'നാട് മഴക്കെടുതിയിൽ വലയുന്നു, മുഖ്യൻ വിരുന്നുണ്ണുന്ന തിരക്കിൽ';വിഡി സതീശന് രൂക്ഷവിമർശനം
സംസ്ഥാനം മഴക്കെടുതിയിൽ വലയുന്നതിനിടയിൽ മുഖ്യമന്ത്രി വി ഡി സതീശന്‍ പൊന്നാനിയിൽ വിരുന്നിൽ പങ്കെടുത്ത സംഭവത്തിൽ വിമർശനം. മുസ്‌ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഫൈസല്‍ ബഫാഖി തങ്ങളുടെ വീട്ടിലാണ് സതീശനെത്തിയത്. വീട്ടിലെത്തി മുഖ്യമന്ത്രി ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങൾ ഫൈസല്‍ ബാഫഖി തങ്ങള്‍ തന്നെയാണ് പങ്കുവെച്ചത്. ഇതിന് താഴെ നിരവധി പേരാണ് വിമർശനം ഉയർത്തിയത്. പിന്നാലെ പ്രതിപക്ഷവും മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തി.
നാട് മുഴുവൻ ഭീതിയിലും ആശങ്കയിലും കഴിയുമ്പോൾ, ഔദ്യോഗിക ഉത്തരവാദിത്വങ്ങളെക്കാൾ വ്യക്തിപരമായ താല്പര്യങ്ങൾക്കും സൽക്കാരങ്ങൾക്കും പ്രാധാന്യം നൽകിയ ഈ നടപടി തികച്ചും അനവസരത്തിലുള്ളതും ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന എഎ റഹീം വിമർശിച്ചു. ' ആദ്യം അവിശ്വസനീയമായി തോന്നിയ ദൃശ്യങ്ങളാണ്. പിന്നെ ഉറപ്പ് വരുത്തി.വിവിധ ജില്ലകളിലെ ആയിരക്കണക്കിന് നമ്മുടെ സഹോദരങ്ങൾ ദുരന്തത്തിൽപ്പെട്ട് പ്രയാസം അനുഭവിക്കുമ്പോൾ നമ്മുടെ മുഖ്യമന്ത്രി ചിലവഴിച്ച നിമിഷങ്ങൾ തന്നെയാണ്!!!

സംസ്ഥാനം അതീവ ഗുരുതരമായ ഒരു പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ ജനങ്ങൾക്ക് ആത്മവിശ്വാസം പകരേണ്ടത് ഭരണാധികാരികളുടെ പ്രാഥമിക കടമയാണ്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ചെയർമാൻ കൂടിയായ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി എന്ന നിലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ കൃത്യമായും കാര്യക്ഷമമായും ഏകോപിപ്പിക്കേണ്ട അടിയന്തര സാഹചര്യമാണിത്.
എന്നാൽ, ഈ ഔദ്യോഗിക ഉത്തരവാദിത്തങ്ങളെല്ലാം മാറ്റിവെച്ച്, മലപ്പുറം പൊന്നാനിയിലെ ഒരു യൂത്ത് ലീഗ് നേതാവിന്റെ വീട്ടിൽ അതിഥിയായി എത്തി വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ച് മുഖ്യമന്ത്രി ശ്രീ വി ഡി സതീശൻ സമയം ചെലവഴിക്കുന്നത് തികച്ചും അനുചിതവും അനവസരത്തിലുമായിപ്പോയി.
നാട് മുഴുവൻ ഭീതിയിലും ആശങ്കയിലും കഴിയുമ്പോൾ, ഔദ്യോഗിക ഉത്തരവാദിത്വങ്ങളെക്കാൾ വ്യക്തിപരമായ താല്പര്യങ്ങൾക്കും സൽക്കാരങ്ങൾക്കും പ്രാധാന്യം നൽകിയ ഈ നടപടി തികച്ചും അനവസരത്തിലുള്ളതും ജനങ്ങളോടുള്ള വെല്ലുവിളിയുമാണ്. അടിയന്തിരമായി മറ്റെല്ലാ പരിപാടികളും മാറ്റിവച്ചു ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മുഖ്യമന്ത്രി തയ്യാറാകണം',റഹീം പറഞ്ഞു.
'അന്ന് മുഖ്യമന്ത്രി മുൻ നിശ്ചയിച്ച പരിപാടികളെല്ലാം ക്യാൻസൽ ചെയ്തു. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനത്തിന് നേരിട്ട് നേതൃത്വം നൽകുന്നു.മന്ത്രിമാരോട് അവർക്ക് ചുമതലയുള്ള ജില്ലകളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ നിർദ്ദേശം നൽകി.
ഇന്ന് ആ ലെഗ് പീസ് ഇങ്ങെടുക്ക്',എന്നാണ് മുൻ എംഎൽഎ വികെ പ്രശാന്ത് പരിഹസിച്ചത്. അതേസമയം വിവാദത്തിൽ ഇതുവരെ വിഡി സതീശനോ മറ്റ് യു.ഡി.എഫ് നേതാക്കളോ പ്രതികരിച്ചിട്ടില്ല.


Click it and Unblock the Notifications