യുപിയില്‍ എല്ലാ സർവ്വേകളും ബിജെപിക്കൊപ്പം: എസ്പി സീറ്റുയർത്തും, അധികാരം നേടില്ല
ദില്ലി: കേന്ദ്രഭരണത്തിലേക്കുള്ള പ്രവേശന കവാടമായി കണക്കാക്കപ്പെടുന്ന രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തർപ്രദേശിൽ ഇത്തവണയും ബി ജെ പി സർക്കാർ തന്നെ അധികാരത്തിലെത്തുമെന്ന പ്രവചനങ്ങളാണ് എക്സിറ്റ് പോളുകള്‍ നടത്തുന്നത്. അഖിലേഷ് യാദവ് നേതൃത്വം നല്‍കുന്ന എസ്പി-ആർ എല്‍ ഡി സഖ്യം മികച്ച മത്സരം കാഴ്ചവെക്കുമെങ്കിലും ബി ജെ പിക്ക് അധികാരം ലഭിക്കുമെന്നാണ് ഇതുവരെ പുറത്ത് വന്ന് നാല് സർവ്വേകളും അവകാശപ്പെടുന്നത്. സംസ്ഥാനത്തെ 403 നിയമസഭാ സീറ്റുകളിൽ 232ലും ബി ജെ പി വിജയിച്ചേക്കുമെന്ന് എക്സിറ്റ് പോളുകളുടെ പ്രവചനം.
പ്രചരണ ഘട്ടത്തില്‍ ബി ജെ പിക്ക് വലിയ വെല്ലുവിളി ഉയർത്തിയ അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടി 150 സീറ്റുകൾ നേടിയേക്കും. മായാവതിയുടെ ബഹുജൻ സമാജ് പാർട്ടി 15 സീറ്റുകളും കോൺഗ്രസ് നാല് സീറ്റുകളുമായി അവസാന സ്ഥാനത്തുമാണ്. ഇതുവരെ പുറത്ത് വന്ന ഒരു പ്രവചനവും ബി ജെ പിക്ക് കഴിഞ്ഞ തവണത്തേത് പോലെ 300 ല്‍ കൂടുതല്‍ സീറ്റുകള്‍ പ്രവചിക്കുന്നില്ലെന്നത് ശ്രദ്ധേയമാണ്.

222 മുതല്‍ 260 സീറ്റുവരെ നേടി യോഗി ആദിത്യനാഥിന്റെ ബി ജെ പി സർക്കാർ തുടർ ഭരണം നേടുമെന്നാണ് ഇന്ത്യാ ന്യൂസിന്റെ പ്രവചനം. എസ്പിക്ക് 135 മുതല്‍ 165 വരെ സീറ്റുകള്‍ ലഭിച്ചേക്കും മായാവതിയുടെ ബി എസ് പിക്ക് നാല് മുതല്‍ ഒമ്പത് വരെ സീറ്റുകള്‍ ലഭിക്കുമ്പോള്‍ കോണ്‍ഗ്രസിന് 1 മുതല്‍ 3 വരെ സീറ്റുകളാണ് പ്രവചിക്കുന്നത്. ന്യൂസ് എക്സും ടിവി9 മറാത്തിയുമാണ് യുപിയില്‍ ബി ജെ പിക്ക് ഏറ്റവും കുറവ് സീറ്റുകള്‍ പ്രവചിക്കുന്നത്. രണ്ട് സർവ്വേകളും ബിജെപിക്ക് 211-225 സീറ്റുകളും എസ് പിക്ക് 146-160 സീറ്റുകളുമാണ് പ്രവചിക്കുന്നത്.
ന്യൂസ് 18 പഞ്ചാബ്-പി മാർക്യൂ സർവ്വേ പ്രകാരം ബിജെപി 240, കോണ്‍ഗ്രസ് 4, എസ്പി -140, ബി എസ് പി -17 എന്നാണ് പ്രവചനം. ബി ജെ പിക്ക് 230 മുതല്‍ 245 വരെ സീറ്റുകളാണ് ഇ ടി ജി റിസർച്ചിന്റെ പ്രവചനത്തില്‍ അവകാശപ്പെടുന്നത്. കോണ്‍ഗ്രസിന് രണ്ട് മുതല്‍ ആറ് വരെ സീറ്റുകള്‍ ലഭിച്ചേക്കാം. എസ്പി 150 മുതല്‍ 165 വരെ സീറ്റുകള്‍ നേടി പ്രധാന പ്രതിപക്ഷമായി ഉയരുമ്പോള്‍ ബി എസ് പി 5 മുതല്‍ 10 വരെ സീറ്റില്‍ ഒതുങ്ങും.












Click it and Unblock the Notifications