ഉത്രാടം തിരുന്നാള്‍ മാര്‍ത്താണ്ഡവര്‍മ്മ നാടുനീങ്ങി
തിരുവനന്തപുരം: തിരുവിതാംകൂര്‍ മഹാരാജാവ് ഉത്രാടം തിരുന്നാള്‍ മാര്‍ത്താണ്ഡവര്‍മ്മ(91) നാടുനീങ്ങി. ഡിസംബര്‍ 16ന് പുലര്‍ച്ചെ 2.30ന് ഹൃദയാഘാതത്തെ തുടര്‍ന്ന് എസ് യു ടി ആശുപത്രിയിലായിരുന്നു അന്ത്യം. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് കുറച്ചുനാളായി ചികിത്സയിലായിരുന്നു.
ഭൗതിക ശരീരം രാവിലെ ആറു മണിയോടെ പൊതുദര്‍ശനത്തിനായി കോട്ടയ്ക്കകം ലവി ഹാളിലെത്തിച്ചു. പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഒരു തവണ വലംവച്ചശേഷമാണ് മൃതദേഹം ലവിഹാളിലെത്തിച്ചത്. അന്ത്യകര്‍മങ്ങള്‍ വൈകീട്ട് 2.30ന് കവടിയാര്‍ കൊട്ടാരവളപ്പില്‍ നടക്കും. പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ആറ് വര്‍ഷത്തില്‍ ഒരിയ്ക്കല്‍ മാത്രമുള്ള മുറജപം നടക്കുന്നതിനിടയിലാണ് ഈ ശ്രീപത്മനാഭ ദാസന്റെ വിയോഗം.

തിരുവിതാംകൂറിന്റെ അന്‍മ്പത്തിയഞ്ചാം തന്പുരാനായിരുന്ന ഉത്രാടം തിരുന്നാള്‍ മാര്‍ത്താണ്ഡവര്‍മ്മ കേരള ചരിത്രത്തിന്റെ രണ്ടുകാലഘട്ടങ്ങളെ ബന്ധിപ്പിച്ചിരുന്ന കണ്ണിയാണ്. 1931മുതല്‍1949 വരെ തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ചിത്തിരതിരുനാള്‍ ബാലരാമവര്‍മയുടെ അനുജനാണ് ഉത്രാടം തിരുനാള്‍. 1922 മാര്‍ച്ച് 22ന് മഹാറാണി സേതു ലക്ഷ്മി ഭായുടെയും കിളിമന്നൂര്‍ കൊട്ടാരത്തിലെ രവി വര്‍മ കൊച്ചുകോയി തമ്പുരാന്റെയും മകനായി കവടിയാര്‍ കൊട്ടാരത്തില്‍ ജനിച്ചു.
1991ല്‍ ശ്രീ ചിത്തിരതിരുനാള്‍ മഹാരാജാവ് നാടുനീങ്ങിയതിനെത്തുടര്‍ന്നു ആചാരപരമായി രാജാവിന്റെ സ്ഥാനം ലഭിച്ചത്. തുടര്‍ന്ന് പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ടിന് ശ്രീപത്മനാഭനെ അകംബടി സേവിയ്ക്കുന്നത് ഇദ്ദേഹമായിരുന്നു. ചിത്തിരതിരുനാള്‍ ബാലരാമവര്‍മ തിരുവിതാംകൂര്‍ രാജാവായി വാണിരുന്ന കാലത്ത് തിരുവിതാംകൂറിന്റെ ഇളയരാജാവ് ആയിരുന്നു. ട്രാവന്‍കൂര്‍ വാഴ്‌സിറ്റിയില്‍നിന്ന് (ഇന്നത്തെ കേരള സര്‍വകലാശാല) ഓണേഴ്‌സോടെ ബിരുദം പാസായ ഉത്രാടം തിരുനാള്‍ ലണ്ടനില്‍ ഉന്നത വിദ്യാഭ്യാസം നടത്തി. വ്യവസായ വാണിജ്യമേഖലകളെക്കുറിച്ചു തികഞ്ഞ ധാരണയുണ്ടായിരുന്നു അദ്ദേഹത്തിന്.
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിസംബന്ധിച്ച വാര്‍ത്തകള്‍ക്ക് പിന്നാലെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു. മിതമായ മറുപടികൊണ്ടും മൗനം പാലിച്ചും അദ്ദഹം വിമര്‍ശനങ്ങളെ നേരിട്ടു. രാജഭരണത്തിന്റെ പ്രതാപകാലത്ത് ജനിച്ച, അധികാരം പേറി വളര്‍ന്ന, ജനാധിപത്യത്തിന്റെ കാലത്ത് രാജപദവിയില്‍ ജിവിച്ച മാര്‍ത്താണ്ഡവര്‍മ്മ തമ്പുരാന്‍ വോട്ട് ചെയ്യില്ലെങ്കിലും ജനാധിപത്യത്തോട് നീരസം കാട്ടിയില്ല.












Click it and Unblock the Notifications