38-ാം വയസ് മുതല്‍ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ സ്വയമോടിച്ചും യാത്രക്കാരനായും 40 ലക്ഷം മൈലുകള്‍ അദ്ദേഹം സഞ്ചരിച്ചു എന്നാണ് കണക്ക്. ഇതില്‍ 23 ലക്ഷം മൈലുകളും ഈ കാറിലാണ് അദ്ദേഹം താണ്ടിയത്. താണ്ടിയ ദൂരം അടയാളപ്പെടുത്തി ബെന്‍സ് കമ്പനി നല്‍കിയ മെഡലുകളും കാറിനു മുന്നില്‍ പതിച്ചിരിക്കുകയാണ്. നേരത്തെ ബെന്‍സിന് മോഹവില നല്‍കി വാങ്ങാന്‍ പല പ്രമുഖരും അക്കാലത്ത് അദ്ദേഹത്തെ സമീപിച്ചിരുന്നതായി വാര്‍ത്തകളുണ്ടായിരുന്നു.
റെക്കോഡ് ദൂരം സഞ്ചരിച്ച ബെന്‍സിനെ അഭിമാനചിഹ്നമായി മാറ്റാന്‍ ബെന്‍സ് കമ്പനിയും ശ്രമിച്ചിരുന്നു. ഈ കാര്‍ തിരിച്ചെടുത്ത് പകരം രണ്ട് പുതിയ കാറുകള്‍ നല്‍കാമെന്നും പറഞ്ഞ് വെസ്റ്റ് ജര്‍മ്മനി ആസ്ഥാനമായുള്ള കമ്പനിയിലെ ഉന്നതര്‍ രാജാവിനെ സമീപിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ കാറിനെ കൈവിടാന്‍ മാര്‍ത്താണ്ഡവര്‍മ ഒരുക്കമായിരുന്നില്ല. വാച്ച് മുതല്‍ 1936-ല്‍ വാങ്ങിയ റോളി ഫ്ളക്സ് ക്യാമറയടക്കമുള്ളവ മാര്‍ത്താണ്ഡ വര്‍മ സൂക്ഷിച്ചിരുന്നു.
എം എ യൂസഫലിയെ അബുദാബിയിലെ വസതിയിലെത്തി മാര്‍ത്താണ്ഡവര്‍മ കൊട്ടാരത്തിലേക്ക് ക്ഷണിച്ചിരുന്നു. 2012 - ല്‍ യൂസഫലി പട്ടം കൊട്ടാരത്തില്‍ എത്തിയപ്പോള്‍ കാര്‍ സമ്മാനിക്കാനുള്ള ആഗ്രഹം അദ്ദേഹം നേരിട്ട് തന്നെ യൂസഫലിയെ അറിയിക്കുകയായിരുന്നു. ഈ ബെന്‍സ് കാര്‍ ഏറെക്കാലമായി മാര്‍ത്താണ്ഡവര്‍മയുടെ മകന്‍ പത്മനാഭവര്‍മയുടെയും ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ഫൗണ്ടേഷന്റെയും സംരക്ഷണയിലാണ്.












Click it and Unblock the Notifications