കോണ്‍ഗ്രസ് പാർട്ടി തന്നെ പുറത്താക്കണമേയെന്നാണ് പ്രാർത്ഥന: ആരോപണങ്ങള്‍ക്ക് മറുപടിയുമായി റാവത്ത്
ദില്ലി: അടുത്തിടെ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ പണം വാങ്ങി പാർട്ടി ടിക്കറ്റുകള്‍ വിറ്റുവെന്ന ആരോപണത്തില്‍ മറുപടിയുമായി എ ഐ സി സി ജനറല്‍ സെക്രട്ടറിയും ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത്. ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞാൽ പാർട്ടി തന്നെ പുറത്താക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി, പ്രാദേശിക പാര്‍ട്ടി നേതാവ്, പാര്‍ട്ടി ജനറല്‍ സെക്രട്ടറി, വര്‍ക്കിംഗ് കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ച വ്യക്തിക്കെതിരെയാണ് ഇത്തരമൊരു ആരോപണം ഉയർന്ന് വന്നിരിക്കുന്നത്. ഇത് വളരെ ഗൌരവുമുള്ള കാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
" എനിക്കെതിരെയുള്ള ഈ ആരോപണങ്ങളുടെ വെളിച്ചത്തിൽ കോൺഗ്രസ് എന്നെ പുറത്താക്കണമെന്ന് ഞാന്‍ ദൈവത്തോട് പ്രാർത്ഥിക്കുകയാണ്. തിന്മകളെ ഇല്ലായ്മ ചെയ്യുന്നതിന്റെ ശരിയായ ആഘോഷമാണ് ഹോളി, അതോടൊപ്പം തന്നെ ഹരീഷ് റാവത്തെന്ന തിന്മയും ഈ ഹോളി അവസരത്തില്‍ കോൺഗ്രസ് കത്തിച്ചുകളയണം," അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഞാന്‍ പാർട്ടി ടിക്കറ്റ് വിറ്റ് പണത്തിന് വേണ്ടി പ്രവർത്തിച്ചുവെന്ന് 'പ്രധാന സ്ഥാനത്തുള്ള ഒരാൾ' ആരോപിച്ചു, ഇവ ഉത്തരാഖണ്ഡിൽ കോൺഗ്രസിന്റെ പരാജയത്തിന് കാരണമായെന്നും അദ്ദേഹം പറയുന്നു. വളരെ പ്രധാനപ്പെട്ട സ്ഥാനത്തുള്ള ആ വ്യക്തിയും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും ചേർന്നാണ് ആരോപണങ്ങൾ പുറപ്പെടുവിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതെന്നും ഹരീഷ് റാവത്ത് വ്യക്തമാക്കുന്നു.

അടുത്തിടെ സമാപിച്ച ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രചാരണത്തിന് നേതൃത്വം നൽകിയ ഹരീഷ് റാവത്ത് ലാൽകുവയിൽ നിന്ന് ബി ജെ പിയുടെ മോഹൻ സിംഗ് ബിഷ്ടിനോട് 17,527 വോട്ടുകൾക്ക് പരാജയപ്പെട്ടിരുന്നു. മുമ്പ് മൂന്ന് തവണ നിയമസഭ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട നേതാവ് കൂടിയായ ഹരീഷ് റാവത്തിന്റെ കീഴില്‍ പാർട്ടി പ്രചരണം നടത്തുന്നതില്‍ കോണ്‍ഗ്രസിന് അകത്ത് നിന്ന് തന്നെ വലിയ എതിർപ്പ് ഉയർന്നിരുന്നു. ടിക്കറ്റ് വീതം വെയപ്പിന്റെ കാര്യത്തിലുള്ള തർക്കങ്ങള്‍ക്കും ഒട്ടും കുറവുണ്ടായിരുന്നില്ല.
പാർട്ടിയെ വിജയത്തിലേക്ക് നയിക്കുന്നതിൽ പരാജയപ്പെട്ടതിൽ ഞായറാഴ്ച റാവത്ത് ദുഃഖം പ്രകടിപ്പിച്ചിരുന്നു. തന്നിൽ വിശ്വാസം അർപ്പിച്ച പാർട്ടി നേതൃത്വത്തിന്റെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ തനിക്ക് കഴിഞ്ഞില്ലെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. "സോണിയാ ഗാന്ധി എന്നിൽ അത്രമാത്രം വിശ്വാസമുണ്ടായിരുന്നു. കോൺഗ്രസിലെ എല്ലാ ഉന്നത നേതാക്കൾക്കും എന്നിൽ അത്രയേറെ വിശ്വാസമുണ്ടായിരുന്നു. കോൺഗ്രസിനെ വീണ്ടും അധികാരത്തിലെത്തിക്കുമെന്ന് അവരെല്ലാം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അധിന് സാധിച്ചില്ല. എന്റെ ഭാഗത്ത് എന്തെങ്കിലും പോരായ്മകൾ ഉണ്ടായിട്ടുണ്ടാകണം. അവരുടെ പ്രതീക്ഷകൾ നിറവേറ്റാൻ എനിക്ക് കഴിഞ്ഞില്ല, " എന്നായിരുന്നു റാവത്ത് ഫേസ്ബുക്കില്‍ കുറിച്ചത്.












Click it and Unblock the Notifications