കേസില്ല, കോടതിയില്ല... ഉദ്യോഗസ്ഥര്‍ തീരുമാനിക്കുന്നു... ബിജെപി ഭരണത്തെ കുറിച്ച് എംഎ ബേബി
തിരുവനന്തപുരം: ഉത്തര്‍ പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ ബുള്‍ഡോസര്‍ നയത്തെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന സിപിഎം നേതാവ് എംഎ ബേബി. പ്രവാചകനെ നിന്ദിച്ചതിനെതിരെ പ്രതിഷേധിച്ചവരുടെ വീടുകളും സ്ഥാപനങ്ങളും ബുള്‍ഡോസര്‍ ഉപയോഗിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തകര്‍ത്ത സംഭവത്തിലാണ് ബേബിയുടെ പ്രതികരണം. കേസും കോടതിയും വാദവുമൊന്നുമില്ല, കുറ്റവാളികളാണെന്ന് ഉദ്യോഗസ്ഥര്‍ വിധിക്കുകയും ശിക്ഷ നടപ്പാക്കുകയും ചെയ്യുന്ന രീതി അത്യന്തം ഗുരുതരമാണെന്ന് ബേബി ഓര്‍പ്പിക്കുന്നു.
സമൂഹത്തില്‍ വിഭജനമുണ്ടാക്കാനാണ് ആര്‍എസ്എസും അനുബന്ധ സംഘടനകളും ശ്രമിക്കുന്നത്. ഇതിനെതിരെ ജനാധിപത്യവാദികള്‍ ഒരുമിച്ച് നിന്നില്ലെങ്കില്‍ രാജ്യം വലിയ അപകടത്തിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പും ബേബി നല്‍കുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ....

ജനാധിപത്യത്തെ ബുള്‍ഡോസര്‍ ചെയ്യുന്ന ബിജെപി.
ഉത്തര്‍പ്രദേശിലെ സഹാറന്‍പുറില്‍ 'സാമൂഹ്യവിരുദ്ധരുടെ' എന്ന് ആരോപിച്ച് വീടുകള്‍ ബുള്‍ഡോസര്‍ ഇറക്കി ഇടിച്ചു നിരത്തുകയാണ് യുപി പോലീസ്. കേസില്ല, വാദമില്ല, വക്കീല്‍ ഇല്ല, കോടതി ഇല്ല! കുറ്റവാളി എന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തീരുമാനിക്കുന്നു, പൊലീസ് വീട് ഇടിച്ചു നിരത്തിക്കൊണ്ട് ഉടനടി ശിക്ഷ നടപ്പാക്കുന്നു. പ്രവാചകന്‍ മുഹമ്മദ് നബിയെ സാമുഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച ബിജെപി നേതാക്കളുടെ പ്രസ്താവനയില്‍ പ്രതിഷേധിക്കുന്നതിന് നേതൃത്വം കൊടുത്തവരുടെ വീടുകള്‍ ആണ് ഇടിച്ചു നിരത്തുന്നത്. കാണ്‍പൂരിലും ഒരു വീട് ബുള്‍ഡോസര്‍ പ്രയോഗത്തിനിരയായി.
റാഞ്ചിയില്‍ പ്രതിഷേധത്തിനുനേരെ നടന്ന വെടിവെപ്പില്‍ രണ്ടു പേര്‍ മരിച്ചു. പശ്ചിമ ബംഗാളിലെ ഹൗറയിലും തെലങ്കാനയിലെ ഹൈദരാബാദിലും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
മുഹമ്മദ് നബിയെ നിന്ദിക്കുന്ന പ്രസ്താവനയുടെ പേരില്‍ ഉണ്ടായ പ്രശ്‌നങ്ങളെ വലിയ വര്‍ഗീയ സംഘര്‍ഷത്തില്‍ എത്തിക്കാനും അതുവഴി സമൂഹത്തില്‍ വര്‍ഗീയ വിഭജനം ഉണ്ടാക്കി രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനുമാണ് ആര്‍എസ്എസും അതിന്റെ സംഘടനകളും ശ്രമിക്കുന്നത്. ഇന്ത്യയിലെ ജനാധിപത്യ വാദികളെല്ലാം ഈ കുത്സിത നീക്കത്തിനെതിരെ ഒരുമിച്ചു നിന്നില്ല എങ്കില്‍ രാജ്യം നീങ്ങുന്നത് വലിയ അപകടത്തിലേക്കാവും.












Click it and Unblock the Notifications